കൊച്ചി പിടിച്ചടക്കാന്‍ കാര്‍ലോസ് പട

Posted on: October 18, 2015 12:09 am | Last updated: October 18, 2015 at 3:51 pm
SHARE

chn-isl carloseകൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നാലാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് സ്വന്തം തട്ടകത്തില്‍ ബ്രസീല്‍ സൂപ്പര്‍ താരം റോബര്‍ട്ടോ കാര്‍ലോസിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി ഡൈനാമോസുമായി ഏറ്റുമുട്ടും. വൈകിട്ട് 7ന് കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലാണ് കിക്കോഫ്. ഇതുവരെ മൂന്ന് മത്സരങ്ങള്‍ കളിച്ച ബ്ലാസ്‌റ്റേഴ്‌സിന് ആദ്യ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ മാത്രമേ വിജയിക്കാന്‍ കഴിഞ്ഞുള്ളൂ. രണ്ടാം മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സിയോട് ഗോള്‍രഹിത സമനില വഴങ്ങി. ഇന്ന് ജയിക്കാന്‍ കഴിഞ്ഞാല്‍ 7 പോയിന്റുമായി അത്‌ലറ്റികോ ഡി കൊല്‍ക്കത്തക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തേക്കെത്തുകയും ചെയ്യാം.
കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്തയോട് തോറ്റതിന്റെ ക്ഷീണവുമായാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങുന്നത്. എങ്കിലും അവസാന മിനിറ്റുകളില്‍ കൊല്‍ക്കത്തയെ വിറപ്പിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസം ബ്ലാസ്‌റ്റേഴ്‌സ് നിരക്കുണ്ട്. തുടക്കത്തില്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞ് കളിച്ചതായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായത്. ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ ക്യാമ്പിലായിരുന്ന പ്രതിരോധനിരയിലെ ഇന്ത്യന്‍ സൂപ്പര്‍താരം സന്ദേശ് ജിംഗാന്റെയും മധ്യനിരതാരം കാവിന്‍ ലോബോയുടെയും വരവ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. ഇന്ന് വിനീത് മധ്യനിരയിലായിരിക്കും ഇറങ്ങുക. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന പോര്‍ച്ചുഗീസ് മാര്‍ക്വീ താരം കാര്‍ലോസ് മര്‍ച്ചേന പകരക്കാരനായെങ്കിലും ഇന്ന് കളത്തിലിറങ്ങാന്‍ സാധ്യതയുണ്ട്. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ രണ്ട് മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായ മിഡ്ഫീല്‍ഡര്‍ മെഹ്താബ് ഹുസൈന് കളിക്കാനാവില്ല. കഴിഞ്ഞ മത്സരത്തില്‍ കളിച്ച ശങ്കര്‍ സംപിംഗിരാജിന് പകരം വിനീതും മെഹ്താബ് ഹുസൈന് പകരം കാവിന്‍ ലോബോയും കളത്തിലിറങ്ങിയേക്കും. പകരക്കാരായി ജോവോ കോയിമ്പ്ര, അന്റോണിയോ ജര്‍മ്മന്‍, ഇഷ്ഫഖ് അഹമ്മദ് തുടങ്ങിയവരും. പ്രതിരോധം സന്ദേശ് ജിംഗാന്റെ നേതൃത്വത്തിലായിരിക്കും.
ആദ്യ മത്സരത്തില്‍ എഫ്‌സി ഗോവയോട് തോറ്റെങ്കിലും പിന്നീടുള്ള രണ്ട് മത്സരങ്ങളിലും വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഡല്‍ഹി ഡൈനാമോസ്. സൂപ്പര്‍ പരിവേഷമുള്ള ബ്രസീലിയന്‍ ഇതിഹാസം റോബര്‍ട്ടോ കാര്‍ലോസായിരിക്കും ഇന്നത്തെ മുഖ്യ ആകര്‍ഷണം. കളിക്കാരനായും കോച്ചായുമാണ് കാര്‍ലോസ് ഡൈനാമോസിനൊപ്പം എത്തിയിട്ടുള്ളത്. ആദ്യ മത്സരത്തില്‍ പകരക്കാരനായി കളത്തിലിറങ്ങിയെങ്കിലും തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളില്‍ കോച്ചിന്റെ മാത്രം റോളിലായിരുന്നു. എന്നാല്‍ ഇന്ന് കാര്‍ലോസിന്റെ കിടിലിന്‍ ഫ്രീകിക്ക് കൊച്ചിയില്‍ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. കഴിഞ്ഞ മത്സരത്തില്‍ ഗോള്‍ നേടിയ ഇന്ത്യന്‍ താരം റോബിന്‍സിംഗ് ഇന്നും ഫ്‌ളോറന്റ് മലൂദക്കൊപ്പം ആദ്യ ഇലവനില്‍ ഇടംപിടിക്കുമെന്ന് ഉറപ്പാണ്.
കഴിഞ്ഞ വര്‍ഷം ഇരുടീമുകളും കൊച്ചിയില്‍ ഏറ്റുമുട്ടിയപ്പോള്‍ ഗോള്‍രഹിത സമനിലയായിരുന്നു ഫലം. ദല്‍ഹിയില്‍ നടന്ന കളിയില്‍ ബ്ലാസ്‌റ്റേഴ്‌സിനായിരുന്നു വിജയം. ഐ എസ് എല്‍ ഇതുവരെ നടന്ന മത്സരങ്ങളിലേതിനേക്കാള്‍ റെക്കോര്‍ഡ് കാണികളെയാണ് ഇന്നത്തെ മത്സരത്തിന് പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here