ദുബൈ ഫ്രൈമിന്റെ മേല്‍പാലം ഉയര്‍ത്തി തുടങ്ങി

Posted on: October 16, 2015 6:41 pm | Last updated: October 16, 2015 at 6:41 pm
SHARE

ദുബൈ: നഗര കാഴ്ചക്ക് വേദിയാകാനിരിക്കുന്ന നഗരസഭയുടെ അഭിമാന പദ്ധതിയായ ‘ദുബൈ ഫ്രൈം’ അന്തിമഘട്ടത്തിലേക്ക്. പദ്ധതിയുടെ അവസാനഘട്ടമായ മേല്‍പാലം സ്ഥാപിക്കുന്ന ജോലികള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചു. ഫ്രൈമിന്റെ മേല്‍പാലം ഉയര്‍ത്തുന്ന ജോലിയുടെ ഉദ്ഘാടനം ദുബൈ നഗരസഭാ ഡയറക്ടര്‍ ജനറല്‍ എഞ്ചി. ഹുസൈന്‍ നാസര്‍ ലൂതാ കഴിഞ്ഞ ദിവസം നിര്‍വഹിച്ചു.
150 മീറ്റര്‍ ഉയരത്തില്‍ മേല്‍പാലം സ്ഥാപിക്കാനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. അടുത്ത ഞായറാഴ്ചയോടെ മേല്‍പാലം ഉയര്‍ത്തുന്ന ജോലി പൂര്‍ത്തിയാകുമെന്ന് നഗരസഭാവൃത്തങ്ങള്‍ അറിയിച്ചു. 75 മീറ്റര്‍ നീളവും 1,000 ടണ്‍ ഭാരവുമുള്ള മേല്‍പാലമാണ് 150 മീറ്റര്‍ ഉയരത്തില്‍ എത്തിച്ച് നേരത്തെ ഉണ്ടാക്കിയ തൂണുകളില്‍ സ്ഥാപിക്കുന്നത്. ഒരു ഭാഗത്ത് ഡൗണ്‍ ടൗണ്‍ ഉള്‍പെടെയുള്ള ദുബൈയുടെ ആധുനിക മുഖവും മറുഭാഗത്ത് ദുബൈയുടെ പൗരാണികതകള്‍ നിലനില്‍ക്കുന്ന റാശിദ് പോര്‍ട്ട്, ഹെറിറ്റേജ് വില്ലേജ്, കറാമ, ദേര തുടങ്ങിയവയും കാണാവുന്ന നഗരസഭയുടെ ‘ഐക്കണ്‍ പദ്ധതി’യായ ദുബൈ ഫ്രൈമിന്റെ നിര്‍മാണ ചെലവ് 1.6 കോടി ദിര്‍ഹമാണ്.
സഅ്ബീല്‍ പാര്‍ക്കിന്റെ സ്റ്റാര്‍ ഗൈറ്റിന്റെ അടുത്തായി പൂര്‍ത്തിയാകുന്ന പദ്ധതി വിനോദസഞ്ചാരികള്‍ക്കും മറ്റും പുതിയ അനുഭവം സമ്മാനിക്കുമെന്ന് നഗരസഭാധികൃതര്‍ അറിയിച്ചു. ദുബൈ ഫ്രൈമിനകത്ത് ദുബൈയുടെസര്‍വ മേഖലയിലെയും കുതിച്ചുചാട്ടത്തിന്റെ ചരിത്രം പറയുന്ന മ്യൂസിയം സംവിധാനിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here