താത്കാലിക താമസസൗകര്യം നിര്‍ത്തലാക്കുന്നതായി ഇരകള്‍ക്ക് റെഡ് ക്രസന്റിന്റെ അറിയിപ്പ്‌

Posted on: October 14, 2015 6:00 pm | Last updated: October 14, 2015 at 6:14 pm
SHARE

ഷാര്‍ജ: അല്‍ നാസര്‍ ടവറില്‍ കഴിഞ്ഞയാഴ്ചയുണ്ടായ വന്‍ തീപിടുത്തത്തില്‍ കിടപ്പാടം നഷ്ടപ്പെട്ടവരുടെ ദുരിതങ്ങള്‍ക്ക് അറുതിയായില്ല. ദുരിതത്തിനിരയായ 150 കുടുംബങ്ങള്‍ക്ക് റെഡ് ക്രസന്റിന്റെ ഷാര്‍ജ ശാഖ താത്കാലിക താമസ സൗകര്യം ചെയ്തുകൊടുത്തിരുന്നു. ഷാര്‍ജയിലെ വിവിധ ഹോട്ടലുകളിലും അപാര്‍ട്‌മെന്റുകളിലുമായിരുന്നു സൗകര്യമൊരുക്കിയിരുന്നത്.
150 കുടുംബങ്ങള്‍ക്ക് താമസ സൗകര്യത്തിന് പുറമെ രണ്ടുനേരത്തെ ഭക്ഷണവും റെഡ് ക്രസന്റ് അധികൃതര്‍ ഏര്‍പാടാക്കിയിരുന്നു. എന്നാല്‍ റെഡ് ക്രസന്റിന് നല്‍കാവുന്ന അടിയന്തര സഹായത്തിന്റെ പരിധി കഴിഞ്ഞതിനാല്‍ തുടര്‍ന്നുള്ള താമസത്തിന് സംവിധാനം കാണാന്‍ തീപിടുത്തത്തിലെ ഇരകളോട് റെഡ് ക്രസന്റ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. തീപിടുത്തം പോലെയുള്ള ദുരന്തങ്ങളില്‍ പെടുന്നവര്‍ക്ക് സാധാരണ ഗതിയില്‍ അടിയന്തരമായി നല്‍കാറുള്ള സഹായ പരിധി രണ്ടോ മൂന്നോ ദിവസമാണ്. എന്നാല്‍ തീപിടുത്തമുണ്ടായ അല്‍ നാസര്‍ ടവറിലെ 150 കുടുംബങ്ങള്‍ക്ക് 10 ദിവസത്തിലധികം താമസവും മറ്റു അത്യാവശ്യ സൗകര്യങ്ങളും ചെയ്തുകൊടുത്തു, ഷാര്‍ജ റെഡ് ക്രസന്റ് ഡയറക്ടര്‍ ഖമീസ് അല്‍ സുവൈദി വ്യക്തമാക്കി. പബ്ലിക് പ്രോസിക്യൂഷനോ ബന്ധപ്പെട്ട മറ്റു വിഭാഗങ്ങളുമായോ സമീപിച്ച് പ്രശ്‌നങ്ങള്‍ പെട്ടെന്ന് തീര്‍ക്കേണ്ടതായിരുന്നു. അനിശ്ചിതത്വം തുടരുന്നുണ്ടെങ്കിലും ഞങ്ങള്‍ക്ക് നല്‍കാവുന്ന പരിധിക്കപ്പുറമാണ് 150 കുടുംബങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്, അല്‍ സുവൈദി വ്യക്തമാക്കി.
ഈ സാഹചര്യത്തില്‍ ഹോട്ടലുകളിലും മറ്റും താമസിക്കുന്ന കുടുംബങ്ങള്‍ തങ്ങളുടെ തുടര്‍ന്നുള്ള താമസത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കണമെന്ന് അറിയിപ്പ് നല്‍കിയിട്ടുണ്ട്, അല്‍ സുവൈദി പറഞ്ഞു. കെട്ടിടത്തിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. അതിനിടെ കെട്ടിടത്തിലെ സുരക്ഷാ സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമായിരുന്നില്ലെന്നും ഇത് തീപിടുത്തം ഗൗരവതരമാകാന്‍ ഇടയാക്കിയതായും പരാതിയുയര്‍ന്നിട്ടുണ്ട്.
സിവില്‍ ഡിഫന്‍സ് വിഭാഗത്തിന്റെ അന്വേഷണം ഈ വഴിക്കും നീങ്ങുന്നുണ്ട്. ഇത് ശരിയാണെന്ന് ബോധ്യപ്പെടുന്ന പക്ഷം, കെട്ടിടത്തില സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സ്ഥാപനത്തിനെതിരെ കടുത്ത നടപടിയുണ്ടായേക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.