യു ഡി എഫ് തര്‍ക്കമുള്ളിടത് ഇടതുപക്ഷം ഗുണപരമായ തീരുമാനമെടുക്കും: എ വിജയരാഘവന്‍

Posted on: October 14, 2015 11:27 am | Last updated: October 14, 2015 at 11:27 am
SHARE

മലപ്പുറം: കോണ്‍ഗ്രസ്- ലീഗ് തര്‍ക്കമുള്ളിടത്ത് ഇടതുപക്ഷത്തിന് വല്ല ഗുണവുമുണ്ടാകുമെങ്കില്‍ അതിനാവശ്യമായ ഇടപെടലുകള്‍ നടത്തുമെന്ന് സി പി എം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവന്‍.
മലപ്പുറം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും സി പി എം പ്രവര്‍ത്തകര്‍ തന്നെ മത്സരിക്കണമെന്ന വാശിയില്ല. മിക്ക സീറ്റിലും സ്വതന്ത്രന്‍മാരാണ് മത്സരിക്കുന്നത്. ഒന്നിക്കാവുന്നവരുമായി യോജിച്ച് പ്രവര്‍ത്തിക്കും. നിലമ്പൂരിലെ സി പി എം വിമതര്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ദോഷമുണ്ടാക്കില്ല. അവര്‍ക്കെതിരെ പാര്‍ട്ടി ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 1995ലാണ് ഇടതുപക്ഷത്തിന് ഏറ്റവും മികച്ച വിജയം മലപ്പുറത്തുണ്ടായത്. ഇതിനേക്കാള്‍ വലിയ വിജയമായിരിക്കും ഇത്തവണയുണ്ടാകാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ് എന്‍ ഡി പി -ബി ജെ പി സഖ്യത്തെ ഗൗരവത്തോടെയാണ് കാണുന്നത്. എസ് എന്‍ ഡി പിയിലെ സമ്പന്ന വിഭാഗം ബി ജെ പിയെ കേരളത്തില്‍ വേരുറപ്പിക്കാന്‍ വിട്ടുകൊടുക്കുകയാണ്. കമ്മ്യൂണിസ്റ്റ് വിരുദ്ധ ആശയ പ്രചാരണങ്ങളുടെ പരിസമാപ്തി കൂടിയായിരിക്കും തദ്ദേശ തിരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. മാറിവരുന്ന രാഷ്ട്രീയ പശ്ചാലത്തിന്റെ പ്രതിഫലനം തിരഞ്ഞെടുപ്പിലുണ്ടാകും. കേന്ദ്രത്തിലെ അധികാരമാറ്റത്തിലൂടെ തീവ്രഹിന്ദുത്വ പ്രദര്‍ശനങ്ങള്‍ പൊതുജീവിതത്തിലേക്ക് ഒളിച്ച് കടത്തപ്പെടുകയാണ്.
ഭക്ഷണത്തില്‍ പോലും ഈ നിലപാടുകളാണുള്ളത്. കായികമായി കടന്നാക്രമിക്കുന്ന തരത്തിലുളള സാംസ്‌കാരിക ശൂന്യത സമകാലിക ജീവിതത്തിന് കളങ്കമാണ്. തീവ്രഹിന്ദുത്വ നിലപാടുകളോട് ഭരണകൂടം നിശബ്ദമാകുന്നത് ആശങ്കാജനകമാണ്. പൗരാവകാശം ലംഘിക്കപ്പെടുന്നു. തൊഴില്‍, സാമൂഹിക സുരക്ഷ എന്നിവ നഷ്ടമാകുന്നത് 45 ശതമാനത്തിലേറെ വരുന്ന മതന്യൂനപക്ഷങ്ങളുള്ള കേരളത്തെയാണ് കൂടുതല്‍ ബാധിക്കുക. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മോദിയുടെ നയങ്ങളെ പിന്താങ്ങുകയാണ്. കൃത്യമായ നിലപാട് സ്വീകരിക്കാന്‍ കഴിയാതെ മൃദു ഹിന്ദുത്വത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയ വിരുദ്ധ നിലപാടികള്‍ കൃത്യമായി സ്വീകരിച്ചത് ഇടതുപക്ഷമാണെന്നും ഇത് കരുത്തോടെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.