ഗുലാം അലിയുടെ സംഗീത നിശയുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

Posted on: October 11, 2015 11:44 pm | Last updated: October 11, 2015 at 11:44 pm
SHARE

gulam aliലക്‌നോ: ഡല്‍ഹി സര്‍ക്കാറിന് പിന്നാലെ ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ സംഗീത നിശയുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ലക്‌നൗവില്‍ ഇന്ന് ഗുലാം അലി പാടുമെന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ് അറിയിച്ചു. ഗുലാം അലിയെ ലക്‌നൗവില്‍ സ്വീകരിക്കുന്ന ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് അഖിലേഷ് ഇക്കാര്യം അറിയിച്ചത്.
ശിവസേനയുടെ എതിര്‍പ്പിനേതുടര്‍ന്ന് ഗുലാം അലി യുടെ മുംബൈയിലെ സംഗീത പരിപാടി റദ്ദാക്കിയിരുന്നു. വെള്ളിയാഴ്ച മുംബൈ മാട്ടുംഗയിലെ ഷണ്മുഖാനന്ദ ഹാളില്‍ നടത്താനിരുന്ന പരിപാടിയാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. അന്തരിച്ച പ്രശസ്ത ഗസല്‍ ഗായകന്‍ ജഗ്ജിത് സിംഗിനോടുള്ള സ്മരണാര്‍ഥമാണ് പരിപാടി സംഘടിപ്പിച്ചത്.
എന്നാല്‍, ശിവസേനയുടെ ഭീഷണിയെ തുടര്‍ന്ന് പിന്മാറുകയായിരുന്നു. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാനുമായി യാതൊരുതരത്തിലുള്ള സാംസ്‌കാരികബന്ധത്തിനും തയ്യാറല്ലെന്നുപറഞ്ഞാണ് പരിപാടിക്കെതിരെ ശിവ സേന രംഗത്തിറങ്ങിയത്.
ഇതിന് പിന്നാലെ ഡല്‍ഹിയിലെ കെജ്‌രിവാള്‍ സര്‍ക്കാര്‍ ഗുലാം അലിയെ ഡല്‍ഹിയിലേക്ക് ക്ഷണിച്ചിരുന്നു. വരുന്ന ഡിസംബറില്‍ പരിപാടി നടത്താനാണ് തീരുമാനം. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ക്ഷണിച്ചിട്ടുണ്ട്.