കല്‍ബുര്‍ഗി വധം: യുവ എഴുത്തുകാര്‍ അവാര്‍ഡുകള്‍ തിരിച്ചുനല്‍കി

Posted on: October 4, 2015 12:45 am | Last updated: October 4, 2015 at 12:45 am

ബെംഗളൂരു: ഹിന്ദുത്വ സംഘടനകളുടെ രൂക്ഷവിമര്‍ശകനായിരുന്ന കന്നഡ എഴുത്തുകാരന്‍ എം എം കല്‍ബുര്‍ഗിയുടെ ഘാതകരെ ഒരു മാസമായിട്ടും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ആറ് യുവ എഴുത്തുകാര്‍ തങ്ങളുടെ അവാര്‍ഡുകള്‍ തിരിച്ച് നല്‍കി. കല്‍ബുര്‍ഗി കേസില്‍ പോലീസ് നിഷ്‌ക്രിയമാണെന്നും അദ്ദേഹത്തെ വെടിവെച്ചു കൊന്നവരെ സംരക്ഷിക്കാനുള്ള ശ്രമത്തിന് പോലീസ് വഴങ്ങുകയാണെന്നും എഴുത്തുകാര്‍ ചൂണ്ടിക്കാട്ടുന്നു. ആറ് യുവ കന്നഡ എഴുത്തുകാര്‍ കന്നഡ സാഹിത്യ പരിഷത്തിന്റെ പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുകയായിരുന്നുവെന്ന് പരിഷത്ത് പ്രസിഡന്റ് പുണ്ടാലിക് ഹലാംബി പറഞ്ഞു. ആഗസ്റ്റ് 30നാണ് കല്‍ബുര്‍ഗി തന്റെ വസതിയില്‍ രണ്ട് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്.
കൊലപാതകത്തിന് പിന്നില്‍ ഹിന്ദുത്വ സംഘടനകളാണെന്ന് സൂചന ലഭിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്താനോ അക്രമികളെ അറസ്റ്റ് ചെയ്യാനോ പോലീസിന് സാധിച്ചിട്ടില്ല. വ്യക്തമായ തുമ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്. ഇപ്പോള്‍ സംസ്ഥാന പോലീസിന് കീഴിലെ സി ഐ ഡി സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസ് സി ബി ഐക്ക് കൈമാറുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
വീരണ്ണ മാഡിവലാര്‍, ടി സതീഷ് ജാവേരെ ഗൗഡ, സംഗമേഷ് മീനാസിനാകായി, ഹനുമാന്ത് ഹലിഗേരി, ശ്രീദേവി വി ആളൂര്‍, ചിദാനന്ദ സാലി എന്നിവരാണ് അവാര്‍ഡുകള്‍ തിരിച്ചു നല്‍കിയത്. 2011 നംവബറില്‍ കല്‍ബുര്‍ഗിക്ക് നൃപതുംഗ പ്രശസ്തി അവാര്‍ഡ് നല്‍കിയ ചടങ്ങില്‍ വെച്ചാണ് ഇവര്‍ പരിഷത്ത് അവാര്‍ഡുകള്‍ ഏറ്റുവാങ്ങിയിരുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ കൈയേറ്റമാണ് കല്‍ബുര്‍ഗിയുടെ വധത്തിലൂടെ നടന്നത്. എഴുത്തുകാരന് ധൈര്യമായി ഒന്നും പറയാന്‍ സാധിക്കാത്ത സ്ഥിതിവിശേഷമുണ്ടാക്കുകയാണ് അക്രമികള്‍ ചെയ്തത്. ഇവരെ പിടികൂടുന്നതിനായി സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുകയാണ് പുരസ്‌കാരം തിരികെ നല്‍കിയതിന്റെ ലക്ഷ്യമെന്ന് ജവേരേ ഗൗഡ പറഞ്ഞു.