ലെനിന്‍ പറഞ്ഞ രീതിയില്‍ ഇടതുപക്ഷം ഗാന്ധിയെ അംഗീകരിച്ചില്ല: ബി രാജീവന്‍

Posted on: October 3, 2015 2:59 pm | Last updated: October 3, 2015 at 2:59 pm
SHARE

നാദാപുരം: ഇന്ത്യന്‍ കര്‍ഷക ജനതയുടെ നേതാവെന്നും വിപ്ലവകാരിയെന്നും ഗാന്ധിജിയെ കണക്കാക്കണമെന്ന് ലെനിന്‍ പറഞ്ഞത് അംഗീകരിക്കാത്തതാണ് ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ തിരിച്ചടിയെന്ന് പ്രമുഖ ചിന്തകന്‍ ബി രാജീവന്‍.
എടച്ചേരിയില്‍ കെ എസ് ബിമല്‍ സുഹൃത് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലില്‍ ഇന്ത്യന്‍ പ്രതിനിധിയായി പങ്കെടുത്ത എം എന്‍ റോയി ഗാന്ധിയെ പെറ്റി ബൂര്‍ഷ്വ എന്നാണ് പറഞ്ഞത്. പിന്നീട് റോയി മാര്‍ക്‌സിസ്റ്റ് വിരുദ്ധനായി. ഗാന്ധി എന്താണ് ചെയ്തതെന്ന് മനസ്സിലാക്കാതെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകാര്‍ റോയിയെ അടിസ്ഥാനപരമായി പിന്തുടര്‍ന്നെന്നും അദ്ദേഹം പറഞ്ഞു.
കെ എസ് ബിമല്‍ രചിച്ച കുട്ടികളുടെ നാടക സമാഹാരം നോവലിസ്റ്റ് എന്‍ പ്രഭാകരന്‍ നാടക പ്രവര്‍ത്തകന്‍ ടി സുരേഷ് ബാബുവിന് നല്‍കി. ബിമലിന്റെ ഛായാചിത്രം ജനാധിപത്യ വേദി ചെയര്‍മാന്‍ എ മുഹമ്മദ് സലിം ബിമലിന്റെ പിതാവ് നടുക്കുനി കേളപ്പന് കൈമാറി.
ഇ കെ വിജയന്‍ എം എല്‍ എ മുഖ്യപ്രഭാഷണം നടത്തി. കെ കെ രമ, പുത്തലത്ത് ദിനേശന്‍, ഡോ. വി പ്രസാദ്, ഷാജാഹാന്‍ കാളിയത്ത്, സുമ, സതീഷ്, കെ സതീഷ്, സി ലാല്‍ കിഷോര്‍, അഡ്വ. എം സിജു, വി രാജീവ് പ്രസംഗിച്ചു. രമേഷ് കാവില്‍ അധ്യക്ഷത വഹിച്ചു.