ദുബൈ വിമാനത്താവളത്തിന്റെ കുതിപ്പ്‌

Posted on: October 2, 2015 11:34 pm | Last updated: October 2, 2015 at 11:34 pm
SHARE

kannadiദുബൈയുടെ അഭിമാനമാണ് രാജ്യാന്തര വിമാനത്താവളം. ലോകത്തിലെ തിരക്കേറിയതും വിശാലവുമാണത്. പ്രതിവര്‍ഷം ഏഴു കോടിയിലേറെ യാത്രക്കാര്‍ വരികയും പോവുകയും ചെയ്യുന്ന വിമാനത്താവളം 55 വര്‍ഷം പിന്നിടുകയാണ്.
1959ല്‍ അന്നത്തെ ദുബൈ ഭരണാധികാരി ശൈഖ് റാശിദ് ബിന്‍ സഈദ് അല്‍ മക്തൂമാണ് വിമാനത്താവള നിര്‍മാണം ആരംഭിച്ചത്. 1960ല്‍ ഉദ്ഘാടനം ചെയ്തു. മണല്‍ അടിച്ചുപരത്തിയ റണ്‍വേയായിരുന്നു അക്കാലത്ത്. ഒരു ചെറിയ ടെര്‍മിനലും പണിതു.
1963ല്‍ 9,200 അടി നീളത്തില്‍ താറിട്ട് റണ്‍വേ നവീകരിച്ചു. വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലവും പ്രത്യേക വിളക്കുമാടങ്ങളും ഏര്‍പെടുത്തി. 1969 ആയപ്പോള്‍ 20ഓളം നഗരങ്ങളിലേക്ക് സേവനം തുടങ്ങി. ഒന്‍പത് വിമാനങ്ങളാണ് അന്ന് ദുബൈക്കുണ്ടായിരുന്നത്.
”വിശാല” (വൈഡ് ബോഡി) വിമാനങ്ങള്‍ രംഗത്ത് വന്നതോടെ, കൂടുതല്‍ സൗകര്യങ്ങള്‍ അനിവാര്യമായി. രാജ്യാന്തര യാത്രക്കാര്‍ക്ക് ടാക്‌സിവേകളും വിമാനത്താവളത്തിന്റെ സുരക്ഷിതത്വത്തിന് സിവില്‍ ഡിഫന്‍സും വേണ്ടിയിരുന്നു.
1980ഓടെ എയര്‍ഇന്ത്യ, കാത്തേ പസഫിക്, സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, മലേഷ്യന്‍ എയര്‍ലൈന്‍സ് എന്നിവക്ക് ദുബൈ വിമാനത്താവളം പ്രിയപ്പെട്ടതായി മാറി. ഇന്ത്യയിലെ നഗരങ്ങള്‍ക്കും ദുബൈക്കുമിടയില്‍ ഇടതടവില്ലാതെ യാത്രക്കാരുണ്ടായി.
1998ലാണ് ടെര്‍മിനല്‍ രണ്ടിന്റെ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്തത്. പിന്നീട് ശൈഖ് റാശിദിന്റെ നാമധേയത്തില്‍ കോണ്‍കോഴ്‌സ് ഒന്നു തുടങ്ങി. 2004ല്‍ ടെര്‍മിനല്‍ മൂന്ന് നിര്‍മാണം ആരംഭിച്ചു. പിന്നീടുള്ളത് ലോകത്തിന്റെ മുന്നില്‍ നിരവധി വിസ്മയങ്ങള്‍. ഇനി ദുബൈ രാജ്യാന്താര വിമാനത്താവളത്തെയും മക്തൂം രാജ്യാന്തര വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്ന മെട്രോ ട്രെയിന്‍ പാത കൂടി യാഥാര്‍ഥ്യമായാല്‍ മറ്റൊരു അത്ഭുതമാകും അത്.
മക്തൂം രാജ്യാന്തര വിമാനത്താവളവും ദുബൈ എയര്‍പോര്‍ട്‌സ് കമ്പനിക്ക് കീഴില്‍ തന്നെ. രണ്ട് വിമാനത്താവളങ്ങള്‍ക്കുമിടയില്‍ സൗജന്യ ബസ് സര്‍വീസുണ്ട്. ചെറിയ വിമാനങ്ങളും ചരക്ക് വിമാനങ്ങളും മക്തൂമിലേക്ക് മാറിക്കൊണ്ടിരിക്കുന്നു.
എന്നാല്‍, ദുബൈയുടെ സ്വന്തം വിമാനക്കമ്പനിയായ എമിറേറ്റ്‌സ്, അടുത്ത കാലത്തൊന്നും ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് മാറാന്‍ ഉദ്ദേശിക്കുന്നില്ല. എമിറേറ്റ്‌സിന് പ്രത്യേക ടെര്‍മിനല്‍ രാജ്യാന്തര വിമാനത്താവളത്തിലുണ്ട്. ലോകത്തിലെ വലിയ ടെര്‍മിനലാണിത്.
ദുബൈയുടെ സമ്പദ് വ്യവസ്ഥക്ക് വലിയ സംഭാവന അര്‍പ്പിക്കുന്നു വിമാനത്താവളങ്ങള്‍. 2670 കോടി ഡോളറാണ് കഴിഞ്ഞ വര്‍ഷം നേടിക്കൊടുത്തത്. ആഭ്യന്തരോത്പാദനത്തിന്റെ 27 ശതമാനം സ്വദേശികള്‍ക്കും വിദേശികള്‍ക്കും ധാരാളം തൊഴിലവസരങ്ങളും ഒരുക്കി. നേരിട്ട് ലക്ഷത്തോളം പേര്‍ക്കും നേരിട്ടല്ലാതെ നാലു ലക്ഷത്തോളം പേര്‍ക്കും ജീവിതോപാധി നല്‍കുന്നു. 2020ഓടെ ആഭ്യന്തരോത്പാദനത്തിന്റെ 37.5 ശതമാനം വിമാനത്താവളങ്ങളില്‍ നിന്നായിരിക്കും.
2020 വേള്‍ഡ് എക്‌സ്‌പോ മുന്നില്‍ കണ്ട് മക്തൂം വിമാനത്താവളം വന്‍ വികസന പാതയിലാണ്. രണ്ട് വിമാനത്താവളങ്ങളും ചേര്‍ന്ന് ലോകത്തെ ദുബൈയിലേക്ക് ആകര്‍ഷിക്കും. കഴിഞ്ഞ ആഗസ്റ്റില്‍ 73 ലക്ഷം യാത്രക്കാരാണ് ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയത്. ഇത് സര്‍വകാല റെക്കോര്‍ഡ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 66.5 ലക്ഷമായിരുന്നു. ഇന്ത്യക്കാരാണ് കൂടുതലായി വന്നു പോകുന്നത്. 8.5 ലക്ഷം യാത്രക്കാര്‍ ആഗസ്റ്റില്‍ ഉപയോഗിച്ചു. രണ്ടാം സ്ഥാനത്ത് ബ്രിട്ടന്‍, 5.43 ലക്ഷം.
ഇന്ത്യയില്‍ ദുബൈയിലേക്കും തിരിച്ചും ധാരാളം യാത്രക്കാരുണ്ട്. ദുബൈ-കേരള റൂട്ടില്‍ തിരക്കൊഴിഞ്ഞ നേരമില്ല. ലോകത്തിലെ വിശേഷിച്ച് കേരളത്തിലെ വിമാനത്താവളങ്ങള്‍ക്ക് ദുബൈയില്‍ നിന്ന് ഏറെ പഠിക്കാനുണ്ട്.