എല്‍ ഡി എഫ് സംവരണ സംരക്ഷണ ദിനം ആചരിക്കും

Posted on: October 2, 2015 6:11 am | Last updated: October 3, 2015 at 12:23 am
SHARE

cpmതിരുവനന്തപുരം: സംവരണം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ഈ മാസം ഒമ്പതിന് എല്‍ ഡി എഫ് സംവരണ സംരക്ഷണദിനമായി ആചരിക്കും. ഇതിന്റെ ഭാഗമായി പഞ്ചായത്ത്-നഗര കേന്ദ്രങ്ങളില്‍ ധര്‍ണ സംഘടിപ്പിക്കുമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു.
രാജ്യത്ത് നിലനില്‍ക്കുന്ന സംവരണത്തെ ഇല്ലാതാക്കുന്നതിനുള്ള ശ്രമങ്ങള്‍ ശക്തമായി ആരംഭിച്ചുകഴിഞ്ഞിരിക്കുകയാണ്. സംവരണം പൂര്‍ണമായും ഇല്ലാതാക്കണമെന്ന ആര്‍ എസ് എസ് സര്‍സംഘ് ചാലക് മോഹന്‍ ഭഗവതിന്റെ പ്രസ്താവന ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. നേരത്തെ ആര്‍ എസ് എസ് നേതാവ് എം ജി വൈദ്യയും ഇതേ കാഴ്ചപ്പാട് മുന്നോട്ടുവെച്ചിരുന്നു. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും നിലവിലുള്ള സംവരണം അതേപോലെ നിലനിര്‍ത്തേണ്ടതാണ്. അതോടൊപ്പം തന്നെ നിലവിലുള്ള സംവരണത്തില്‍ കുറവ് വരുത്താതെ മുന്നാക്കത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് സംവരണം ലഭിക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതിയും പാസാക്കേണ്ട ഘട്ടമാണിത്. നവലിബറല്‍ നയങ്ങളുടെ ഭാഗമായി പൊതുമേഖലയില്‍ അവസരങ്ങള്‍ ഇല്ലാതാകുമ്പോള്‍ സ്വകാര്യമേഖലയിലും സംവരണം വ്യാപിപ്പിക്കണമെന്ന ആവശ്യം ഇപ്പോള്‍ ശക്തമായി ഉയര്‍ന്നുവരുന്നുണ്ട്. അത്തരം ഘട്ടത്തിലാണ് നിലവിലുള്ള സംവരണം തന്നെ ഇല്ലാതാക്കാനുള്ള പദ്ധതികള്‍ കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.