മഅ്ദനിയുടെ കേസുകള്‍ ഒന്നിച്ചു പരിഗണിച്ചു കൂടേയെന്ന് സുപ്രീംകോടതി

Posted on: October 1, 2015 2:52 pm | Last updated: October 2, 2015 at 6:23 pm

madaniന്യൂഡല്‍ഹി: ബെംഗളൂരു സ്‌ഫോടനവുമായി ബന്ധപ്പെട്ട് പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്കെതിരായ കേസുകളില്‍ വിചാരണ ഒന്നിച്ചായിക്കൂടേയെന്ന് സുപ്രീം കോടതി. കേസുകളിലെ പ്രതികളും സാക്ഷികളും ഒന്നാണെങ്കില്‍ എല്ലാ കേസുകളും ഒരുമിച്ച് വിചാരണ നടത്തിക്കൂടേയെന്ന് സുപ്രീം കോടതി ആരാഞ്ഞു. ഒന്നിച്ച് വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ട് മഅ്ദനി സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീം കോടതി കര്‍ണാടക സര്‍ക്കാറിന്റെ വിശദീകരണം തേടിയത്. ഇക്കാര്യത്തില്‍ കര്‍ണാടക സര്‍ക്കാര്‍ ഒരാഴ്ചക്കകം മറുപടി നല്‍കണമെന്നും വിചാരണ എപ്പോള്‍ പൂര്‍ത്തിയാക്കാമെന്ന് അറിയിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. മഅ്ദനിയുടെ പേരിലുള്ള ഒമ്പത് കേസുകളും സമാന സ്വഭാവമുള്ളവയാണെന്നും ഇതെല്ലാം ഒന്നിച്ചു പരിഗണിക്കണമെന്നുമാണ് മഅ്ദനിയുടെ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.
ഇതിന്റെ പശ്ചാത്തലത്തിലാണ് കേസുകള്‍ ഒരുമിച്ചു പരിഗണിച്ചുകൂടേയെന്നു സര്‍ക്കാറിനോട് ആരാഞ്ഞത്. എത്ര സമയം കൊണ്ട് വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാമെന്നും കോടതിയെ സംസ്ഥാന സര്‍ക്കാര്‍ അറിയിക്കണം. കര്‍ണാടക പ്രത്യേക കോടതിയില്‍ വിചാരണ നടക്കുന്നതിനാല്‍ സര്‍ക്കാറിന്റെ നിലപാട് നിര്‍ണായകമാണ്.
എന്നാല്‍, കേസിന്റെ സ്വഭാവം പരിശോധിക്കേണ്ടതും കേസുകള്‍ ഒരുമിച്ചു പരിഗണിക്കണമോയെന്നു കണ്ടെത്തേണ്ടതും വിചാരണ കോടതിയാണെന്നും അതിനാല്‍ മഅ്ദനിയുടെ അഭിഭാഷകന്‍ ഇക്കാര്യം കര്‍ണാടക പ്രത്യേക കോടതിയിലാണ് ഉന്നയിക്കേണ്ടതെന്നുമാണ് സര്‍ക്കാറിന്റെ നിലപാട്.
അടുത്ത തിങ്കളാഴ്ചയാണ് സുപ്രീം കോടതി വീണ്ടും കേസ് പരിഗണിക്കുന്നത്. ഒമ്പത് കേസുകളില്‍ പ്രത്യേകം പ്രത്യേകം വിചാരണ നടത്തിയാല്‍ കാലതാമസം നേരിടുമെന്ന് മഅ്ദനിക്കായി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ വാദിച്ചു.
ബെംഗളൂരുവില്‍ നടന്ന വ്യത്യസ്ത സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് ഒമ്പത് കേസുകളാണ് വെവ്വേറെ രജിസ്റ്റര്‍ ചെയ്തത്. ഇതിലെ സാക്ഷികളും തെളിവുകളുമെല്ലാം ഒന്നുതന്നെയാണ്. ഈ സാഹചര്യത്തില്‍ ഒമ്പത് കേസുകളും ഒന്നിച്ചാക്കി വിചാരണ നടത്തിയില്ലെങ്കില്‍ നടപടിക്രമങ്ങളില്‍ അനാവശ്യമായ കാലതാമസമുണ്ടാകുമെന്ന് അഡ്വ. ഹാരിസ് ബീരാന്‍ മുഖേന സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മഅ്ദനി ചൂണ്ടിക്കാട്ടിയിരുന്നു. ഒമ്പത് കേസുകളിലായി 91 സാക്ഷികളെയാണ് ഇനി വിസ്തരിക്കാനുള്ളത്. ഇവരെ ഓരോരുത്തരെയും ഓരോ കേസിലും വെവ്വേറെ വിസ്തരിക്കുമ്പോള്‍ ആകെ 819 വിസ്താരങ്ങള്‍ ആവശ്യമായി വരും. വിചാരണ നടപടികള്‍ എത്രനാള്‍ കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് കര്‍ണാടക സര്‍ക്കാറും വിചാരണ കോടതിയും വ്യക്തമാക്കണമെന്ന ആവശ്യവും സത്യവാങ്മൂലത്തില്‍ ഉന്നയിച്ചിരുന്നു.
വിചാരണാ നടപടി കൂടുതല്‍ നീണ്ടുപോയാല്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. ചികിത്സ ബെംഗളൂരുവില്‍ തന്നെ വേണമെന്ന നിബന്ധനയില്‍ ഇളവ് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.

ALSO READ  നോക്കൂ, ഈ മനുഷ്യന്റെ പത്ത് വര്‍ഷങ്ങള്‍