Connect with us

Gulf

ജനുവരി ഒന്നു മുതല്‍ പുതിയ തൊഴില്‍ നിയമം നടപ്പാക്കും: സഖര്‍ ഗൊബാഷ്

Published

|

Last Updated

അബുദാബി: തൊഴിലാളികളുടെ താത്പര്യം സംരക്ഷിക്കാനുതകുന്ന മൂന്നു സുപ്രധാന നിബന്ധനകള്‍ കൂടി ഉള്‍പെടുത്തി അടുത്ത വര്‍ഷം മുതല്‍ പുതിയ തൊഴില്‍ നിയമം നടപ്പാക്കുമെന്ന് തൊഴില്‍ മന്ത്രി സഖര്‍ ഗൊബാഷ് വ്യക്തമാക്കി.
തൊഴില്‍ മന്ത്രാലയം തൊഴില്‍ കരാര്‍ അപേക്ഷ അംഗീകരിക്കുന്നതിനും ജീവനക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതിനും തൊഴില്‍ പെര്‍മിറ്റ് നല്‍കുന്നതിനുമായാണ് പുതിയ നിബന്ധനകള്‍ ഉള്‍പെടുത്തി നിയമം നടപ്പാക്കുക. പുതുതായി രാജ്യത്ത് എത്തുന്നവരെ ലക്ഷ്യമിട്ടാണിത്. ജനുവരി ഒന്നു മുതലാവും നിയമം നടപ്പാക്കുക. ഇതിനായുള്ള നിയമ നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുരോഗമിക്കുകയാണ്. തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതിയ നിയമം ഇരുവിഭാഗത്തിനും കൂടുതല്‍ സംതൃപ്തി നല്‍കുന്നതാവുമെന്നാണ് പ്രതീക്ഷ. തൊഴില്‍ ബന്ധങ്ങളില്‍ ഊഷ്മളത വര്‍ധിപ്പിക്കുക, തൊഴിലാളിക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുക, രാജ്യത്ത് ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ എത്തുന്ന തൊഴിലാളിക്ക് മികച്ച തൊഴില്‍ സാഹചര്യം സൃഷ്ടിക്കുക എന്നിവയാണ് നിയമം ലക്ഷ്യമിടുന്നത്. പുതിയ നിയമം കൂടുതല്‍ സുതാര്യവും വ്യക്തവും ആവുന്നതിനൊപ്പം തൊഴില്‍ കരാറിലെ വ്യവസ്ഥകളെ കൂടുതല്‍ സൂക്ഷ്മതയോടെ സമീപിക്കുന്നതുമായിരിക്കുമെന്നും ഗൊബാഷ് പറഞ്ഞു.