ചൊവ്വയില്‍ ജലസാന്നിധ്യമുണ്ടെന്ന് നാസയുടെ വെളിപ്പെടുത്തല്‍

Posted on: September 28, 2015 9:23 pm | Last updated: September 30, 2015 at 11:50 am
MARS WATER SURFACE
നാസയുടെ എം ഒ ആര്‍ ഉപഗ്രഹത്തില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കമ്പ്യൂട്ടറിന്റെ സഹായത്തോടെ തയ്യാറാക്കിയ ചൊവ്വയുടെ ഉപരതിതല ചിത്രം.

വാഷിംഗ്ടണ്‍: ചുവന്ന ഗ്രഹമായ ചൊവ്വയില്‍ ജല സാന്നിധ്യത്തിന് തെളിവുകള്‍ ലഭിച്ചതായി നാസയിലെ ശാസ്ത്രജ്ഞരുടെ വെളിപ്പെടുത്തല്‍. ചൊവ്വയുടെ ഉപരിതലത്തില്‍ ജലം ഒഴുകിയത് മൂലമുള്ള ലവണാംശം കണ്ടെത്തിയതായാണ് ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തുന്നത്. നാസയുടെ എം ആര്‍ ഒ പര്യവേക്ഷണ ഉപഗ്രഹത്തില്‍ നിന്നു ലഭിച്ച വിവരങ്ങളാണ് ജലസാന്നിധ്യത്തിന് തെളിവായതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇതോടെ ഭൂമിയോട് ഏറ്റവും സാദൃശ്യം പുലര്‍ത്തുന്ന ചൊവ്വയില്‍ ജീവനുണ്ടെന്ന സംശയം ബലപ്പെട്ടു.

2011ലെ വേനല്‍ക്കാലത്താണ് ചൊവ്വയില്‍ ജലം ഒഴുകിയതിന്റെ അടയാളം ആദ്യമായി കണ്ടെത്തിയത്. ചൂട് കുറഞ്ഞതോടെ ഈ അടയാളം മാഞ്ഞുപോകുകയും ചെയ്തു. എം ആര്‍ ഒ ഉപഗ്രഹത്തില്‍ നിന്ന് ലഭിക്കുന്ന ചൊവ്വയുടെ ഉപരിതലത്തിന്റെ കെമിക്കല്‍ മാപ്പ് പരിശോധിക്കുന്നതിന് പുതിയ സംവിധാനം രൂപപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് നടത്തിയ നിരീക്ഷണങ്ങളാണ് ജലസാന്നിധ്യത്തിലേക്ക് വഴിതുറന്നത്.