ഭക്തിക്കും വിശ്വാസത്തിനും സി പി എം എതിരല്ല: പി ജയരാജന്‍

Posted on: September 27, 2015 12:39 am | Last updated: September 27, 2015 at 12:39 am

p-jayarajanകണ്ണൂര്‍: ഭക്തിക്കും വിശ്വാസത്തിനും സി പി എം എതിരല്ലെന്നും ഇവര്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും പാര്‍ട്ടി പിന്തുണക്കുമെന്നും സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവരാത്രി ആഘോഷങ്ങള്‍ ആര്‍ എസ് എസ് വര്‍ഗീയവത്കരിക്കുകയാണെങ്കില്‍ ഇതിനെതിരെ രംഗത്തുവരുന്ന ഭക്തര്‍ക്കും വിശ്വാസികള്‍ക്കും സി പി എം എല്ലാ പിന്തുണയും നല്‍കും. എന്നാല്‍ വര്‍ഗീയത വളര്‍ത്താനുള്ള ശ്രമങ്ങളെ പ്രതിരോധിക്കും. വിശ്വാസവും വര്‍ഗീയതയും രണ്ടാണ്. സി പി എം നവരാത്രി ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ തയ്യാറെടുക്കുന്നതായുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്. ഇതിന് പാര്‍ട്ടി ആലോചിച്ചിട്ട് പോലുമില്ല. ശ്രീകൃഷ്ണ ജയന്തി ആഘോഷം ആര്‍ എസ് എസ് വര്‍ഗീയവത്കരിച്ചപ്പോള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത് സി പി എമ്മാണ്. ആര്‍ എസ് എസിന്റെ വര്‍ഗീയവത്കരണ നയത്തെക്കുറിച്ച് ജനങ്ങളില്‍ സി പി എം അവബോധമുണ്ടാക്കിയതിനാലാണ് ഇത്തവണ ആര്‍ എസ് എസ് പരിപാടികളില്‍ ജനപങ്കാളിത്തം കുറഞ്ഞതെന്ന് ജയരാജന്‍ പറഞ്ഞു.