മിനാ ദുരന്തം: മരിച്ചവരില്‍ രണ്ട് മലയാളികള്‍

Posted on: September 24, 2015 8:56 pm | Last updated: September 26, 2015 at 12:25 pm

mina deathമക്ക/രാമനാട്ടുകര: വിശുദ്ധ ഹജ്ജ് കര്‍മത്തിനിടെ മിനായിലുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരില്‍ രണ്ട് മലയാളികളും. കോഴിക്കോട് രാമനാട്ടുകര സ്വദേശി അബ്ദുര്‍റഹ്മാന്‍, കണ്ണൂര്‍ കണിയാങ്കണ്ടി അബൂബക്കര്‍ ഹാജി എന്നിവരാണ് തിരക്കില്‍പ്പെട്ട് മരിച്ചത്. കണ്ണൂര്‍ അഴീക്കല്‍ സ്വദേശിയായ മുഹമ്മദ് എന്നയാളും മരിച്ചിട്ടുണ്ടെങ്കിലും ഇദ്ദേഹം അപകടത്തില്‍പ്പെട്ടല്ല മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നെഞ്ചുവേദനയെ തുടര്‍ന്നാണ് മുഹമ്മദിന്റെ മരണമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

കണിയാങ്കണ്ടി അബൂബക്കര്‍ ഹാജിയുടെ ഭാര്യ ജമീല ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയാണ് ഇവര്‍ ഹജ്ജിന് പുറപ്പെട്ടത്. കോട്ടയം സ്വദേശിയായ സക്കീബ് എന്നയാള്‍ക്കും പരുക്കേറ്റിട്ടുണ്ട്. കോട്ടയം സ്വദേശിയായ മറ്റൊരാളെ കാണാതായിട്ടുണ്ട്.

അപകടത്തില്‍ മരണസംഖ്യ എഴുന്നൂറ് കവിഞ്ഞതായാണ് ഔദ്യോഗിക സ്ഥിരീകരണം. അതേസമയം മരണം ആയിരം കവിഞ്ഞതായി അനൗദ്യോഗിക കണക്കുകള്‍ പറയുന്നു.

ചിത്രം: അപകടത്തില്‍ മരിച്ച അബ്ദുര്‍റഹ്മാനും നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ച മുഹമ്മദും