അഭയാര്‍ഥി പുനര്‍വിന്യാസം: ഇ യുവില്‍ ധാരണ

Posted on: September 23, 2015 10:34 pm | Last updated: September 23, 2015 at 10:34 pm

european-union-ബ്രസ്സല്‍സ്: യൂറോപ്പിലെത്തിയ അഭയാര്‍ഥികളെ പുനര്‍വിന്യസിക്കുന്ന വിഷയത്തില്‍ ബ്രസ്സല്‍സില്‍ ചേര്‍ന്ന യൂറോപ്യന്‍ യൂനിയന്‍ (ഇ യു) ആഭ്യന്തര മന്ത്രിമാരുടെ യോഗത്തില്‍ ധാരണ. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി ഇന്നലെ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് അഭയാര്‍ഥികളെ ഏറ്റെടുക്കുന്ന കാര്യത്തില്‍ ധാരണയായത്. ധാരണ പ്രകാരം 1,2000ത്തോളം വരുന്ന അഭയാര്‍ഥികളെ യൂറോപ്യന്‍ യൂനിയനില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ തുല്യമായി ഏറ്റെടുക്കും. മധ്യ, കിഴക്കന്‍ രാജ്യങ്ങളുടെ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് തീരുമാനം കൈക്കൊണ്ടത്. യോഗത്തിലെ ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുത്താണ് തീരുമാനം കൈക്കൊണ്ടതെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ബെര്‍നാര്‍ഡ് സെന്യൂവ് പറഞ്ഞു.
ഹംഗറി, ചെക് റിപ്പബ്ലിക്, റൊമാനിയ, സ്ലൊവാക്യ എന്നീ രാജ്യങ്ങള്‍ തീരുമാനത്തെ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തി. ഫിന്‍ലാന്‍ഡ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
യൂറോപ്യന്‍ യൂനിയന് സാമാന്യബോധം നഷ്ടപ്പെട്ടുവെന്നും രാജാവ് നഗ്നനാണെന്ന് ഉടന്‍ ബോധ്യമാകുമെന്നും വോട്ടെടുപ്പിന് ശേഷം ചെക് റിപ്പബ്ലിക്കന്‍ ആഭ്യന്തര മന്ത്രി മിലാന്‍ ഷൊവാനക് ട്വിറ്ററിലൂടെ പ്രതികരിച്ചു. പുതിയ തീരുമാനത്തെ അംഗീകരിക്കില്ലെന്ന് സ്ലൊവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫികോ പറഞ്ഞു. ഇ യു കോടതിയെ സമീപിക്കാനാണ് സ്ലൊവാക്യയുടെ തീരുമാനം. ഇ യു തീരുമാനത്തെ അംഗീകരിക്കാന്‍ ഹംഗറി തയ്യാറായെങ്കിലും ഇത് നടപ്പാക്കുന്നതിലെ പ്രായോഗികതയെ ചോദ്യം ചെയ്തു.
ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സിറിയ ഉള്‍പ്പെടുന്ന മധ്യ പൗരസ്ത്യ രാജ്യങ്ങള്‍ക്ക് പുറമെ ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ യൂറോപ്യന്‍ രാജ്യങ്ങളായ ഗ്രീസ്, ഇറ്റലി എന്നിവിടങ്ങളിലാണ് ഇപ്പോള്‍ കൂടുതലായുള്ളത്. അഭയാര്‍ഥികളെ ഇ യു രാജ്യങ്ങള്‍ പുനര്‍വിന്യസിക്കണമെന്ന നിര്‍ദേശം ജര്‍മനിയും ഫ്രാന്‍സുമാണ് മുന്നോട്ടുവെച്ചത്.