വര്‍ഗീയതക്കെതിരെ സര്‍ഗാത്മക പ്രതിരോധം തീര്‍ത്ത് തെരുവോര ചിത്രരചന

Posted on: September 22, 2015 10:36 am | Last updated: September 22, 2015 at 10:36 am

കല്‍പ്പറ്റ: ചിത്രകാരന്റെ ഭാവനകള്‍ ക്യാന്‍വാസില്‍ നിറക്കൂട്ടുള്ള ചിത്രങ്ങളായി മാറിയപ്പോള്‍ കാഴ്ച്ചക്കാരില്‍ ആവേശവും പ്രചോദനവും തീര്‍ത്ത് വര്‍ഗ്ഗീയതക്കെതിരായ സര്‍ഗാത്മക പ്രതിരോധമായി മാറി കല്‍പ്പറ്റയില്‍ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച തെരുവോര ചിത്രരചന. ചിത്രരചന ആരംഭിച്ചതു മുതല്‍ പൂര്‍ത്തിയാകുന്നതുവരെ കൗതുകപൂര്‍വ്വം ആസ്വദിക്കാനെത്തിയ നൂറിലധികം വരുന്ന ജനക്കൂട്ടത്തിന്റെ പിന്തുണ ചിത്രകാരന്‍മാര്‍ ആവേശപൂര്‍വ്വം ഏറ്റെടുത്തു.
ഗ്രന്ഥശാലാ സംഘം എഴുപതാം വാര്‍ഷികത്തിന്റെ ഭാഗമായി വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റേയും കല്‍പ്പറ്റ-വൈത്തിരി ലൈബ്രറി നേതൃസമിതിയുടേയും സംയുക്താഭിമുഖ്യത്തില്‍ കല്‍പ്പറ്റ വിജയപമ്പ് പരിസരത്ത് സംഘടിപ്പിച്ച വര്‍ഗ്ഗീയതക്കെതിരായ ചിത്രരചന സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് അവാര്‍ഡ് ജേതാവ് രാജീവന്‍ എഴുത്തുകാരന്റെ പേനയില്‍ നിന്നും രക്തം വാര്‍ന്നൊഴുകുന്ന ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. ജാതിയുടെ വിഷവിത്തുകള്‍ പാകുന്ന വൃക്ഷവും, ഫാസിസ്റ്റുകള്‍ കൈയ്യടക്കുന്ന ഇന്ത്യന്‍ ഭൂപടവും, വിവിധ നിറങ്ങളിലുള്ള കൊടിക്കീഴില്‍ ഒന്നായി അണിനിരക്കുന്ന ജനക്കൂട്ടവും, വര്‍ഗ്ഗീയതയുടെ വിഷമഴ നനയാതെ ഒരു കുടക്കീഴില്‍ ഒന്നു ചേര്‍ന്ന് നില്‍ക്കുന്ന ഹൈന്ദവനും മുസല്‍മാനും, കൃസ്ത്യാനിയുമെല്ലാം ചിത്രങ്ങളായി മാറി. ശ്രീനാരായണഗുരുവിന്റേയും അയന്‍കാളിയുടേയും തുടങ്ങി വര്‍ഗീയതക്കെതിരായ മഹത് വചനങ്ങളും ക്യാന്‍വാസില്‍ ചിത്രകാരന്‍മാര്‍ എഴുതി ചേര്‍ത്തു.
വയനാട്ടിലെ പ്രമുഖ ചിത്രകാരന്‍മാരായ സുദേവന്‍ കല്ലുപാടി, ഭവം കൃഷ്ണന്‍, പ്രദീപന്‍, സൈറി കലിസ്റ്റസ്, കെ ജി ഒ എ നേതാവ് ഇ കെ ബിജുജന്‍, ജയരാജന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ക്യാന്‍വാസില്‍ ചിത്രങ്ങള്‍ പകര്‍ത്തി.
കല്‍പ്പറ്റയിലെ വിവിധ ലൈബ്രറികളില്‍ നിന്നായി എത്തിയ വിദ്യാര്‍ഥികളും ചിത്രരചനയില്‍ പങ്കാളികളായി. വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി കെ ബാബുരാജ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി എ കെരാജേഷ്, കല്‍പ്പറ്റ-വൈത്തിരി ലൈബ്രറി നേതൃസമിതി കണ്‍വീനര്‍ രാജന്‍, ,ചെയര്‍മാന്‍ എസ് സി ജോണ്‍, അരവിന്ദ് പൊന്നട, നവാസ് കെ എം സുമേഷ് ഫിലിപ്പ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ടി ബി സുരേഷ്, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം കെ വിശാലാക്ഷി, കല്ലങ്കോടന്‍ കുഞ്ഞീത്, ബെന്നി പെരുന്തട്ട, ജില്ലാ ലൈബ്രറി വികസന സമിതി ചെയര്‍മാന്‍ പി പി ഗോപാലകൃഷ്ണന്‍, പുരോഗമന കലാസാഹിത്യസംഘം ജില്ലാ പ്രസിഡന്റ് ടി സുരേഷ് ചന്ദ്രന്‍, ജില്ലാ ലൈബ്രറി ഓഫീസര്‍ പി മുസ്തഫ പെരുന്തട്ട, രവി, ഫൈസല്‍ വൈത്തിരി, ഇ എ രാജപ്പന്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ചിത്രരചനക്ക് ഭാവുകങ്ങള്‍ നേര്‍ന്നു.