സ്ലീപ്പര്‍ ടിക്കറ്റ്: വിവാദ തീരുമാനം റെയില്‍വേ റദ്ദാക്കി

Posted on: September 21, 2015 1:35 pm | Last updated: September 22, 2015 at 8:50 am
SHARE

railway

തിരുവനന്തപുരം: സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റുകള്‍ സാധാരണ കൗണ്ടറുകളിലൂടെ വിതരണം ചെയ്യുന്നത് നിര്‍ത്തലാക്കിയ വിവാദ തീരുമാനം റെയില്‍വേ താത്കാലികമായി മരവിപ്പിച്ചു. കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഉത്തരവ് മരവിപ്പിച്ചത്. ടെലിഫോണ്‍ മുഖേനയാണ് ഉത്തരവ് നടപ്പാക്കേണ്ടതെന്ന് തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകള്‍ക്ക് ചീഫ് കൊമേഴ്‌സ്യല്‍ മാനേജര്‍ നിര്‍ദേശം നല്‍കിയത്.
പരിഷ്‌കാരം കേരളത്തില്‍ ഫലപ്രദമാകില്ലെന്നും ഇതു യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുമെന്നും മാത്രമല്ല റെയില്‍വേയുടെ വരുമാനത്തില്‍ ഗണ്യമായ കുറവു വരുത്തുമെന്നും ഇരു ഡിവിഷനുകളും ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് ദക്ഷിണ റെയില്‍വേ വിട്ടുവീഴ്ചക്ക് തയ്യാറായത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും സാധാരണ കൗണ്ടറുകള്‍ വഴി പകല്‍ യാത്രക്കുളള സ്ലീപ്പര്‍, എ സി, ഉയര്‍ന്ന ക്ലാസ് ടിക്കറ്റുകള്‍ അന്തിമ തീരുമാനമുണ്ടാകുന്നതുവരെ ലഭിക്കുമെന്നും റെയില്‍വേ അറിയിച്ചു. വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്നാണ് റെയില്‍വേ വിവാദ തീരുമാനം താത്കാലികമായെങ്കിലും പിന്‍വലിച്ചത്.
കഴിഞ്ഞ ദിവസം മുന്നറിയിപ്പുകളൊന്നുമില്ലാതെയായിരുന്നു, മുന്‍കൂട്ടി സീറ്റ് റിസര്‍വ് ചെയ്യാത്ത യാത്രക്കാര്‍ക്ക് പകല്‍ സമയത്ത് സാധാരണ കൗണ്ടറുകളില്‍ നിന്ന് സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റെടുത്ത് യാത്ര ചെയ്യാനുള്ള സൗകര്യം റെയില്‍വേ നിര്‍ത്തലാക്കിയത്. ടിക്കറ്റ് റിസര്‍വ് ചെയ്ത് യാത്ര ചെയ്യുന്നവര്‍ക്കു ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നു പറഞ്ഞാണ് സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റ് നിര്‍ത്തലാക്കാന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനം എടുത്തത്. വിവാദ തീരുമാനപ്രകാരം ടിക്കറ്റ് കൗണ്ടറുകളില്‍ നിന്ന് ജനറല്‍ കോച്ചുകളില്‍ സഞ്ചരിക്കാനുള്ള ടിക്കറ്റുകള്‍ മാത്രമേ ലഭിക്കുമായിരുന്നുള്ളു.
സാധാരണ ടിക്കറ്റെടുത്ത ശേഷം ടി ടി ഇയെ കണ്ടെത്തി ഒഴിവുണ്ടെങ്കില്‍ സ്ലീപ്പര്‍ ടിക്കറ്റ് മാറ്റി വാങ്ങണമെന്നായിരുന്നു നിര്‍ദേശം. ഒന്നോ രണ്ടോ മിനുട്ട് മാത്രം സ്റ്റേഷനുകളില്‍ നിര്‍ത്തിയിടുന്ന ട്രെയിനുകളില്‍ ടി ടി ഇയെ കണ്ടെത്തി ടിക്കറ്റ് മാറ്റിവാങ്ങുകയെന്നത് പ്രായോഗികമല്ല. അല്ലാതെ കയറുന്ന യാത്രക്കാരില്‍ നിന്ന് ടിക്കറ്റെടുക്കാത്തതിന്റെ പിഴ ഈടാക്കും. ഇത് അപ്രായോഗികമാണെന്ന് വ്യാപകമായി വിമര്‍ശം ഉയര്‍ന്നു. മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കുന്ന ആനുകൂല്യവും പുതിയ തീരുമാന പ്രകാരം ഇല്ലാതാകുമെന്നും വിമര്‍ശം ഉയര്‍ന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here