Connect with us

Malappuram

ഞങ്ങള്‍ക്കും കളിച്ച് വളരണം

Published

|

Last Updated

മലപ്പുറം: പേരുകേട്ട ഫുട്‌ബോള്‍ താരങ്ങളുടെ നാടാണ് മലപ്പുറം . എന്നിരുന്നാലും സ്വന്തം മണ്ണില്‍ നല്ല സാഹചര്യത്തില്‍ കളിച്ച് വളരാന്‍ ജില്ലയിലെ കുട്ടികള്‍ക്ക് അവസരങ്ങളില്ല. മഞ്ചേരി പയ്യനാട് സ്റ്റേഡിയവും കോട്ടപ്പടി സ്റ്റേഡിയവും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സ്റ്റേഡിയവുമാണ് ഫുട്‌ബോളിനായി മലപ്പുറത്തുള്ള മൂന്ന് പ്രധാന സ്റ്റേഡിയങ്ങള്‍. എന്നാല്‍ ഇവിടങ്ങളില്‍ വളര്‍ന്ന് വരുന്ന ഫുട്‌ബോള്‍ താരങ്ങള്‍ക്ക് പന്തു തട്ടാന്‍ വിലക്കാണ്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാത്തതാണ് നമ്മുടെ നാട്ടിലെ കുട്ടികള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള സ്റ്റേഡിയങ്ങളില്‍ കളിച്ച് പരിചയിക്കാന്‍ ഇടവരാതെ പോകുന്നത്.
എന്നാല്‍ ഈ ആവശ്യം ഉന്നയിച്ച് മുറവിളികള്‍ ഉയര്‍ന്ന് കഴിഞ്ഞു. കോട്ടപ്പടി സ്റ്റേഡിയം ഫുട്‌ബോള്‍ പരിശീലനത്തിന് തുറന്ന് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം ഫുട്‌ബോള്‍ പ്രേമികളും താരങ്ങളും സ്റ്റേഡിയത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. മലപ്പുറം പരിധിയിലെ വിവിധ ക്ലബുകളുടെയും പഴയകാല ഫുട്‌ബോള്‍ കളിക്കാരുടെയും സംയുക്താഭിമുഖ്യത്തിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. ഫുട്‌ബോള്‍ കളിച്ചുകൊണ്ടാണ് പ്രതിഷേധിക്കാന്‍ താരങ്ങള്‍ എത്തിയത്.
തുടര്‍ന്ന് കോട്ടപ്പടി ഫുട്‌ബോള്‍ സ്റ്റേഡിയ പരിസരത്ത് നടന്ന പ്രതിഷേധ സംഗമം സൂപ്പര്‍ അശ്‌റഫ് ഉദ്ഘാടനം ചെയ്തു. സ്റ്റേഡിയം കളിക്കാര്‍ക്ക് പരിശീലനത്തിനായി വിട്ട് നല്‍കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരം നടത്തി സ്റ്റേഡിയം കയ്യേറി ഫുട്‌ബോള്‍ കളിക്കാന്‍ ഫുട്‌ബോള്‍ പ്രേമികള്‍ തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു. നിശ്ചിത തുക ഈടാക്കി വളര്‍ന്ന് വരുന്ന പ്രതിഭകള്‍ക്ക് കളിക്കാനുള്ള സൗകര്യം നല്‍കണമെന്നാണ് ആവശ്യം. ഈ വിഷയത്തില്‍ നടപടിയുണ്ടായില്ലെങ്കില്‍ മലപ്പുറത്തെ പഴയകാല കളിക്കാരുടെ നേതൃത്വത്തില്‍ നിരാഹാര സമരം ആരംഭിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. ഉപ്പൂടന്‍ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. ഓള്‍ഡ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് പുതുശ്ശേരി കുഞ്ഞിമുഹമ്മദ്, സെക്രട്ടറി മുഹമ്മദലി, സെക്കീര്‍ പുതുശ്ശേരി, വരിക്കോടന്‍ മൂസ, സാജിറുദ്ദീന്‍ സംസാരിച്ചു.

Latest