വംശീയ പച്ചമരുന്നുകള്‍ അന്യംനിന്നുപോകാതിരിക്കാന്‍ പ്രത്യേക പരിഗണന നല്‍കണം: മന്ത്രി ജയലക്ഷ്മി

Posted on: September 21, 2015 10:28 am | Last updated: September 21, 2015 at 10:28 am

പനമരം: വംശീയ പച്ചമരുന്നുകള്‍ അന്യം നിന്നു പോകാതിരിക്കാന്‍ പ്രത്യേക പരിഗണന നല്‍കണമെന്ന് മന്ത്രി പി കെ ജയലക്ഷ്മി അഭിപ്രായപ്പെട്ടു.
തലക്കല്‍ ചന്തുവിന്റെ പേരില്‍ ആദിവാസി വംശീയ പച്ചമരുന്ന് പഠന ഗവേഷണ ചികിത്സാകേന്ദ്രം മാനന്തവാടിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പച്ചമരുന്നുകളെ കുറിച്ചുള്ള അറിവുകള്‍ വരുംതലമുറയ്ക്ക് പകര്‍ന്നു നല്‍കി പൊതുജനങ്ങള്‍ക്ക് സേവനം ലഭ്യമാക്കുന്ന ഗോത്രവര്‍ഗ്ഗക്കാരുടെ വംശീയ ചികിത്സാരീതിക്ക് സാധ്യതയേറെയാണെന്നും കിര്‍ത്താഡ്‌സിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും പട്ടിക വര്‍ഗ്ഗക്കാരുടെ വംശീയ പാരമ്പര്യം, കല, ഭക്ഷണം എന്നിവ സംരക്ഷിക്കുന്നതിന് പൈതൃകോത്സവം പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കാറുള്ളതായും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ആദ്യമായാണ് ഗോത്രവര്‍ഗ്ഗക്കാരുടെ വംശീയ വൈദ്യത്തെക്കുറിച്ച് പഠനം നടത്തുന്നതിന് ഗവേഷണ കേന്ദ്രം തുടങ്ങുന്നത്. വംശീയ വൈദ്യത്തെക്കുറിച്ച് പഠന ഗവേഷണങ്ങള്‍ നടത്തുന്നതിനൊപ്പം പൊതുജനങ്ങള്‍ക്ക് ചികിത്സാ സൗകര്യവും ഇവിടെ ലഭ്യമാകും. ആദ്യഘട്ടത്തില്‍ ചികിത്സാകേന്ദ്രമെന്ന നിലയിലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ശേഷം പഠന ഗവേഷണം, ഔഷധ സസ്യത്തോട്ടം, പച്ചമരുന്ന് പഠന കോഴ്‌സ്, ഔഷധ സസ്യ പ്രദര്‍ശിനി, പുസ്തക പ്രസിദ്ധീകരണം, ആദിവാസി വംശീയ ഭക്ഷണം തുടങ്ങിയ സൗകര്യങ്ങളുമൊരുക്കും. വിദഗ്ദരായ വൈദ്യന്മാരുടെ സേവനം ഉറപ്പാക്കും. കിടത്തി ചികിത്സ, ആവി കുളി, ഉഴിച്ചില്‍, കിഴി എന്നീ സൗകര്യങ്ങളും ഇവിടെ ലഭിക്കും. തലക്കല്‍ ചന്തു ട്രൈബല്‍ എഡ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ് ഈ കേന്ദ്രം പ്രവര്‍ത്തിക്കുക.
തലക്കല്‍ ചന്തു ട്രൈബല്‍ എഡ്യൂക്കേഷണല്‍ ആന്ന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് പ്രഡിഡന്റ് അപ്പച്ചന്‍ പെരിഞ്ചോല അധ്യക്ഷനായി. ട്രസ്റ്റിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ജി.ബിജുവും എംബ്ലം പ്രകാശനം എടവക ഗ്രാമപഞ്ചായത്ത് അംഗം ജെസ്റ്റിന്‍ ബേബിയും നിര്‍വ്വഹിച്ചു.
എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ഉഷാ വിജയന്‍, തലക്കല്‍ ചന്തു ട്രൈബല്‍ എഡ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി രവീന്ദ്രന്‍ കാവുഞ്ചോല, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ചിന്നമ്മ, ശാന്താ വിജയന്‍, എടവക ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു അണ്ണന്‍, ജോര്‍ജ്ജ് പടകൂട്ടില്‍ , അഡ്വ. എന്‍.കെ. വര്‍ഗ്ഗീസ്, പ്രഭാകരന്‍, വിവിധ രാഷ്ട്രീയ സാംസ്‌ക്കാരിക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.