രാഹുല്‍ തുണച്ചു; സുധീരന്‍ മുന്നോട്ട്

Posted on: September 21, 2015 9:13 am | Last updated: September 23, 2015 at 11:13 pm

Sudheeranതിരുവനന്തപുരം: പാര്‍ട്ടി പുനഃസംഘടനാ വിഷയത്തില്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പിന്തുണ. തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെ ബാധിക്കാത്ത വിധം പുനഃസംഘടനാ പ്രക്രിയയുമായി മുന്നോട്ടുപോകാന്‍ സുധീരന് രാഹുല്‍ ഗാന്ധി അനുമതി നല്‍കി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനായിരുന്നു നിര്‍ദേശം. പാര്‍ട്ടിക്കുള്ളിലെ പൊതുവികാരം കണക്കിലെടുത്ത് പുനഃസംഘടന നീട്ടിവെക്കുന്നതാകും ഉചിതമെന്ന നിലപാടും അവര്‍ സ്വീകരിച്ചിരുന്നു.
എന്നാല്‍, ഇന്നലെ രാഹുല്‍ ഗാന്ധിയെ കണ്ടതോടെ സുധീരന്റെ നിലപാടുകള്‍ക്ക് മേല്‍ക്കൈ ലഭിക്കുകയായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഡല്‍ഹിയിലുണ്ടായിരുന്നുവെങ്കിലും ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്താതെ മടങ്ങി.
കോണ്‍ഗ്രസ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച കര്‍ഷക റാലിയില്‍ സുധീരനും ഉമ്മന്‍ ചാണ്ടിയും പങ്കെടുത്തിരുന്നു. രാംലീല മൈതാനിയിലെ റാലിക്കു ശേഷം രാഹുല്‍ ഗാന്ധിക്കൊപ്പം വാഹനത്തില്‍ കയറിയ വി എം സുധീരന്‍ കാറിനുള്ളിലും പിന്നീട് പത്ത് ജന്‍പഥിലും നടത്തിയ ചര്‍ച്ചകളിലാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്. പുനഃസംഘടനയുടെ അനിവാര്യത ബോധ്യപ്പെടുത്തും വിധം രാഹുലിന് മുന്നില്‍ സുധീരന്‍ കാര്യങ്ങള്‍ അവതരിപ്പിക്കുകയായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ പുത്തന്‍ ഉണര്‍വ് നല്‍കാന്‍ പുനഃസംഘടന സഹായിക്കുമെന്ന നിലപാട് സുധീരന്‍ രാഹുലിനെ അറിയിച്ചു. ഗ്രൂപ്പിസത്തോട് നേരത്തെ മുതല്‍ വിയോജിപ്പുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാടും കാര്യങ്ങള്‍ സുധീരന് അനുകൂലമാക്കി. ഗ്രൂപ്പ് അതിപ്രസരം തടയാന്‍ നടത്തുന്ന ശ്രമങ്ങളാണ് തനിക്കെതിരായ നീക്കത്തിന് പിന്നിലെന്ന് സുധീരന്‍ രാഹുലിനോട് പരാതിപ്പെട്ടെന്നാണ് വിവരം. തര്‍ക്കമില്ലാതെ നടത്തണമെന്ന ഉപാധിയോടെയാണ് ഒടുവില്‍ പുനഃസംഘടനാ പ്രക്രിയയുമായി മുന്നോട്ടുപോകാന്‍ ഹൈക്കമാന്‍ഡ് അനുമതി നല്‍കിയിരിക്കുന്നത്.
പാര്‍ട്ടി പുനഃസംഘടന തദ്ദേശഭരണ തിരഞ്ഞെടുപ്പിന് മുമ്പ് പൂര്‍ത്തിയാക്കണം എന്ന നിലപാട് വി എം സുധീരന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആവര്‍ത്തിക്കുകയും ചെയ്തു. ആത്മവിശ്വാസത്തോടെയാണ് ഡല്‍ഹിയില്‍ നിന്ന് മടങ്ങുന്നതെന്നായിരുന്നു സുധീരന്റെ പ്രതികരണം. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ശേഷിക്കുന്ന പുനഃസംഘടന നീട്ടാന്‍ ആരില്‍നിന്നും നിര്‍ദേശം ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ പുനഃസംഘടനാ നടപടികളുമായി മുന്നോട്ടുപോകും. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് പുനഃസംഘടന പൂര്‍ത്തിയാക്കാനാണ് ശ്രമം. ഇത് നിര്‍ബന്ധത്തിന്റെയും വാശിയുടെയും പ്രശ്‌നമായി ആരും കാണില്ലെന്നാണ് വിശ്വാസമെന്നും സുധീരന്‍ വ്യക്തമാക്കി.
സോണിയാ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തൃപ്തനാണ്. കേരളത്തിലെ പൊതു രാഷ്ട്രീയ സ്ഥിതി ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടി പുനഃസംഘടന എത്രയും വേഗം പൂര്‍ത്തിയാക്കുന്നത് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും സുധീരന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളെല്ലാം വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പുനഃസംഘടനാ പ്രക്രിയ തുടരാനാണ് ഹൈക്കമാന്‍ഡ് അനുമതിയെങ്കിലും ഇതിനോട് കേരളത്തില്‍ നിന്നുള്ള പ്രതികരണം എന്താകുമെന്നതില്‍ വ്യക്തതയില്ല. തിരഞ്ഞെടുപ്പിന് മുമ്പ് പുനഃസംഘടനയുമായി സഹകരിക്കേണ്ടെന്ന് തീരുമാനിച്ച എ, ഐ ഗ്രൂപ്പുകള്‍ എങ്ങനെ പ്രതികരിക്കും എന്നത് നിര്‍ണായകമാണ്. തിരഞ്ഞെടുപ്പിനു മുമ്പ് തന്നെ പുനഃസംഘടന പൂര്‍ത്തിയാകുന്നതാണു നല്ലത് എന്ന നിലപാട് സുധീരന്‍ സ്വീകരിക്കുമ്പോഴും എല്ലാ ശ്രദ്ധയും ഇനി തിരഞ്ഞെടുപ്പിലായിരിക്കണം എന്ന തീരുമാനത്തിലാണ് എ. ഐ വിഭാഗങ്ങള്‍. വര്‍ഷങ്ങളായി ഡി സി സി ഭാരവാഹികളായി പ്രവര്‍ത്തിക്കുന്നവരെ പൊടുന്നനെ ഒഴിവാക്കുന്നതിലും ഇരുവിഭാഗങ്ങള്‍ക്കും പരിമിതികളുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇവരില്‍ പലരും കോര്‍പറേഷന്‍, ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളിലേക്കു തിരഞ്ഞെടുക്കപ്പെടാം. അപ്പോള്‍ കുറെക്കൂടി ആയാസരഹിതമായി പുതിയ ആളുകളെ കൊണ്ടുവരാമെന്നാണ് അവരുടെ പക്ഷം. സുധീരന്‍ എ ഐ സി സി നേതാക്കളെ കണ്ടപ്പോഴും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനെ കാണാതെ കേരളത്തിലേക്ക് മടങ്ങിയതില്‍ തന്നെ അതൃപ്തി നിഴലിക്കുന്നുണ്ടെന്ന് വ്യക്തമാണ്. സമയം ലഭിക്കാത്തതു കൊണ്ടാണ് സോണിയയെ കാണാതെ മുഖ്യമന്ത്രി മടങ്ങിയതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന വിവരം.