Connect with us

Articles

നേപ്പാള്‍ എന്തുകൊണ്ട് ഹിന്ദു രാഷ്ട്രമായില്ല?

Published

|

Last Updated

ദളിത് ഗ്രന്ഥകാരനായ പ്രൊഫസര്‍ കാഞ്ച ഐലയ്യയുടെ “ഞാനെന്തു കൊണ്ട് ഒരു ഹിന്ദുവല്ല” എന്ന പുസ്തകത്തിന്റെ പേരിനെ അനുകരിച്ചുകൊണ്ടാണ് മുകളിലെ തലക്കെട്ട്. ഈ പുസ്തകത്തില്‍ അദ്ദേഹം പറയുന്നു: “സംഘ്പരിവാര്‍ ദിവസവും ഞങ്ങളെ ഹിന്ദുക്കളെന്നു വിളിച്ച് അപമാനിക്കും. വാസ്തവം പറഞ്ഞാല്‍ അവരുടെ ആ കാവിക്കുറി സംസ്‌കാരം കാണുന്നതു തന്നെ ഞങ്ങള്‍ക്കു അപമാനകരമാണ്. ഞങ്ങള്‍ ശൂദ്രര്‍ക്ക് ഹിന്ദുയിസം അല്ലെങ്കില്‍ ഹിന്ദുത്വവുമായി എന്തു ബന്ധം? ഞങ്ങള്‍ ഹിന്ദു എന്നത് ഒരു വാക്കായോ സംസ്‌കാരമായോ മതമായോ ഞങ്ങളുടെ കുട്ടിക്കാലത്തൊന്നും കേട്ടിട്ടുകൂടിയില്ല”. അതിര്‍ത്തിക്കിപ്പുറത്തു നിന്നുള്ള ശക്തമായ സമ്മര്‍ദങ്ങളെ അതിജീവിച്ച് നേപ്പാള്‍ എന്ന രാഷ്ട്രവും അത് തന്നെ പറയുന്നു. ഞങ്ങളുടെ നാട്ടില്‍ മഹാഭൂരിപക്ഷം ഹൈന്ദവരാണ്. എന്നാല്‍ ഞങ്ങളുടെ രാജ്യം ഒരു ഹിന്ദു രാഷ്ട്രമല്ല.
നേപ്പാളിനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യം അവിടുത്തെ ഭരണഘടനാ അസംബ്ലി നിസ്സംശയം തള്ളിയെന്ന വാര്‍ത്ത എല്ലാ മതനിരപേക്ഷ വാദികളെയും സന്തോഷിപ്പിക്കുന്നതാണ്. ഇന്ത്യയില്‍ ഹിന്ദുത്വ ശക്തികള്‍ ഏറ്റവും അപകടകരമായ രാഷ്ട്രീയ ശക്തി കൈവരിക്കുകയും രാജ്യത്തിന്റെ മതേതര പാരമ്പര്യം അപകടപ്പെടുത്തുന്ന അതിക്രമങ്ങള്‍ക്കായി ഈ രാഷ്ട്രീയ ശക്തി നിരന്തരം ഉപയോഗപ്പെടുത്തുകയും ചെയ്യുമ്പോഴാണ് നേപ്പാള്‍ ഇത്തരമൊരു വിപ്ലവകരമായ നിലപാടിലേക്ക് ഉണര്‍ന്നിരിക്കുന്നത്. ബി ജെ പി നേതൃത്വം നേപ്പാളിനെ ഹിന്ദു രാഷ്ട്രമായാണ് കാണുന്നത്. ഇവിടെയുള്ള സംഘ് നേതാക്കളെല്ലാം ഇടക്കിടെ നേപ്പാള്‍ സന്ദര്‍ശിക്കുന്നവരും ആശയപ്രചാരണം നടത്തുന്നവരുമാണ്. മോദി അധികാരത്തില്‍ വന്നശേഷം ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗിച്ച് തന്നെ ഈ പ്രചാരണം തുടരുകയാണ്. പ്രജാതന്ത്ര പാര്‍ട്ടി ഭരണഘടനാ അസംബ്ലിക്ക് മുമ്പില്‍ ഹിന്ദു രാഷ്ട്ര ആവശ്യം ഉയര്‍ത്തിയതില്‍ ഇന്ത്യയിലെ സംഘ് നേതാക്കള്‍ക്ക് വ്യക്തമായ പങ്കുണ്ട്. രാജഭരണ കാലത്ത് ഈ നേതാക്കള്‍ക്കെല്ലാം നേപ്പാളില്‍ ഇന്നത്തേക്കാള്‍ വലിയ സ്വാധീനമുണ്ടായിരുന്നു. 2008ല്‍ രാജഭരണം ജനായത്ത ഭരണത്തിന് വഴി മാറും വരെ ലോകത്തെ ഏക ഹിന്ദു രാഷ്ട്രമേതെന്ന ചോദ്യത്തിനുള്ള ഒരു മാര്‍ക്ക് ഉത്തരമായിരുന്നു നേപ്പാള്‍. ആ ഉത്തരത്തില്‍ ആത്മ സംതൃപ്തിയടഞ്ഞവരാണ് ഇന്ത്യയിലെ ഹിന്ദുത്വ നേതൃത്വം.
ഹിന്ദു ഭൂരിപക്ഷമെങ്കില്‍ അത് ഹിന്ദു രാഷ്ട്രമാകണമെന്നും ഇന്ത്യന്‍ ഭരണഘടനയും ഒരിക്കല്‍ ആ നിലക്ക് തിരുത്തിയെഴുതേണ്ടതാണെന്നും അവര്‍ ആക്രോശിച്ചു കൊണ്ടിരിക്കുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഈ ആക്രോശങ്ങള്‍ക്ക് ഒച്ചയും മൂര്‍ച്ചയും കൂടിയിട്ടുണ്ട്. ബി ജെ പിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം കിട്ടുന്ന ഒരു കാലം വന്നാല്‍ അന്ന് ഇന്ത്യ ഹിന്ദു രാഷ്ട്രമായി മാറുമെന്നാണ് വി എച്ച് പി നേതാവ് പ്രവീണ്‍ തൊഗാഡിയ പ്രഖ്യാപിച്ചിരിക്കുന്നത്. “ഇന്ത്യ ഹിന്ദുക്കളുടേതാണ്, ഹിന്ദുക്കളുടെത് മാത്രമാണ”- ഇതാണ് ആര്‍ എസ് എസിന്റെ നിലപാട്. അത്‌കൊണ്ട്, എണ്‍പത് ശതമാനത്തിലധികം ഹിന്ദുമത വിശ്വാസികള്‍ ഉള്ള നേപ്പാള്‍ ഭരണഘടനാപരമായി മതേതര രാഷ്ട്രമാകുമ്പോള്‍ ആര്‍ എസ് എസിനും അതിന്റെ രാഷ്ട്രീയ രൂപങ്ങള്‍ക്കും അത് സഹിക്കാനാകില്ല. ഹിന്ദു എന്നാല്‍ ഹിന്ദുത്വമല്ലെന്ന് നേപ്പാളും രേഖാമൂലം പ്രഖ്യാപിക്കമ്പോള്‍ അത് ഹിന്ദുത്വത്തിനുമേല്‍ മതനിരപേക്ഷതയുടെ വിജയമാണ്. ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമെന്ന നിലയില്‍ നേപ്പാളിന്റെ വ്യക്തിത്വ വിജയവുമാണത്.
നേപ്പാള്‍ ഇന്ത്യക്ക് ഒരു അയല്‍ രാജ്യം മാത്രമല്ല. ആ രാജ്യത്തിന്റെ രാഷ്ട്രീയം, സൈനികം, വിദ്യാഭ്യാസം, കല, സാഹിത്യം തുടങ്ങി സമസ്ത മേഖലയിലും ഇന്ത്യന്‍ സ്വാധീനം തുളുമ്പി നില്‍ക്കുന്നു. അവിടെ മധ്യസ്ഥ്യത്തിന് പോകുന്നത് ഇന്ത്യയില്‍ നിന്നുള്ള നേതാക്കളാണ്. ഇന്ത്യക്കാര്‍ക്ക് നേപ്പാളില്‍ പോകാനും അവര്‍ക്ക് ഇവിടെ വരാനും പാസ്‌പോര്‍ട്ടോ വിസയോ വേണ്ട. അതിര്‍ത്തിയിലെ വാഹനങ്ങള്‍ക്ക് സ്ഥിരം നമ്പര്‍ പ്ലേറ്റില്ല. അവ അതിര്‍ത്തിക്കപ്പുറത്തേക്കും ഇപ്പുറത്തേക്കും നിര്‍ബാധം സഞ്ചരിക്കുന്നു. നേപ്പാളില്‍ ഭൂകമ്പം ഉണ്ടായപ്പോള്‍ ഇന്ത്യ എന്ത് ചെയ്തുവെന്നാണല്ലോ ലോകം ഉറ്റു നോക്കിയത്. ന്യൂഡല്‍ഹിയില്‍ നിന്ന് സൈന്യവും മാധ്യമ സൈന്യവും ഒരുമിച്ചെത്തി അവിടെ ആടിയ മെലോഡ്രാമ വലിയ വാര്‍ത്തയായതും ഈ അയല്‍ക്കാര്‍ തമ്മിലുള്ള ഇരിപ്പുവശത്തെയാണ് സൂചിപ്പിക്കുന്നത്. ഇന്ത്യയെപ്പോലെയോ അതിലധികമോ ചൈനക്കും അവിടെ സ്വാധീനമുണ്ട്. ചൈനയും ഇന്ത്യയും രണ്ട് ധ്രുവങ്ങളില്‍ നിന്ന് പിടിച്ചു വലിക്കുമ്പോള്‍ ഹിമാലയന്‍ രാഷ്ട്രത്തിലെ പ്രതിസന്ധികള്‍ രൂക്ഷമാകാറുണ്ട്. ഈ രണ്ട് ബിഗ്‌ബോസുമാരുടെ ശ്രമഫലമായി പല പ്രശ്‌നങ്ങളും പരിഹരിക്കപ്പെടാറുമുണ്ട്. 1996ല്‍ മാവോയിസ്റ്റുകള്‍ ജനകീയ യുദ്ധം പ്രഖ്യാപിച്ചപ്പോള്‍ സൈനിക സഹായത്തിന്റെ രൂപത്തിലും 2003ല്‍ മാവോയിസ്റ്റുകളുമായി ചര്‍ച്ച നടന്നപ്പോള്‍ മധ്യസ്ഥതയുടെ രൂപത്തിലും ഇന്ത്യയുണ്ടായിരുന്നു.
1980ല്‍ അന്നത്തെ രാജാവ് ബീരേന്ദ്ര നേപ്പാളില്‍ ലോക ഹിന്ദു സമ്മേളനം സംഘടിപ്പിച്ചു. ആ സമ്മേളനത്തിന്റെ ആശയവും പ്രയോഗവും ആര്‍ എസ് എസും വി എച്ച് പിയും ആയിരുന്നു. അന്ന് ആഗോള ഹിന്ദു രാജാവായി ബീരേന്ദ്രയെ വാഴിക്കുകയും ചെയ്തു. പക്ഷേ അതിന് പിറകേ ബഹുകക്ഷി ഭരണം തിരിച്ചു പിടിച്ച് ജനങ്ങള്‍ രാജഹിതത്തെ വെല്ലുവിളിച്ചു. രാജാധികാരം കൂടുതല്‍ കൂടുതല്‍ ക്ഷീണിച്ചു കൊണ്ടിരുന്നപ്പോഴെല്ലാം രാജാക്കന്‍മാര്‍ ഹിന്ദു സ്വത്വം ഉയര്‍ത്തിക്കൊണ്ടിരുന്നു. 2001ലെ കൊട്ടാരം കൂട്ടക്കൊലക്ക് ശേഷം സിംഹാസനത്തിലിരുന്ന ജ്ഞാനേന്ദ്ര രാജാവും വി എച്ച് പിയെ കൂട്ടുപിടിച്ച് വിശ്വഹിന്ദു സാമ്രാട്ട് പട്ടം പ്രഖ്യാപിച്ചു. രാഷ്ട്രീയ അസ്ഥിരതകള്‍ ഉണ്ടായെങ്കിലും ആ ശ്രമവും ജനാധിപത്യ ശക്തികള്‍ പൊളിച്ചു.
ഇങ്ങനെ ഹിന്ദു രാഷ്ട്രമാകാനുള്ള എല്ലാ ശ്രമങ്ങളും തകരുന്നതില്‍ നേപ്പാളിന്റെ ഇടത് രാഷ്ട്രീയ ചായ്‌വ് തന്നെയാണ് മുഖ്യ പങ്കു വഹിച്ചത്. അതില്‍ നെഹ്‌റു മുതല്‍ ഇങ്ങ് പ്രണാബ് മുഖര്‍ജി, സീതാറാം യെച്ചൂരി വരെയുള്ള ഇന്ത്യന്‍ നേതാക്കളുടെ സ്വാധീനമുണ്ട് എന്നതും വസ്തുതയാണ്. നേപ്പാളികള്‍ അടിസ്ഥാനപരമായി പോരാളികളാണ്. അവര്‍ നല്ല പ്രതികരണശേഷിയുള്ളവരാണ്. കാര്‍ഷിക, ഗ്രാമീണ മേഖലയിലെ ചൂഷണങ്ങളും ദരിദ്രാവസ്ഥയും സാമ്പത്തിക അസമത്വവും അവരെ സമരോത്സുകരും ചരിത്രബോധമുള്ളവരുമാക്കി. ഈ ചരിത്രബോധമാണ് രാജാധികാരത്തിനെതിരായ പൊതു മനസ്സ് രൂപപ്പെടുത്തിയത്. അങ്ങനെയാണ് വര്‍ഷങ്ങള്‍ നീണ്ട കലാപത്തിനൊടുവില്‍ ആയുധമുപേക്ഷിച്ച് രാഷ്ട്രീയ പാര്‍ട്ടിയായ മാവോയിസ്റ്റുകളെ അവര്‍ അധികാരത്തിലേറ്റിയത്. മാവോയിസ്റ്റ് നേതാവായ പ്രചണ്ഡ എന്ന പുഷ്പ കമല്‍ ദഹല്‍ ഇന്നും അവിടെ വലിയ സ്വാധീനമുള്ള നേതാവായി തുടരുന്നതും അത്‌കൊണ്ടാണ്. നേപ്പാളീ കോണ്‍ഗ്രസ് പോലും പ്രണാബിനെപ്പോലെ അല്‍പ്പം ഇടത്തോട്ട് ചരിഞ്ഞാണിരിക്കുന്നത്. അതിനാല്‍ ഇപ്പോള്‍ ഭരണഘടനാ അസംബ്ലിയെടുത്ത തീരുമാനം ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല. അത് തികച്ചും സ്വാഭാവികമായിരുന്നു.
എന്നാല്‍ മതേതര പ്രഖ്യാപനത്തിന് പിറകേ അവിടെ അരങ്ങേറുന്ന സംഘര്‍ഷങ്ങളും അതില്‍ പുറത്ത് നിന്നുള്ളവര്‍ ഇടപെട്ട് സങ്കീര്‍ണമാക്കുന്നതും ആ രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ച് ഉത്കണ്ഠപ്പെടുന്നവരെ നിരാശരാക്കുന്നു. ഭരണ സ്ഥിരത എന്നൊന്ന് ഈ ഹിമാലയന്‍ അയല്‍ രാഷ്ട്രത്തില്‍ ഇന്നു വരെ സാധ്യമായിട്ടില്ല. രാജഭരണത്തിലായിരുന്നു സുദീര്‍ഘ കാലം. രാജാക്കന്‍മാരുടെ വ്യക്തിപരമായ താത്പര്യങ്ങള്‍ ഏറ്റുമുട്ടിയപ്പോഴെല്ലാം രാഷ്ട്രമാണ് ശുഷ്‌കമായിക്കൊണ്ടിരുന്നത്. പുറത്തുള്ളവര്‍ക്ക് നടത്തിപ്പിനെടുക്കാവുന്ന രാജ്യമായി അധഃപതിക്കുകയായിരുന്നു നേപ്പാള്‍. ഇപ്പോള്‍ മതേതര രാഷ്ട്രമായി തുടരാന്‍ ഭരണഘടനാ നിര്‍മാണ സഭയിലെ മഹാഭൂരിപക്ഷം പേരും ഒറ്റക്കെട്ടായി തീരുമാനിക്കുമ്പോഴും ജനങ്ങളില്‍ ഒരു വിഭാഗം തെരുവിലിറങ്ങുന്നത് ഏറെ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. നേപ്പാള്‍ ജനതയുടെ തനതായ വ്യക്തിത്വത്തില്‍ നിന്ന് അവര്‍ അകലുന്നുണ്ടോ എന്ന സംശയമുണര്‍ത്തുന്നു ഈ സംഘര്‍ഷങ്ങള്‍. അതിര്‍ത്തിക്കിപ്പുറത്തു നിന്നുള്ള ചരടുവലിയിലാണോ അത് നടക്കുന്നതെന്ന സംശയവും പ്രസക്തമാകുന്നു. മറ്റൊന്നു കൂടിയുണ്ട്. രാഷ്ട്രീയ നേതൃത്വം എടുക്കുന്ന ഏത് തീരുമാനവും അതിന്റെ വിശദാംശങ്ങളും പ്രയോഗവും ഭാവിയുമടക്കം ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. നേപ്പാള്‍ നേതാക്കള്‍ ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയെന്നതും അത്യന്തം വിപ്ലവകരമായ തീരുമാനത്തിന് പിറകേ ഈ രാജ്യം ഇങ്ങനെ അശാന്തമാകുന്നതിന്റെ കാരണമാണ്. മതേതര റിപ്പബ്ലിക്കായി മാറിയ നേപ്പാളില്‍ ഇനി പശുക്കളെ പരസ്യമായി കശാപ്പു ചെയ്യുമെന്നും പൊതു കാര്യാലയങ്ങളിലെ മതചിഹ്നങ്ങള്‍ അപ്പടി തുടച്ചു നീക്കുമെന്നുമൊക്കെയാണ് വിദ്വേഷ പ്രചാരകര്‍ തട്ടിവിടുന്നത്.
മതേതരത്വം അത്ര എളുപ്പത്തില്‍ അനുഷ്ഠിക്കാവുന്ന ഒന്നല്ല. മതനിരാസം മുന്നിട്ടു നില്‍ക്കുന്ന പാശ്ചാത്യ മതേതരത്വം ഒരു വശത്ത്. മതങ്ങളെ അപ്പടി നിലനിര്‍ത്തിക്കൊണ്ടും മതാനുഷ്ഠാനത്തിനുള്ള പൗരന്റെ അവകാശങ്ങളെ ഒരു പോറലുമേല്‍ക്കാതെ സംരക്ഷിക്കുകയും ചെയ്യുന്ന പൗരസ്ത്യ മതനിരപേക്ഷത മറുവശത്ത്. മനുഷ്യന്റെ മതപരമായ അസ്തിത്വത്തെ രാഷ്ട്രം അംഗീകരിക്കുകയും പരിപാലിക്കുകയും ചെയ്യുമ്പോള്‍ തന്നെ അത് തികച്ചും സന്തുലിതമാകേണ്ടതുണ്ട്. രാഷ്ട്രത്തിന്റെ കാഴ്ചപ്പാടില്‍ ഒരു പ്രത്യേക മതം ഉത്കൃഷ്ടമോ മറ്റൊന്ന് അധമമോ ആകാന്‍ പാടില്ല. ഭൂരിപക്ഷ മത സമൂഹം സാമൂഹിക വ്യവസ്ഥിതിയില്‍ ആര്‍ജിക്കുന്ന സ്വാഭാവികമായ ശക്തിയോടൊപ്പം ന്യൂനപക്ഷ മത സമൂഹത്തെ എത്തിക്കാനായി രാഷ്ട്രം ന്യൂനപക്ഷങ്ങള്‍ക്ക് ചില പ്രത്യേക ആനുകൂല്യങ്ങള്‍ക്ക് മുതിരുകയും വേണം. അപ്പോഴേ യഥാര്‍ഥ മതനിരപേക്ഷത സാധ്യമാകുകയുള്ളൂ. ഈ പ്രക്രിയ വ്യക്തികളുടെയും കുടുംബങ്ങളുടെയും ബന്ധങ്ങളില്‍ നിന്ന് തുടങ്ങി രാഷ്ട്രത്തിന്റെ വിവിധ ഘടകങ്ങളിലേക്ക് പടരേണ്ടതും ശ്രദ്ധാപൂര്‍വം കാത്തു സൂക്ഷിക്കേണ്ടതുമാണ്. ഭരണഘടനയിലെ ഒരു പദമായി അത് ഒടുങ്ങിപ്പോകാതിരിക്കണമെങ്കില്‍ എല്ലാ അവ്യക്തകളും നീക്കി മതനിരപേക്ഷ ചട്ടക്കൂട് പ്രവൃത്തി പഥത്തിലേക്ക് കൊണ്ടു വരേണ്ടതുണ്ട്. അത് നേപ്പാളിന് സാധിക്കുമോ എന്നാണ് മതേതര വിജയത്തിന്റെ ആഘോഷത്തിനിടയിലും ഉയരുന്ന ചോദ്യം.
ഇന്ത്യയെക്കാള്‍ വൈവിധ്യപൂര്‍ണമാണ് നേപ്പാളിലെ ജനത. നൂറിലധികം ഭാഷകള്‍. 80ശതമാനം ഹിന്ദുക്കളെന്നത് ഒരു കണക്ക് മാത്രമാണ്. നൂറ് കണക്കിന് വംശീയ, ഗോത്ര വിഭാഗങ്ങളുടെ ഒരു മഴവില്‍ മതമാണ് ഇവിടുത്തെപ്പോലെ അവിടെ ഹിന്ദു സമൂഹം. ഉത്തുംഗ പര്‍വത മേഖലയിലെ ഹിന്ദുക്കളല്ല, താഴ്‌വരയിലെ ഹിന്ദുക്കള്‍. ജാതി വിഭാഗങ്ങള്‍ അനവധി. ജാതി വിവേചനവും ശക്തം. ഇങ്ങനെ പല ധ്രുവങ്ങളില്‍ നില്‍ക്കുന്ന ഗ്രൂപ്പുകളെ ഹൈന്ദവ ജീവിതരീതി, അനുഷ്ഠാനങ്ങള്‍ തുടങ്ങിയ പൊതു ഘടകങ്ങളെ ആസ്പദമാക്കിയാണ് ഹിന്ദുക്കള്‍ എന്ന് വിവക്ഷിക്കുന്നത്. 4.4 ശതമാനം മുസ്‌ലിംകളാണ്. ബുദ്ധമതം (ഒമ്പത് ശതമാനം), ക്രിസ്ത്യാനികള്‍(1.4 ശതമാനം), മൃഗാരാധകര്‍(0.4ശതമാനം) എന്നിങ്ങനെയാണ് മറ്റു പ്രബല വിഭാഗങ്ങള്‍. പ്രാദേശിക വൈജാത്യങ്ങള്‍ അത്യന്തം സങ്കീര്‍ണമാണ്. യൂനിയനോട് ചേര്‍ന്ന് നില്‍ക്കാനാകാത്ത വിധം വ്യക്തിത്വമുള്ളതും ഒറ്റപ്പെട്ടതുമാണ് പല ജനവാസ പ്രദേശങ്ങളും. ഏഴ് പ്രവിശ്യകള്‍ രൂപപ്പെടുത്താനും ഫെഡറല്‍ ഭരണ സംവിധാനം ആവിഷ്‌കരിക്കാനുമാണ് പുതിയ ഭരണഘടന വിഭാവനം ചെയ്യുന്നത്. ഈ പ്രവിശ്യകളുടെ പേരും അതിര്‍ത്തികളും പിന്നീട് തീരുമാനിക്കും.
പുതിയ ഭരണഘടനയെച്ചൊല്ലിയുള്ള സംഘര്‍ഷത്തില്‍ ഇതിനകം നാല്‍പ്പത് പേര്‍ മരിച്ചു കഴിഞ്ഞു. ഹിന്ദു രാഷ്ട്രം എന്ന സങ്കല്‍പ്പം അസ്തമിച്ചതില്‍ അതൃപ്തരായവര്‍ മാത്രമല്ല, പ്രക്ഷോഭ രംഗത്തുള്ളത്. പ്രാദേശികമായ അതൃപ്തികള്‍, ജാതി വിഭാഗങ്ങളുടെ ആശങ്കള്‍ എല്ലാം ഈ പ്രക്ഷോഭങ്ങളില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. നേപ്പാള്‍ പ്രത്യക്ഷ കാഴ്ചയില്‍ തന്നെ മതാധിഷ്ഠിതമാണ്. കൂറ്റന്‍ ക്ഷേത്രങ്ങള്‍, ബുദ്ധവിഹാരങ്ങള്‍, ശൈവ വിഗ്രഹങ്ങള്‍, മഠങ്ങള്‍, നിരവധി തീര്‍ഥാടന കേന്ദ്രങ്ങള്‍. സമൂഹത്തിലെ താഴേക്കിടയിലുള്ളവര്‍ കൂടുതല്‍ ശക്തമായി മതവത്കരിക്കപ്പെട്ടവരാണ്. ഉയര്‍ന്ന ജാതിയില്‍ പെട്ടവരിലാണ് അല്‍പ്പമെങ്കിലും മതരഹിത പ്രത്യയശാസ്ത്രങ്ങള്‍ സ്വാധീനം ചെലുത്തിയിട്ടുള്ളത്. ഈ യാഥാര്‍ഥ്യങ്ങളെ അഭിസംബോധന ചെയ്യുന്ന ഒരു മതേതര ഭരണ സംവിധാനമാണ് നേപ്പാളിന് വേണ്ടത്. അല്ലെങ്കില്‍ സ്വതവേ ദുര്‍ബലമായ രാഷ്ട്രീയ ഘടന കൂടുതല്‍ ശിഥിലവും സംഘര്‍ഷഭരിതവും ആയിത്തീരും.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest