ജി സി സിയില്‍ ഒരു വര്‍ഷം റോഡില്‍ പൊലിയുന്നത് 10,000 ജീവനുകള്‍

Posted on: September 19, 2015 6:14 pm | Last updated: September 19, 2015 at 6:14 pm

road closedഅബുദാബി: ജി സി സി റോഡുകളില്‍ ഒരോ വര്‍ഷവും പൊലിയുന്നത് ഏതാണ്ട് 10,000 ഓളം ജീവനുകള്‍. ഓരോ 53 മിനുറ്റിലും ഒരാള്‍ വീതം ജിസിസിയിലെ റോഡുകളില്‍ മരിച്ചുവീഴുന്നു. അബുദാബിയില്‍ ഒക്‌ടോബറില്‍ നടക്കുന്ന നാട്രാന്‍സ് അറേബ്യ 2015 സമ്മേളന സംഘടാകരാണ് ഞെട്ടിപ്പിക്കുന്ന ഈ കണക്ക് പുറത്തുവിട്ടത്. 2014ല്‍ ഓരോ 53 മിനുറ്റിലും ഒരാള്‍ എന്ന വീതം റോഡുകളില്‍ ഉണ്ടായ വാഹനാപകടങ്ങളില്‍ മരിച്ചു. റോഡ് സുരക്ഷയില്‍ ഗള്‍ഫില്‍ മുന്നില്‍ ബഹ്‌റൈനാണ്. ഓരോ ആറു ദിവസവും ഒരാള്‍ എന്ന നിലയില്‍ ശരാശരി 61 പേര്‍ എന്ന നിലക്കാണ് ബഹ്‌റൈനിലെ ശരാശരി അപകട മരണ നിരക്ക്.
എന്നാല്‍ റോഡ് അപകടങ്ങളില്‍ ഏറ്റവും കൂടിയ നിരക്ക് സഊദിയിലാണ്. 2013ല്‍ 7,867 പേരാണ് റോഡ് അപകടങ്ങളില്‍ സഊദിയില്‍ മരിച്ചത്. അപകടങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനായി ഗള്‍ഫ് രാജ്യങ്ങള്‍ കഠിനമായ ശ്രമങ്ങള്‍ നടത്തുകയാണ്. സഊദി നടപ്പാക്കിയ സാഹിര്‍ പോലുള്ള റോഡ് ട്രാഫിക് പരിഷ്‌കരണങ്ങള്‍ ഇതില്‍ നാഴികക്കല്ലാണ്.
അടുത്ത അഞ്ചു വര്‍ഷം 3,200 കോടി ഡോളറിന്റെ വന്‍കിട റോഡ് വികസന പദ്ധതികളാണ് ഗള്‍ഫ് മേഖല നടപ്പാക്കുന്നത്. ട്രാഫിക്, പാര്‍കിംഗ്, റോഡ് സുരക്ഷ, എന്നിവയില്‍ പുതിയ സംവിധാനങ്ങള്‍ കൊണ്ടുവന്നും ഗതാഗത സംവിധാനങ്ങളും പാശ്ചാത്തല സൗകര്യങ്ങളും മെച്ചപ്പെടുത്തിയും അപകട നിരക്കില്‍ മാറ്റം വരുത്തുകയാണ് ലക്ഷ്യമിടുന്നത്.
2021ല്‍ ഒരു ലക്ഷം പേര്‍ക്ക് മൂന്നു പേര്‍ എന്ന നിലയിലേക്ക് അപകട മരണ നിരക്ക് കുറച്ചുകൊണ്ടുവരുന്ന പദ്ധതിക്ക് യു എ ഇ തുടക്കമിട്ടു കഴിഞ്ഞു. റോഡപകടങ്ങള്‍ ഗണ്യമായി കുറക്കുക എന്നതായിരിക്കും നാട്രാന്‍സ് അറേബ്യ സമ്മേളനത്തിന്റെ പ്രധാന അജണ്ട എന്നു സംഘാടകര്‍ അറിയിച്ചു. അപകടങ്ങള്‍ കുറക്കാനുള്ള നൂതന സുരക്ഷാ ഉപകരണങ്ങളുടെ പ്രദര്‍ശനവും ഇതോടൊപ്പം നടക്കും. ഒക്‌ടോബര്‍ 25 മുതല്‍ 27 വരെയാണ് സമ്മേളനം..