നിയമസഭയിലെ സംഘര്‍ഷം: നാല് യു ഡി എഫ് അംഗങ്ങള്‍ക്കെതിരെ കേസ്‌

Posted on: September 19, 2015 2:41 pm | Last updated: September 19, 2015 at 11:21 pm

sivadasan
തിരുവനന്തപുരം: ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷ വനിതാ എം എല്‍ എമാരെ കൈയേറ്റം ചെയ്‌തെന്ന പരാതിയില്‍ നാല് യു ഡി എഫ്. എം എല്‍ എമാര്‍ക്കെതിരെ കേസെടുത്തു. ശിവദാസന്‍ നായര്‍, എം എ വാഹിദ്, എ ടി ജോര്‍ജ്, ഡൊമിനിക് പ്രസന്റേഷന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. എം എല്‍ എമാരായ ജമീല പ്രകാശം, കെ കെ ലതിക എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുക്കാന്‍ നിര്‍ദേശിച്ചത്. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ച കോടതി, പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി കേസ് എടുക്കുകയായിരുന്നു. ആരോപണവിധേയരായ നാല് എം എല്‍ എമാരും അടുത്ത വര്‍ഷം ഏപ്രില്‍ 20ന് കോടതിയില്‍ ഹാജരാകണമെന്നും ഉത്തരവുണ്ട്.
സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായമായി തടഞ്ഞുവെക്കല്‍ എന്നീ കുറ്റങ്ങളാണ് എം എല്‍ എമാര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കൈയേറ്റം ചെയ്ത യു ഡി എഫ്. എം എല്‍ എമാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്കും പോലീസിനും വനിതാ അംഗങ്ങള്‍ നേരത്തെ പരാതി നല്‍കിയിരുന്നു. എന്നാല്‍, നടപടിയില്ലെന്ന് കണ്ടാണ് കോടതിയെ സമീപിച്ചത്.
നിയമസഭയിലെ സംഘര്‍ഷ രംഗങ്ങളുടെ വീഡിയോ സഹിതമായിരുന്നു എം എല്‍ എമാര്‍ കോടതിയെ സമീപിച്ചത്. ശിവദാസന്‍ നായര്‍ കാല്‍മുട്ടുകൊണ്ട് മര്‍ദിക്കുകയും ഡൊമിനിക് പ്രസന്റേഷന്‍ ജാതിപ്പേര് വിളിക്കുകയും എം എ വാഹിദ് ലൈംഗിക ചുവയോടെ ശാരീരികമായി ആക്രമിച്ചെന്നും എ ടി ജോര്‍ജ് പുറത്ത് ആഞ്ഞുകുത്തിയെന്നും പരാതിയിലുണ്ടായിരുന്നു.
കഴിഞ്ഞ മാര്‍ച്ച് 13ന് കെ എം മാണി നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നത് പ്രതിപക്ഷ എം എല്‍ എമാര്‍ തടയാന്‍ ശ്രമിച്ചപ്പോഴാണ് യു ഡി എഫ് അംഗങ്ങള്‍ വനിതാ എം എല്‍ എമാരെയടക്കം തടയാന്‍ ശ്രമിച്ചത്. വനിതാ എം എല്‍ എമാര്‍ ഡി ജി പിക്കും സ്പീക്കര്‍ക്കും നല്‍കിയ പരാതിയില്‍ നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.