ആരോഗ്യത്തില്‍ ഒന്നാമനായി നിലമ്പൂര്‍; ആരോഗ്യ കേരളം പുരസ്‌കാരം ഏറ്റുവാങ്ങി

Posted on: September 19, 2015 9:59 am | Last updated: September 19, 2015 at 9:59 am

നിലമ്പൂര്‍: സംസ്ഥാനത്തെ ഏറ്റവും മികച്ച ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ നഗരസഭക്കുള്ള ആരോഗ്യകേരളം പുരസ്‌കാരം ആവേശത്തോടെ നിലമ്പൂര്‍ ഏറ്റുവാങ്ങി.
തിരുവനന്തപുരം വി ജെ ടി ഹാളിലെ ഗംഭീരമായ ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് ദേവശേരി, കൗണ്‍സിലര്‍മാര്‍, സൗഖ്യം നോഡല്‍ ഓഫീസര്‍ ഡോ. അനീന അടങ്ങുന്ന സംഘമാണ് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങിയത്. ആരോഗ്യ പ്രവര്‍ത്തകരും ആശാ വളണ്ടിയര്‍മാരുമടങ്ങുന്ന വന്‍ സംഘം കരഘോഷം മുഴക്കി ഈ ആവേശത്തില്‍ പങ്കു ചേര്‍ന്നു.
അവാര്‍ഡ് തുകയായ 10 ലക്ഷം രൂപയുടെ ചെക്ക് നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തും സെക്രട്ടറി കെ പ്രമോദും ഏറ്റുവാങ്ങി. ആരോഗ്യ മന്ത്രി വി എസ് ശിവകുമാര്‍, കെ മുരളീധരന്‍ എം എല്‍ എ, ആരോഗ്യ സെക്രട്ടറി ഡോ. ഇളങ്കോവന്‍, ആരോഗ്യ ഡയറക്ടര്‍ ഡോ. എസ് ജയശങ്കര്‍, തദ്ദേശ സ്വയംഭരണ സെക്രട്ടറി ജെയിംസ് വര്‍ഗീസ് പങ്കെടുത്ത ചടങ്ങിലായിരുന്നു പുരസ്‌കാരദാനം. പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സയും മരുന്നും നല്‍കിയുള്ള വൈവിധ്യമാര്‍ന്ന ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് നിലമ്പൂരിന് പുരസ്‌കാരം ലഭിച്ചത്. നഗരത്തിലെ മുഴുവന്‍ ജനങ്ങളെയും ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്ന സൗഖ്യം സമഗ്ര ആരോഗ്യ പദ്ധതി. നഗരസഭയിലെ പാവപ്പെട്ടവര്‍ക്ക് ജില്ലാ അശുപത്രിയില്‍ നിന്നും പുറത്തേക്കെഴുതുന്ന മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നതിന് ജില്ലാ ആശുപത്രിയില്‍ ആരംഭിച്ച സൗഖ്യം പ്രത്യേക മരുന്നു വിതരണ കേന്ദ്രം. സംസ്ഥാനത്ത് ഒരു നഗരസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രഥമ പദ്ധതികളാണിവ. നഗരസഭയുടെ വിവിധ സേവനങ്ങളെല്ലാം പരിഗണിച്ചാണ് സംസ്ഥാനത്തെ മികച്ച ആരോഗ്യപ്രവര്‍ത്തനം നടത്തിയ നഗരസഭക്കുള്ള പുരസ്‌കാരം നിലമ്പൂരിന് ലഭിച്ചത്.