തോട്ടം തൊഴിലാളികള്‍ 28ന് പണിമുടക്കി എസ്റ്റേറ്റ് ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തും

Posted on: September 19, 2015 9:52 am | Last updated: September 19, 2015 at 9:52 am

കല്‍പ്പറ്റ: ജില്ലയിലെ തോട്ടം തൊഴിലാളികള്‍ 28ന് സൂചനാ പണിമുടക്ക് നടത്തി എസ്റ്റേറ്റ് ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സംയുക്ത തൊഴിലാളി യൂണിയന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഐ എന്‍ ടി യു സി, എ ഐ ടി യു സി, എസ് ടി യു, പി എല്‍ സി, ബി എം എസ്, എച്ച് എം എസ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്കവും, മാര്‍ച്ചും നടത്തുന്നത്. 2014-15 വര്‍ഷത്തെ ബോണസ് 20 ശതമാനം എല്ലാ തൊഴിലാളികള്‍ക്കും നല്‍കുക, പ്രതിദിന വേതനം 500 രൂപയാക്കി നിശ്ചയിക്കുക, താമസ സൗകര്യം അനുവദിക്കുക, സൗജന്യ ചികിത്സകള്‍ മുന്‍കാലങ്ങൡ നല്‍കിയത് പോലെ തുടര്‍ന്നും നല്‍കുക, മെഡിക്കല്‍ അഡൈ്വസറി ബോര്‍ഡ്, ഹൗസിംഗ് അഡൈ്വസറി സൊസൈറ്റി എന്നിവ പുന:സംഘടിപ്പിച്ച് താമസ സൗകര്യത്തെ കുറിച്ചും, ചികിത്സാ സൗകര്യത്തെ കുറിച്ചും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുക, 21 കിലോ തേയില ചപ്പിന് ശേഷം വരുന്ന ഓരോ കിലോക്കും അഞ്ചു രൂപ വീതം ഓവര്‍ കിലോ റൈറ്റ് നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. സെപ്തംബര്‍ 22ന് തിരുവനന്തപുരത്ത് ലേബര്‍ കമ്മീഷണര്‍ വിളിച്ചു ചേര്‍ത്ത ബോണസ് സംബന്ധിച്ച ചര്‍ച്ചയിലും, സെപ്തംബര്‍ 26ന് കൊല്ലത്ത് ചേരുന്ന പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗത്തിലും ഈ വിഷയങ്ങള്‍ ഉന്നയിക്കുമെന്ന് സംയുക്ത തൊഴിലാളി യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.
ബോണസ് അടക്കമുള്ള പ്രശ്‌നങ്ങളില്‍ സി ഐ ടി യു നടത്തുന്നത് ഇരട്ടത്തപ്പാണ്. ജില്ലയിലെ ചില എസ്റ്റേറ്റുകളില്‍ മാത്രമാണ് സി ഐ ടി യു സമരത്തുന്നത്.
എലസ്റ്റണ്‍ പോലുള്ള എസ്റ്റുകളില്‍ ശമ്പളവും, ബോണസും ലഭിക്കാത്ത സാഹചര്യത്തിലാണ് സി ഐ ടി യു മൗനം പാലിക്കുകയാണ്. സംസ്ഥാനത്തെ 24 എസ്റ്റേറ്റുകളില്‍ ജില്ലയിലെ 20 എണ്ണത്തിലും ബോണസ് വാങ്ങുന്നതിനെ അനുകൂലിക്കുന്ന സി ഐ ടി യു നാല് എണ്ണത്തില്‍ മാത്രമാണ് ബോണസ് വാങ്ങാതിരിക്കുന്നത്. മാനന്തവാടിയില്‍ സംയുക്ത തൊഴിലാളി യൂണിയനൊപ്പം നില്‍ക്കുന്ന സി.ഐ.ടി.യു ചില കേന്ദ്രങ്ങളില്‍ നടത്തുന്ന സമരം ദുഷ്ടലാക്കോടെയാണെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളത്തില്‍ പി കെ മൂര്‍ത്തി (എ ഐ ടി യു സി), പി പി എ കരീം (എസ് ടി യു), എന്‍ വേണുമാസ്റ്റര്‍ (പി എല്‍ സി), പി കെ അനില്‍കുമാര്‍ (ഐ എന്‍ ടി യു സി), പി കെ അച്യുതന്‍ (ബി എം എസ്), എന്‍ ഒ ദേവസ്യ (എച്ച് എം എസ്), കെ ഈനാശു എന്നിവര്‍ പങ്കെടുത്തു.