ക്രൊയേഷ്യന്‍ അതിര്‍ത്തി അടച്ചു

Posted on: September 19, 2015 12:00 am | Last updated: September 19, 2015 at 12:00 am

cro2ബ്രസല്‍സ്: അഭയാര്‍ഥി പ്രതിസന്ധിയില്‍ ഹംഗറിക്ക് പിറകേ ക്രൊയേഷ്യയും കടുത്ത നിലപാടിലേക്ക്. ക്രൊയേഷ്യ വഴി സ്ലോവേനിയയിലേക്കും അവിടെ നിന്ന് ജര്‍മനിയിയിലേക്കും പോകുന്ന അഭയാര്‍ഥികളെ തടയുമെന്നാണ് ക്രോട്ട് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്. അഭയാര്‍ഥികള്‍ പലരും തങ്ങളുടെ രാജ്യത്ത് തങ്ങുകയാണെന്നും ഇത് ഇനി താങ്ങാനാകില്ലെന്നും ക്രൊയേഷ്യന്‍ പ്രധാനമന്ത്രി സോറന്‍ മിലാനോവിക് പറഞ്ഞു. എന്നാല്‍ രാജ്യത്തിന്റെ അതിര്‍ത്തികള്‍ പൂര്‍ണമായി അടക്കില്ല. നിയന്ത്രണം ശക്തമാക്കും. ക്രൊയേഷ്യ വഴി കടന്നു പോകുന്നുവെന്ന നിലക്കാണ് പുറത്തുള്ളവര്‍ കാണുന്നത്. അങ്ങനെയല്ല സംഭവിക്കുന്നത്. സിറിയയില്‍ നിന്നു മാത്രം ഇത്തരത്തില്‍ 14,000 പേര്‍ എത്തിയിട്ടുണ്ട്. ഇത് വലിയ സംഘര്‍ഷത്തിന് കാരണമാകുകയാണ്. നിരവധി പേരെ തിരിച്ചയക്കേണ്ടി വന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ക്രൊയേഷ്യയുടെ എട്ട് റോഡ് ക്രോസിംഗുകളില്‍ ഏഴും അടച്ച പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ വിശദീകരണം. സെര്‍ബിയന്‍ അതിര്‍ത്തിയും അടച്ചിട്ടുണ്ട്. ക്രൊയേഷ്യയിലേക്കുള്ള ക്രോസിംഗ് അടക്കുന്നതില്‍ സെര്‍ബിയക്ക് കടുത്ത വിയോജിപ്പുണ്ട്. അഭയാര്‍ഥികള്‍ തങ്ങളുടെ രാജ്യത്ത് തങ്ങുന്നത് പ്രശ്‌നമുണ്ടാക്കുമെന്നാണ് അവരും പറയുന്നത്.
ക്രൊയേഷ്യയെ ഒരു ഇടത്താവളമായി അഭയാര്‍ഥികള്‍ കാണുകയാണെങ്കില്‍ അംഗീകരിക്കും. എന്നാല്‍ ഒരു അഭയകേന്ദ്രമായി കാണരുതെന്ന് സോറന്‍ പറഞ്ഞു. സ്ലൊവേനിയയിലേക്കുള്ള വഴിയായി ക്രൊയേഷ്യയെ കാണുകയാണെങ്കില്‍ അതിനുള്ള എല്ലാ സൗകര്യവുമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ക്ക് ഹൃദയമുണ്ട്, തലച്ചോറും. അഭയാര്‍ഥികള്‍ക്ക് വെള്ളവും ഭക്ഷണവും മരുന്നും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ഇത്തരത്തില്‍ വിശദീകരിക്കുന്നുവെങ്കിലും അഭയാര്‍ഥികള്‍ പ്രവേശിക്കുന്ന മിക്കയിടങ്ങളിലും പോലീസും സൈന്യവും ഒരുമിച്ച് പരിശോധന നടത്തി അഭയാര്‍ഥികളെ തിരിച്ചയക്കുകയാണ്. അതിനിടെ, കാലായിസിലെ യുറോടണലില്‍ പ്രവേശിക്കുമ്പോള്‍ ഒരു അഭയാര്‍ഥിക്ക് വൈദ്യുതാഘാതമേറ്റു. പലയിടങ്ങളിലും പോലീസും അഭയാര്‍ഥികളും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുന്നുണ്ട്. റോഡുകള്‍ അടച്ചതോടെ പലരും ഗോതമ്പ് പാടങ്ങളിലൂടെയും ഗ്രാമീണ വഴിയിലൂടെയും സെര്‍ബിയയില്‍ നിന്ന് ക്രൊയേഷ്യയിലേക്ക് കടക്കുകയാണ്. പലരും കിലോമീറ്ററുകള്‍ താണ്ടുന്നത് നടന്നാണ്. പോലീസുമായി ഏറ്റുമുട്ടിയ അഭയാര്‍ഥികളില്‍ ചിലരെ അറസ്റ്റ് ചെയ്ത് തലസ്ഥാനത്തേക്ക് കൊണ്ടു പോയിട്ടുണ്ട്.