Connect with us

Articles

ടിപ്പു സുല്‍ത്താനും രജനീകാന്തും

Published

|

Last Updated

ടിപ്പു സുല്‍ത്താന്റെ ജീവിതം പ്രമേയമാക്കി ചിത്രീകരിക്കാനുദ്ദേശിക്കുന്ന സിനിമയില്‍ രജനീകാന്ത് അഭിനയിക്കരുതെന്ന് ബി ജെ പി ദേശീയ നിര്‍വാഹക സമിതി അംഗം എച്ച് രാജ എന്നൊരാള്‍ പറഞ്ഞിരിക്കുന്നു. യഥാര്‍ഥത്തില്‍ ബി ജെ പി ദേശീയ നിര്‍വാഹക സമിതി അംഗം എന്നത് അത്ര വലിയ സ്ഥാനം ഒന്നുമല്ലെന്ന് അതേ സ്ഥാനത്തിരിക്കുന്ന ശോഭാ സുരേന്ദ്രനെ പോലുള്ളവരെ കണ്ടും കേട്ടും മടുത്തുപോയ മലയാളികള്‍ക്കറിയാം. അതിനാല്‍ രാജയുടെ രജനീകാന്തിനോടുള്ള, അഭ്യര്‍ഥനയുടെ പ്രകട ഭഷയിലുള്ളതും അകമേ അമര്‍ഷത്തിന്റെ ഭീഷണി നിറഞ്ഞതുമായ നിലപാടറിയിക്കല്‍ വലിയ ഗൗരവം അര്‍ഹിക്കുന്നില്ല. എന്നിട്ടും ചിലത് കുറിക്കുന്നത് വേറെ ചില കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ്. അതാകട്ടെ, ബി ജെ പിയുമായി ബന്ധപ്പെട്ടതുമാണ്.
ആദ്യം ബി ജെ പിക്കാര്‍ വ്യക്തത വരുത്തേണ്ട കാര്യം ഏതെങ്കിലും ദേശീയ നിര്‍വാഹക സമിതി അംഗം വായില്‍ തോന്നിയത് കോതക്ക് പാട്ടെന്ന മട്ടില്‍ എന്തെങ്കിലും പറഞ്ഞാല്‍ പൊതുജനങ്ങള്‍ അത് ബി ജെ പിയുടെ ഔദ്യോഗിക നിലപാടായി കണക്കാക്കണോ എന്നുള്ളതാണ്. കണക്കാക്കേണ്ടതില്ലെങ്കില്‍ അത് ബി ജെ പിയുടെ നിലപാടല്ലെന്ന് തത്സമയം തിരുത്താനുള്ള ഉത്തരവാദിത്വം അമിത്ഷാ എന്ന ദേശീയ അധ്യക്ഷന്‍ പ്രകടിപ്പിക്കേണ്ടതില്ലേ? ഇപ്പറഞ്ഞ ഉത്തരവാദിത്വം പ്രകടിപ്പിക്കാത്തിടത്തോളം കാലം ദേശീയ നിര്‍വാഹക സമിതി അംഗത്തിന്റെ വിടുവായിത്തങ്ങള്‍ ബി ജെ പി നിലപാടാണെന്ന് കരുതിക്കൊണ്ടു തന്നെ അവക്കെതിരെ പ്രതികരിക്കേണ്ടിവരും. ടിപ്പു സുല്‍ത്താന്റെ ജീവിതം പ്രമേയമാക്കിക്കൊണ്ടുള്ള ചരിത്ര സിനിമയില്‍ രജനീകാന്ത് അഭിനയിക്കരുതെന്ന് പറഞ്ഞത് ഔദ്യോഗിക നിലപാടല്ലെന്ന് അമിത് ഷാ ഇതുവരെയും പ്രതികരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ എച്ച് രാജ ഉയര്‍ത്തിയ നിലപാടുകള്‍ ബി ജെ പിയുടെ നിലപാട് തന്നെ എന്ന നിലയില്‍ കണക്കിലെടുത്ത് ഇടപെടലുകള്‍ നടത്തേണ്ടിവരുന്നു.
രജനീകാന്ത് എന്ന സൂപ്പര്‍ സ്റ്റാര്‍ ടിപ്പുസുല്‍ത്താനായി അഭിനയിക്കുന്നത് തമിഴ്മക്കള്‍ക്ക് ഇഷ്ടമാകില്ലെന്നതിനാല്‍ അദ്ദേഹം ആ റോളില്‍ അഭിനയിക്കരുത് എന്നാണ് എച്ച് രാജ പറഞ്ഞിരിക്കുന്നത്. എച്ച് രാജയുടെ ഈ പ്രസ്താവന അകം മുഴുവന്‍ ധാര്‍ഷ്ട്യം നിറഞ്ഞതാണ്. തമിഴ്മക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ നിശ്ചയിക്കാന്‍ ബി ജെ പിക്കാര്‍ക്ക് അധികാരമുണ്ടെന്ന ഭാവമാണ് ആ പ്രസ്താവനയിലെ ഒന്നാമത്തെ ധാര്‍ഷ്ട്യം. തമിഴ്മക്കളില്‍ ഭൂരിപക്ഷവും ഹിന്ദുക്കള്‍ ആയതിനാലും “ഹിന്ദുക്കളുടെ ശത്രുവാണ് മുസ്‌ലിം” എന്നതിനാലും ഒരു മുസ്‌ലിം സുല്‍ത്താന്റെ വേഷത്തില്‍ രജനീകാന്ത് അഭിനയിക്കുന്നത് ഹിന്ദുക്കള്‍ക്ക് ഇഷ്ടമാകില്ലെന്ന വര്‍ഗീയവിഷവാദമാണ് എച്ച് രാജയുടെ പ്രസ്താവനയിലെ മറ്റൊരു ധാര്‍ഷ്ട്യം. ഇതിനെ വര്‍ഗീയ ഫാസിസ്റ്റ് ധാര്‍ഷ്ട്യം എന്ന് വിശേഷിപ്പിക്കാം.
ചരിത്രപരമായി തന്നെ തമിഴ്മക്കള്‍ ഇഷ്ടപ്പെടാത്ത ഒരുപാട് കാര്യങ്ങളുണ്ട്. ഭാഷാപരമായി തമിഴ്മക്കള്‍ സംസ്‌കൃതത്തേയും ഹിന്ദിയേയും ഇഷ്ടപ്പെടുന്നില്ല. ഗാന്ധിജി ഉള്‍പ്പെടെയുള്ളവരുടെ “രാമരാജ്യ”വാദങ്ങളേയും തമിഴ്ജനത വളരെയേറെ ആദരിക്കുന്ന തന്തൈ പെരിയോര്‍ അംഗീകരിച്ചിട്ടില്ല. ഹിന്ദു രാഷ്ട്രവാദത്തിന് ബദലായി ദ്രാവിഡ രാഷ്ട്രവാദം ഉയര്‍ത്തിയ നേതാവാണ് തന്തൈ പെരിയോര്‍. വസ്തുതകള്‍ ഇങ്ങനെയൊക്കെയായിരിക്കെ, സംസ്‌കൃതം, ഹിന്ദി, രാമന്‍, ഹിന്ദു രാഷ്ട്രവാദം എന്നിവയൊക്കെ ഉയര്‍ത്തുന്ന ആര്‍ എസ് എസിന്റെ രാഷ്ട്രീയ വാലായ ബി ജെ പിക്കാര്‍ക്ക് തമിഴ് മക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് നീങ്ങുന്ന പാര്‍ട്ടിയായി ബി ജെ പി മാറണമെങ്കില്‍ അവരാദ്യം സംസ്‌കൃതം, ഹിന്ദി എന്നീ ഭാഷകളുടെ ആധിപത്യത്തിന് വേണ്ടിയുള്ള അവരുടെ നടപടികള്‍ ഉപേക്ഷിക്കേണ്ടിവരും. ഹിന്ദു രാഷ്ട്രവാദം പോലും ഉപേക്ഷിക്കേണ്ടിവരും. ഇതൊക്കെ ചെയ്തിട്ട് എച്ച് രാജ തമിഴരുടെ ഇഷ്ടാനിഷ്ടങ്ങള്‍ പ്രഖ്യാപനം ചെയ്താല്‍ ഒരുപക്ഷേ, അവര്‍ കേട്ടെന്നിരിക്കും. ഹിന്ദു രാഷ്ട്രവാദം തമിഴ്‌നാട്ടുകാര്‍ക്ക് അനിഷ്ടകരമാണെന്നതിനാല്‍ ആര്‍ എസ് എസും ബി ജെ പിയും അതുപേക്ഷിക്കണമെന്ന് പറയാന്‍ അദ്ദേഹത്തിന് കഴിയുമോ? ഇത് ചെയ്യാനാകില്ലെങ്കില്‍, എച്ച് രാജക്ക് തമിഴ്മക്കളുടെ പ്രിയ നടന്‍ ഏത് റോളില്‍ അഭിനയിക്കുന്നത് തമിഴ്മക്കള്‍ക്ക് ഇഷ്ടപ്പെടും, ഇഷ്ടപ്പെടില്ല എന്നൊക്കെ വിധിയെഴുതാന്‍ അധികാരമോ അര്‍ഹതയോ ഇല്ല.
അശോക് സിംഗാള്‍ മുതല്‍ കുമ്മനം രാജശേഖരന്‍ വരെയുള്ള സംഘ്പരിവാര നേതാക്കള്‍ പൂജ്യസ്വാമിയായി കാണുന്ന ജയേന്ദ്ര സരസ്വതിയെ ജയലളിത സര്‍ക്കാര്‍ അറസ്റ്റ് ചെയ്തപ്പോള്‍, തെരുവിലിറങ്ങി തുള്ളിച്ചാടിയ തമിഴ് മക്കള്‍ക്ക് സംഘ്പരിവാരത്തിന് ഇഷ്ടമില്ലാത്ത ടിപ്പു സുല്‍ത്താന്റെ റോളില്‍ രജനീകാന്ത് നടിയ്ക്കുന്നത് വളരെ വളരെ ഇഷ്ടപ്പെടാനാണ് സാധ്യത. ഇക്കാര്യം സംഘ്പരിവാരത്തിനറിയാം. ദേശപ്രേമിയായ ഒരേയൊരു രാജാവേ ഉണ്ടായിരുന്നുള്ളൂ അത് ഛത്രപതി ശിവജിയാണെന്ന വ്യാജ പ്രതീതി സൃഷ്ടിച്ച് വരുന്ന സംഘ്പരിവാരത്തിന് ടിപ്പു സുല്‍ത്താന്‍ എന്ന ദേശസ്‌നേഹിയായ പോരാളിയുടെ റോളില്‍ ജനപ്രിയ രജനീകാന്ത് അഭിനയിക്കുന്നത് വഴി ജനഹൃദയങ്ങളില്‍ ശിവജിയേക്കാള്‍ ഇടം ടിപ്പുവിന് ലഭിച്ചേക്കുമോ എന്ന ഭീതിയുണ്ട്. ഈ പേടിയുടെ പ്രകടനമാണ് പ്രസ്താവനയിലൂടെ ബി ജെ പി പ്രകടിപ്പിക്കുന്നത്.
ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ആമിര്‍ഖാന്‍ നായകവേഷം കെട്ടിയ പി കെ എന്ന സിനിമക്ക് നേരെയും ഇത്തരം പിത്തലാട്ടങ്ങള്‍ നടന്നു. ദൈവനാമത്തിലും മതനാമത്തിലും നടമാടുന്ന ജനവഞ്ചനകളെയും ചൂഷണങ്ങളെയും പ്രതിപാദിക്കുന്ന ആ സരസചിത്രം ജനം ഏറ്റെടുത്തത് ഫാസിസ്റ്റുകള്‍ക്ക് തിരിച്ചടിയായി. ഇതുപോലൊരവസ്ഥ ടിപ്പു സുല്‍ത്താന്റെ വേഷത്തില്‍ രജനീകാന്ത് വന്നാല്‍ സംഭവിക്കുമോ എന്നു”സംഘികള്‍” പേടിക്കുന്നു. ഇതിനാലവര്‍ ടിപ്പു സുല്‍ത്താന്‍ പ്രമേയമായ ചലച്ചിത്രാവിഷ്‌കാരത്തിന് നേരെ ഇപ്പോഴേ “കുര” തുടങ്ങിയിരിക്കുന്നു. ഈ കുരകള്‍ കേട്ട് സിനിമയല്ല ജീവിതം എന്ന് മറ്റാരേക്കാളും നന്നായറിയാവുന്ന സൂപ്പര്‍ സ്റ്റാറുകളും പേടിക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ സിനിമാ പ്രവര്‍ത്തകരോ മലയാളത്തിലെ മമ്മുട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള വെള്ളിത്തിര നക്ഷത്ര നായകരോ രജനീകാന്ത് ടിപ്പുവായി അഭിനയിക്കരുതെന്ന ബി ജെ പി നിലപാടിനെതിരെ എവിടെയും ശബ്ദിച്ചുകാണുന്നില്ല. സുരേഷ് ഗോപി ശബ്ദിക്കില്ലെന്ന് ഉറപ്പ്. കാരണം, അദ്ദേഹം ഒരു ബി ജെ പിക്കാരനാണല്ലോ. രാജേട്ടനു ശേഷം എല്ലാ തിരഞ്ഞെടുപ്പുകളിലും ജയിക്കും എന്ന ഘോഷത്തോടെ നിര്‍ത്തി തോല്‍പ്പിക്കാന്‍ ബി ജെ പി കണ്ടെത്തിയ താരപരിവേഷമുള്ള സ്ഥാനാര്‍ഥിയായി സുരേഷ്‌ഗോപി മാറിയിട്ട് കാലങ്ങളേറെയായി. അതിനാല്‍ അദ്ദേഹത്തില്‍ നിന്ന് ബി ജെ പി നേതാക്കള്‍ക്ക് ഇഷ്ടമില്ലാത്ത എന്തെങ്കിലും തനിക്ക് ഇഷ്ടമാണെന്ന അഭിപ്രായം ഉണ്ടാകാന്‍ ഇടയില്ല. പക്ഷേ, മോഹന്‍ലാലോ മമ്മൂട്ടിയോ ബി ജെ പിക്കാര്‍ അല്ലല്ലോ. എന്നിട്ടും ഒരു കലാകാരന് ഏത് വേഷം കെട്ടണം ഏത് വേഷം കെട്ടെരുത് എന്ന് പറയാന്‍ ജനാധിപത്യ വ്യവസ്ഥയില്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും അധികാരമില്ലെന്ന് പറയാന്‍ സൂപ്പര്‍സ്റ്റാറുകള്‍ക്ക് കഴിയാതെ പോയത് കല്‍ബുര്‍ഗിയുടെ ഗതി, ഗാന്ധിജിയുടെ ഗതി, നരേന്ദ്ര ബോല്‍ക്കറുടെ ഗതി തങ്ങള്‍ക്കും ഉണ്ടാകുമോ എന്ന പേടികൊണ്ടാണെന്ന് തോന്നുന്നു. ഇങ്ങനെ പേടിക്കുന്നവരുടെ ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ആര്‍ക്കാണ് സാധിക്കുക?

---- facebook comment plugin here -----

Latest