Connect with us

Kerala

വിദ്യാര്‍ഥികളെ ഇറക്കി തിരിച്ചുവന്ന വാന്‍ നടുറോഡില്‍ കത്തി നശിച്ചു

Published

|

Last Updated

മട്ടാഞ്ചേരി: മുണ്ടംവേലി കേന്ദ്രീയ വിദ്യാലയത്തില്‍ വിദ്യാര്‍ഥികളെ ഇറക്കിയതിനു ശേഷം തിരിച്ചുവന്ന മാരുതി വാന്‍ നടുറോഡില്‍ കത്തി നശിച്ചു. ഇന്നലെ രാവിലെ 8.35 ഓടെ വാലുമ്മേല്‍ ജിയോസീ ഫുഡ്‌സിന് സമീപമാണ് നാട്ടുകാരെ ഞെട്ടിച്ച സംഭവമുണ്ടായത്.
റോഷന്റെ ഉടമസ്ഥതയിലുള്ള വാന്‍ പിതാവ് പള്ളുരുത്തി എം എല്‍ എ റോഡില്‍ പുനത്തില്‍ വീട്ടില്‍ ലോറന്‍സാണ് ഓടിച്ചിരുന്നത്. കേന്ദ്രീയ വിദ്യാലയത്തിലെ 12 കുരുന്നുകളാണ് ഈ വാനിലെ സ്ഥിരം യാത്രക്കാര്‍. പതിവില്‍ നിന്ന് വ്യത്യസ്തമായി വാഹനത്തിന് ഒരു തടസ്സം ഇടക്കിടെ ഉണ്ടായിരുന്നതായി ഡ്രൈവര്‍ പറഞ്ഞു.
തുടര്‍ന്ന് വാഹനം പരിശോധിച്ചതിന് ശേഷം വീണ്ടും വാഹനം എടുക്കുമ്പോള്‍ പെട്ടെന്ന് തീ പിടിക്കുകയായിരുന്നു. പെട്രോളില്‍ നിന്നുള്ള കുഴല്‍ വിട്ടു പോയതാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഗ്യാസിലും ഈ വാഹനം ഓടിക്കാന്‍ കഴിയും. ഗ്യാസില്‍ നിന്ന് പെട്രോളിലേക്ക് മാറിയപ്പോള്‍ ഉണ്ടായ തീപ്പൊരിയാകാം അപകട കാരണമെന്നും പറയപ്പെടുന്നു. സ്‌കൂളിലേക്ക് പോകും വഴി വാഹനത്തിന് ഉണ്ടായിരുന്ന കുഴപ്പം പരിഹരിക്കാന്‍ ശ്രമിക്കാതിരുന്നതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി. നാട്ടുകാര്‍ തീ അണക്കാന്‍ ഏറെ ശ്രമിച്ചെങ്കിലും വിഫലമായി മട്ടാഞ്ചേരിയില്‍ നിന്ന് അഗ്‌നിശമന വിഭാഗമെത്തിയാണ് തീ അണച്ചത്. തോപ്പുംപടി പോലീസും സ്ഥലത്തെത്തി.
അഗ്‌നിശമന വിഭാഗം സ്‌റ്റേഷന്‍ ഓഫീസര്‍ ജെ സുരേഷ് കുമാര്‍, അസി. ഓഫീസര്‍ കെ ജെ തോമസ്, ലീഡിംഗ് ഫയര്‍മാന്‍ കെ ജി ലൈജു. ഫയര്‍മാന്‍മാരായ ജോണ്‍സന്‍, കെ എസ് സുബിന്‍ എന്നിവര്‍ ചേര്‍ന്നാണ് തീ അണച്ചത്. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Latest