Connect with us

Articles

വെള്ളാപ്പള്ളി നടേശന് വി പി സിംഗിനെ ഓര്‍മയുണ്ടോ?

Published

|

Last Updated

കുറേകാലമായി വെള്ളാപ്പള്ളി നടേശന്‍ സംഘപരിവാറിന്റെ ആലയില്‍ ശ്രീനാരായണപ്രസ്ഥാനത്തെ കൊണ്ടുപോയി കെട്ടിയിടാനുള്ള നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഹിന്ദുത്വത്തിന്റെ രാക്ഷസ മോഹങ്ങള്‍ക്ക് എസ് എന്‍ ഡിപിയെ അടിയറവെക്കുന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന നാട്യത്തിലാണ് അദ്ദേഹവും കൂട്ടരും. സംഘപരിവാറിന്റെ അഭീഷ്ടങ്ങളനുസരിച്ച് വെള്ളാപ്പള്ളി ചാഞ്ഞും ചരിഞ്ഞും കളിക്കുന്നത് പല ഘട്ടങ്ങളിലായി കണ്ടതാണ്. “ജാതിഭേദം മതദേ്വഷം എതുമില്ലാതെ സര്‍വരും സോദരതേ്വന വാഴുന്ന മാതൃകാസ്ഥാനമാണിതെ”ന്ന് മലയാളികളെ പഠിപ്പിച്ച ശ്രീനാരായണനെ ഹിന്ദുരാഷ്ട്രവാദികളുടെ സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എറിഞ്ഞുകൊടുക്കുന്നത് സഹിക്കാവുന്നതല്ല. തൊഗാഡിയയും അമിത് ഷായും സ്വാധ്വിനിരഞ്ജന്‍ ജ്യോതിയുമെല്ലാമായി ചേര്‍ന്ന് ശ്രീനാരായണപ്രസ്ഥാനത്തെ അപമാനിക്കുകയാണ് വെള്ളാപ്പള്ളി ചെയ്തത്.
ഗുരുവിന്റെ മാനവികദര്‍ശനങ്ങളെ ക്രൂശിക്കുന്നവരെ വിമര്‍ശിക്കാന്‍ പോലും പാടില്ലെന്നാണ് തീവ്രഹിന്ദുത്വവാദികളോടൊപ്പം ചേര്‍ന്ന് വെള്ളാപ്പള്ളി പറയുന്നത്. ഗുരുവിനെ മതരാഷ്ട്രവാദികളുടെ ഗാഗുല്‍ത്താ മലകളിലേക്ക് അപരമതവിരോധത്തിന്റെ മുള്‍ക്കുരിശുമായി കയറ്റിക്കൊണ്ടുപോകുന്ന അഭിനവപരീശന്മാരെ വിമര്‍ശിക്കുന്നതാണു പോലും ഗുരുനിന്ദ! ആര്‍ എസ് എസ് എന്നും ശ്രീനാരായണ ധര്‍മ്മങ്ങള്‍ക്ക് എതിര്‍ദിശയില്‍ നിലകൊണ്ട പ്രസ്ഥാനമാണ്. അതിന്റെ ചരിത്രവും ദര്‍ശനവും ബ്രാഹ്മണാധികാരത്തിലധിഷ്ഠിതമായ ജാതിഉച്ചനീചത്വങ്ങളുടെയും അപരമതവിരോധത്തിന്റേതുമാണ്.
ന്യൂനപക്ഷങ്ങളെ മാത്രമല്ല ദളിതരെയും പിന്നാക്ക ജാതിക്കാരെയും ലക്ഷ്യമിടുന്നതാണ് സംഘ്പരിവാറിന്റെ പ്രത്യയശാസ്ത്രവും പ്രയോഗപരിപാടികളും. ബല്‍ചി, പരാസ്ബീഗ, നാരായണ്‍പൂര്‍, ലക്ഷ്മണ്‍പൂര്‍ ബാത്ത തുടങ്ങിയ ദളിത് കൂട്ടക്കൊലകള്‍ക്കു പിറകില്‍ ആര്‍ എസ് എസിന്റെ പങ്ക് വ്യക്തമാക്കപ്പെട്ടതാണ്. 1998ലെ ലക്ഷ്മണ്‍പൂര്‍ബാത്ത കൂട്ടക്കൊല കാലത്ത് ബി ജെ പിയുടെ ബീഹാര്‍ സംസ്ഥാന ചുമതലയുണ്ടായിരുന്ന ഗോവിന്ദാചാര്യയുമായി ഫ്രണ്ട്‌ലൈന്‍ അഭിമുഖം നടത്തുകയുണ്ടായി. അതില്‍ ലക്ഷ്മണ്‍പൂര്‍ബാത്ത ഉള്‍പ്പെടെയുള്ള ദളിത് കൂട്ടക്കൊലകളെ സവര്‍ണപക്ഷത്തു നിന്ന്, ഇടതുതീവ്രവാദഭീഷിണിയെ നേരിടാനെന്ന വ്യാജേന ന്യായീകരിക്കുകയാണ് ഗോവിന്ദാചാര്യ ചെയ്തത്.
ബീഹാര്‍ പോലുള്ള ഫ്യൂഡല്‍ ഭൂപ്രഭുത്വം നിര്‍ണായകമായ സ്വാധീനം ചെലുത്തുന്ന സംസ്ഥാനങ്ങളില്‍ ദളിതുകള്‍ക്കെതിരായുള്ള കൂട്ടക്കൊലകള്‍ പതിവാണ്. സര്‍ക്കാര്‍ ലൈസന്‍സ് നേടിയ തോക്കുകളും അതോടൊപ്പം നിയമവിരുദ്ധമായി സംഭരിക്കുന്ന ആയുധങ്ങളും ഉപയോഗിച്ചാണ് 1970 മുതല്‍ ഗ്രാമങ്ങളില്‍ കൂട്ടക്കൊലകള്‍ നടക്കുന്നത്. സവര്‍ണജന്മിത്വത്തിന്റെ സാമൂഹികാടിത്തറയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ എസ് എസും ജനസംഘവും ബി ജെ പിയുമാണ് ഗുണ്ടകളെയും തൊഴില്‍രഹിതരായ ചെറുപ്പക്കാരെയും റിക്രൂട്ട് ചെയ്ത് സവര്‍ണസേനകള്‍ രൂപീകരിക്കുന്നത്. ഭൂമിഹാര്‍ ജാതിക്കാരാണ് രണ്‍ബീര്‍സേനപോലുള്ളവയുടെ പ്രധാന അടിത്തറ. സവര്‍ണജാതി മേധാവിത്വത്തെയും ഭൂവുടമസ്ഥതെയയും ചോദ്യം ചെയ്യുന്ന അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളുടെ ഉണര്‍വുകളാണ് സവര്‍ണരെ പ്രകോപിപ്പിക്കുന്നത്.
ആര്‍ എസ് എസും ബി ജെ പിയും സവര്‍ണരെ മുന്നില്‍ നിര്‍ത്തി നടത്തിയ മണ്ഡല്‍വിരുദ്ധ കലാപങ്ങള്‍ കുപ്രസിദ്ധമാണല്ലോ. ഈ ചരിത്രയാഥാര്‍ഥ്യങ്ങളെല്ലാം മറച്ചുപിടിച്ചുകൊണ്ടാണ് വെള്ളാപ്പള്ളി നടേശന്‍ പിന്നാക്കസമുദായ താത്പര്യം സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് ബി ജെ പിയെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത്. 1992ല്‍ പിന്നാക്കസമുദായക്കാര്‍ക്ക് കേന്ദ്ര സര്‍വീസിലും പൊതുമേഖലാസ്ഥാപനങ്ങളിലും 27 ശതമാനം ജോലി സംവരണം അനുവദിച്ചുകൊണ്ടാണ് മണ്ഡല്‍കമ്മീഷന്‍ ശിപാര്‍ശയനുസരിച്ച് അന്നത്തെ വി പി സിംഗ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇന്ത്യയിലെ 52 ശതമാനത്തോളം വരുന്ന പിന്നാക്കജനവിഭാഗങ്ങള്‍ക്കനുകൂലമായി, ഇടതുപക്ഷ പിന്തുണയുണ്ടായിരുന്ന വി പി. സിംഗ് സര്‍ക്കാര്‍ ഇത്തരമൊരു നടപടി സ്വീകരിച്ചപ്പോള്‍ ആര്‍ എസ് എസും ബി ജെ പിയും അതിനെതിരായി രംഗത്തുവന്ന കാര്യം വെള്ളാപ്പള്ളി മറന്നാലും പിന്നാക്കസമുദായങ്ങളിലെ കാര്യവിവരമുള്ള ഒരാള്‍ക്കും മറന്നുകളയാനാകില്ല.
ഇന്ത്യയിലെ പിന്നാക്ക ജാതി വിഭാഗങ്ങളില്‍ വലിയ ഉണര്‍വും രാഷ്ട്രീയ ശാക്തീകരണത്തിനുള്ള സാധ്യതയുമാണ് മണ്ഡല്‍കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക വഴി വി പി സിംഗ് സര്‍ക്കാര്‍ സംജാതമാക്കിയത്. അതിന്റെ പ്രതിഫലനങ്ങള്‍ ബീഹാറിലെയും യു പിയിലെയും സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ പ്രകടമാകുകയും ചെയ്തു. തങ്ങളുടെ ചാതുര്‍വര്‍ണ്യാധിഷ്ഠിത സവര്‍ണ താത്പര്യങ്ങള്‍ക്ക് ഭീഷണിയാണ് വി പി സിംഗ് സര്‍ക്കാറും മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും എന്നതുകൊണ്ടാണല്ലോ ആര്‍ എസ് എസ് രാജ്യമാസകലം സവര്‍ണ കലാപങ്ങളും ആത്മാഹുതി നാടകങ്ങളും നടത്തിയത്. മണ്ഡലിനെ നേരിടാന്‍ കൂടിയായിരുന്നല്ലോ മസ്ജിദ് പ്രശ്‌നം ഉയര്‍ത്തിയെടുത്തതും അയോധ്യയിലേക്ക് രഥയാത്ര നടത്തി രാജ്യത്തെയാകെ വര്‍ഗീയവത്കരിച്ചതും. അന്ന് മണ്ഡല്‍കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയ വി പി സിംഗ് സര്‍ക്കാറിനെ കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്ന് അട്ടിമറിച്ച ബി ജെ പിയില്‍ പിന്നാക്കസുരക്ഷ കണ്ടെത്താന്‍ നടേശന്മാര്‍ക്കേ കഴിയൂ!
ഹിന്ദുതാത്പര്യം സംരക്ഷിക്കാന്‍ ഞങ്ങള്‍ ആരോടും കൂട്ടുകൂടുമെന്ന് പ്രഖ്യാപനം നടത്തുന്ന വെള്ളാപ്പള്ളിയുടെ മനസ്സില്‍ ഏത് ഹിന്ദുവിന്റെ താത്പര്യമാണ് ഉള്ളതെന്ന് വ്യക്തമാക്കേണ്ടതുണ്ട്. 22 ശതമാനത്തോളം വരുന്ന പട്ടികജാതിക്കാരുടേയോ അതിലും താഴെ വരുന്ന പട്ടികവര്‍ഗക്കാരുടേയോ 52 ശതമാനത്തോളം വരുന്ന പിന്നോക്ക ജാതിക്കാരുടേയോ? ആരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ഹിന്ദുരാഷ്ട്രവാദികളുമായി കൈകോര്‍ക്കുന്നത്? സവര്‍ണ ഹിന്ദുത്വത്തിന്റെ താത്പര്യങ്ങളെയാണ് ആര്‍ എസ് എസ് എന്നും പ്രതിനിധാനം ചെയ്തിട്ടുള്ളത്.
സംവരണ കാര്യത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നത് ആര്‍ എസ് എസിന്റെ സംവരണവിരുദ്ധനിലപാടിനെ ശരിവെക്കുന്നതുകൊണ്ടാണ്. സങ്കുചിത താത്പര്യങ്ങള്‍ക്കായി വെള്ളാപ്പള്ളി കേരളത്തിലെ ഏറ്റവും പ്രബലമായ ഒരു സമുദായത്തെ ബി ജെ പിയുടെ രാഷ്ട്രീയതാത്പര്യങ്ങള്‍ക്ക് കൂട്ടിക്കൊടുക്കാനാണ് ശ്രമിക്കുന്നത്. ഇതിനെയാണ് ഇടതുപക്ഷനേതാക്കള്‍ എതിര്‍ക്കുന്നത്. ഈ എതിര്‍പ്പിനെ ഈഴവസമുദായത്തിനെതിരായ എതിര്‍പ്പായും ഗുരുനിന്ദയായും ചിത്രീകരിച്ച് ഗുരുദര്‍ശനങ്ങളെ കുരിശിലേറ്റുന്ന തന്റെ വഞ്ചനാപരമായ നിലപാടുകളെ മറച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് വെള്ളാപ്പള്ളി നടത്തിക്കൊണ്ടിരിക്കുന്നത്.
ജാതിക്കതീതമായി മാനവികത ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനമെന്ന നിലക്കാണ് ഗുരു എസ് എന്‍ ഡി പിയെ വിഭാവനം ചെയ്തത്. വെള്ളാപ്പള്ളിയും മകനും ജാതിപറയുമെന്നും ഈഴവ സമുദായത്തിന്റെ താത്പര്യം മാത്രമാണ് സംഘടനയുടെ ലക്ഷ്യമെന്നും വിളിച്ചുപറയുന്നു. വിവേകാനന്ദന്റെ ഉപദേശപ്രകാരമുള്ള ഡോ. പല്‍പ്പുവിന്റെ അഭ്യര്‍ഥനയനുസരിച്ചാണല്ലോ ഗുരു എസ് എന്‍ ഡി പി യോഗത്തിന് രൂപംകൊടുക്കുന്നത്. അക്കാലത്ത് മലബാറില്‍ തിയ്യമഹാസഭയും തിരുവിതാംകൂറില്‍ ഈഴവസഭയും നിലനില്‍ക്കുന്നുണ്ടായിരുന്നു. എന്നിട്ടും “ശ്രീനാരായണ ധര്‍മപരിപാലന സംഘം” എന്നാണ് തന്റെ സംഘടനക്ക് പേരിട്ടത്. 1102ല്‍ മകരമാസത്തില്‍ നടന്ന യോഗത്തിന്റെ ഒരു സമ്മേളനത്തില്‍ നല്‍കിയ സന്ദേശത്തില്‍ ഗുരു ജാതിക്കതീതമായ യോഗത്തിന്റെ നിലപാടുകളെ അടിവരയിട്ടുകൊണ്ട് ഇങ്ങനെ പറഞ്ഞു: “ഈഴവന്‍ എന്ന പേര് ജാതിയേയോ മതത്തേയോ സൂചിപ്പിക്കുന്നില്ല. അതിനാല്‍ ഈ യോഗത്തില്‍ ജാതിഭേദം നോക്കാതെ ആളുകളെ ചേര്‍ക്കാവുന്നതാണ്. യോഗത്തില്‍ ധാരാളം ആളുകള്‍ ചേരട്ടെ എന്ന് നാം ആശംസിക്കുന്നു.” എസ് എന്‍ ഡി പി ഒരു ജാതി സംഘടനയല്ല എന്ന് എത്രയോ സന്ദര്‍ഭങ്ങളില്‍ ഗുരു നേരിട്ടുതന്നെ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ അനുയായികളില്‍ ചിലര്‍ എസ് എന്‍ ഡി പി സമുദായസംഘടനയല്ലേ എന്ന് സംശയമുന്നയിച്ചപ്പോള്‍ അവരുടെ സംശയം തീര്‍ക്കാനായി പള്ളുരുത്തിയില്‍ ചേര്‍ന്ന യോഗസമ്മേളനത്തിന് അയച്ച സന്ദേശത്തില്‍ ഗുരു ഇങ്ങനെ അറിയിച്ചു: “സംഘടനയുടെ ഉദ്ദേശം ഒരു സമുദായത്തെ സൃഷ്ടിക്കാനാകരുത്. നമ്മുടെ സംഘടന എല്ലാ മനുഷ്യരെയും ഒന്നായി ചേര്‍ക്കുന്നതായിരിക്കണം.”
വെറുപ്പിന്റെയും വിവേചനത്തിന്റെയും രാഷ്ട്രീയ പ്രത്യയപ്രത്യയശാസ്ത്രമെന്ന നിലക്കാണ് ഹിന്ദുത്വവാദം ജന്മമെടുക്കുന്നതും ഹിന്ദു മഹാസഭയും ആര്‍ എസ് എസും നാടിനെ കലാപകലുഷിതമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതും. വിഭാഗീയതയുടെയും വിവേചനത്തിന്റേതുമായ ബ്രാഹ്മണാധികാരത്തെ ചോദ്യം ചെയ്തുകൊണ്ടാണ് അരുവിപ്പുറത്ത് ഗുരു വിഗ്രഹപ്രതിഷ്ഠ നടത്തുന്നത്. വിഗ്രഹപ്രതിഷ്ഠക്കു ശേഷം ഗുരു അവിടെ എഴുതിവെച്ചത് “ജാതിഭേദം മതദേ്വഷം ഏതുമില്ലാതെ സര്‍വ്വരും സോദരതേ്വന വാഴുന്ന മാതൃകാസ്ഥാനമാണിതെന്നാ”ണല്ലോ. ഈ ഗുരുവിന്റെ അനുയായികളെന്നുപറയുന്നവര്‍ “ഞങ്ങള്‍ ഈഴവരാണെ”ന്നും “ഞങ്ങള്‍ ഹിന്ദുക്കളാണെ”ന്നും നായര്‍ മുതല്‍ നായാടി വരെയുള്ള വിശാല ഹിന്ദുഐക്യമാണ് ലക്ഷ്യമെന്നും പറയുമ്പോള്‍ അവര്‍ ഗുരുനിന്ദയാണ് നടത്തുന്നത്. ഗുരുവചനങ്ങള്‍ക്കുപകരം അവര്‍ കുമ്മനത്തിന്റെയും ശശികല ടീച്ചറുടെയും വിഷലിപ്തമായ വാക്കുകളാണ് പറയുന്നത്.
ഗുരുധര്‍മത്തെ കുരിശിലേറ്റുന്നവരായി എസ് എന്‍ ഡി പിയുടെ ഇന്നത്തെ നേതൃത്വം അധഃപതിച്ചുപോകുന്നത് അവര്‍ സംഘ്പരിവാറിന്റെ വൈതാളികരായി തീര്‍ന്നതുകൊണ്ടാണ്. അതിനെ വിമര്‍ശിക്കാനും ചോദ്യം ചെയ്യാനും ഓരോ മലയാളിക്കും അവകാശമുണ്ട്. ജാതീയതയുടെയും മതപരതയുടെയും വിഷലിപ്തമായ ഭൂതകാലത്തോട് കണക്കു തീര്‍ത്താണ് ജാതിരഹിതവും മതനിരപേക്ഷവുമായ ഒരു സാമൂഹിക നിര്‍മിതിക്ക് ശ്രീനാരായണന്‍ ഉള്‍പ്പെടെയുള്ള നവോത്ഥാനനായകര്‍ അടിത്തറയിട്ടത്. ഗുരു പറഞ്ഞതിന് വിരുദ്ധമായി ചെയ്യുകയും ചെയ്യിക്കുകയും ചെയ്യുന്നതാണ് ഗുരുനിന്ദ. “ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യന്” എന്ന ഗുരുദര്‍ശനത്തിലെ മതനിരപേക്ഷതയെ ജാതി ഭ്രാന്തുകൊണ്ടും ഹിന്ദുത്വ വര്‍ഗീയതകൊണ്ടും പകരംവെക്കാന്‍ ശ്രമിക്കുന്നതാണ് മാപ്പര്‍ഹിക്കാത്ത ഗുരുനിന്ദ.
വിദ്യകൊണ്ട് പ്രബുദ്ധരാവാന്‍ വിദ്യാലയങ്ങള്‍ സ്ഥാപിക്കാന്‍ ആവശ്യപ്പെട്ട ഗുരുവിന്റെ കാഴ്ചപ്പാടുകളില്‍ നിന്ന് വിദ്യാഭ്യാസ കമ്പോളത്തിലെ കൊടുക്കല്‍ വാങ്ങലുകളിലേക്ക് ഇന്നത്തെ യോഗനേതൃത്വം അധഃപതിച്ചുപോയിരിക്കുന്നു. മദ്യം വിഷമാണെന്ന് പഠിപ്പിച്ച ഗുരുവിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഇന്നത്തെ യോഗനേതൃത്വം മദ്യവാണിജ്യത്തിലൂടെ പണം കുന്നുകൂട്ടുന്നു. ഈ പണം തന്നെയാണ് യോഗനേതൃത്വത്തില്‍ സ്വാധീനം ഉറപ്പിക്കാന്‍ ഇക്കൂട്ടര്‍ ചെലവഴിക്കുന്നത്. മതാതീതമായ ആത്മീയതയെക്കുറിച്ചാണ് ഗുരു പഠിപ്പിച്ചത്. എന്നാലിന്ന് ഹിന്ദുമതരാഷ്ട്രവാദത്തിന് കേരളത്തില്‍ ഇറങ്ങിവരാനുള്ള കോണിപ്പടിയായി യോഗത്തെ അധഃപതിപ്പിക്കാനാണ് വെള്ളാപ്പള്ളിയും മകനും കളികളാരംഭിച്ചിരിക്കുന്നത്. അമിത് ഷായും പ്രവീണ്‍തൊഗാഡിയയും നീട്ടുന്ന പച്ചിലകള്‍കണ്ട് പുളകംകൊള്ളുന്നവരാണ് എസ് എന്‍ ഡി പിയെ ഒരു ജാതിസംഘടനയായി ഒതുക്കി ഹിന്ദുത്വത്തിന് വാലാട്ടുന്നത്. അവരറിയേണ്ടത് ഗുരുവിന്റെ ഏറ്റവും അടുത്ത ആളുകള്‍ മറ്റ് സമുദായങ്ങളില്‍പ്പെട്ട സത്യവ്രതസ്വാമിയും ആനന്ദതീര്‍ഥനും ബോധാനന്ദസ്വാമിയും ഗോവിന്ദാനന്ദ സ്വാമിയും ശിവലിംഗസ്വാമിയും തുടങ്ങി ഒരു നീണ്ടനിരതന്നെയായിരുന്നുവെന്നകാര്യമാണ്.
ഇത് കാണിക്കുന്നത് എത്രത്തോളം ജാതിനിരപേക്ഷമായിരുന്നു യോഗത്തിന്റെ ആവിര്‍ഭാവകാല സംഘടനയും കാഴ്ചപ്പാടുകളുമെന്നാണ്. സവര്‍ണജാതിയില്‍ ജനിച്ച സത്യവ്രത സ്വാമിയാണ് ടി കെ മാധവനോടൊപ്പം യോഗത്തിന്റെ ആദ്യശാഖകള്‍ കെട്ടിപ്പടുത്തത്. ഇതെല്ലാം ചരിത്രമാണ്. ഗുരു തൃശൂര്‍ അദൈ്വതാശ്രമത്തിലെ ഒരു വിശ്രമവേളയിലാണ് ജാതിയില്ലാത്ത സഭയുടെ ആവശ്യകതയെക്കുറിച്ച് വാചാലനായത്. “ഏതുവിധത്തിലുള്ള ജാതിവിചാരവും തീരെ പോയവരെ മാത്രമെ ശ്രീനാരായണ ധര്‍മ്മസംഘത്തിലെടുക്കാവൂ” എന്ന് ഗുരുതന്നെ നിഷ്‌കര്‍ഷിച്ചതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.
അദൈ്വതാശ്രമത്തിന്റെ സെക്രട്ടറി സ്ഥാനവും അതിന്റെ വസ്തുവകകളുടെ മുക്ത്യാര്‍ കാര്യസ്ഥപദവിയും ഗുരു ഏല്‍പിച്ചത് സവര്‍ണസമുദായത്തില്‍ നിന്ന് വന്ന് സന്യാസം സ്വീകരിച്ച സ്വാമി സത്യവ്രതനെത്തന്നെയായിരുന്നു. എസ് എന്‍ ഡി പി ഈഴവരുടെ മാത്രം സംഘടനയാണെന്ന് ചാനല്‍ ചര്‍ച്ചകളില്‍ വിളിച്ചുപറയുന്ന തുഷാര്‍ വെള്ളാപ്പള്ളിക്കും പിതാവ് സാക്ഷാല്‍ വെള്ളാപ്പള്ളിക്കും ജാതി ചിന്ത കൊണ്ടും സ്വാര്‍ഥതകൊണ്ടും ഇതൊന്നും മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നുവെന്നതാണ് യോഗത്തിന്റെ ഇന്നത്തെ ദുര്‍ഗതി. ഇന്നത്തെ യോഗനേതൃത്വത്തിന്റെ നിലപാടുകളും ശ്രീനാരായണന്റെ ദര്‍ശനങ്ങളും കടലും കടലാടിയും തമ്മിലുള്ള വ്യത്യാസമുണ്ട്. ജാതി എന്ന സങ്കല്‍പത്തിന് മനുഷ്യജാതി എന്ന അര്‍ഥം മാത്രമാണ് താന്‍ കല്‍പിക്കുന്നതെന്ന് ഗുരു ആവര്‍ത്തിച്ചിരുന്നു. ഇന്നത്തെപോലെ ഗുരു ജീവിച്ചിരുന്ന കാലത്ത് ജാതിബോധവും ജാത്യാഭിമാനവും മൂലം ഗുരുവിനെ മനസ്സിലാക്കാന്‍ കഴിയാതെ പോയ എസ് എന്‍ ഡി പി നേതൃത്വത്തിന്റെ നിലപാടുകളില്‍ സഹികെട്ട് ഡോ. പല്‍പ്പുവിന് ശ്രീനാരായണഗുരു ഇങ്ങനെ എഴുതുകയുണ്ടായി:
ഡോക്ടര്‍ അവര്‍കള്‍ക്ക്,
യോഗത്തിന്റെ നിശ്ചയങ്ങള്‍ എല്ലാ നാം അറിയാതെ പാസാക്കുന്നതുകൊണ്ട്, യോഗത്തിന്റെ ആനുകൂല്യം ഒന്നുംതന്നെ നമ്മെ സംബന്ധിച്ച കാര്യത്തില്‍ ഇല്ലാത്തതുകൊണ്ട്, യോഗത്തിന് ജാത്യാഭിമാനം വര്‍ധിച്ചുവരുന്നതുകൊണ്ടും, മുമ്പേതന്നെ മനസ്സില്‍ നിന്ന് വിട്ടിരുന്നതുപോലെ ഇപ്പോള്‍ വാക്കില്‍ നിന്നും പ്രവൃത്തിയില്‍ നിന്നും യോഗത്തെ വിട്ടിരിക്കുന്നു.
എന്ന്
നാരായണഗുരു
(ഒപ്പ്)
1916 മെയ് 12നാണ് എസ് എന്‍ ഡി പിയെ ജാതി സംഘടനയായും പ്രമാണിമാരുടെ താത്പര്യസംരക്ഷണത്തിനുള്ള ഉപകരണമാക്കുന്നതിലും മനംനൊന്ത് ഡോ. പല്‍പ്പുവിന് ഗുരു ഈ കത്തയക്കുന്നത്. യോഗവുമായുള്ള ബന്ധവിച്ഛേദത്തെ തുടര്‍ന്നാണ് ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് ഗുരു രൂപവത്കരിച്ചത്. തന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ യോഗത്തിനാകില്ലെന്ന തിരിച്ചറിവില്‍ നിന്നാണല്ലോ ഇത്തരമൊരു തീരുമാനത്തിലേക്ക് ഗുരു എത്തുന്നത്. ഇന്നിപ്പോള്‍ ഹിന്ദു വര്‍ഗീയവാദത്തിന്റെ ആനപന്തിയിലേക്ക് യോഗത്തെ കയറ്റിക്കെട്ടാന്‍ തുഷാറും നടേശനും തിടുക്കം കാണിക്കുമ്പോള്‍ ഹിന്ദുവര്‍ഗീയതയുടെ ആപത്തിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ട് യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന സി വി കുഞ്ഞുരാമന്‍ നടത്തിയ നിരീക്ഷണം ശ്രീനാരായണീയരുടെ ശ്രദ്ധയിലേക്ക് വരേണ്ടതാണ്. 1930ല്‍ അദ്ദേഹം സഹോദരന്‍ വിശേഷാല്‍പ്രതിയില്‍ ഇങ്ങനെ എഴുതി:
“സമയം മുഴുവനും ഇങ്ങനെ ചെലവാക്കിക്കളയാന്‍ നമുക്കിടവന്നത് ഗ്രഹണം പറ്റിയ കാലത്തെ നീര്‍ക്കോലികളെ പോലെ നാമും ഗൃഹപ്പിഴസന്ധിയില്‍ ഹിന്ദുവെന്ന് പറഞ്ഞ് തല പൊക്കിപ്പിടിക്കാന്‍ തുടങ്ങിയതിനാലാണ്; ഇങ്ങനെ ചതകൊള്ളുന്നത് നാം ഹിന്ദുവായതിനാലാണ്.” യോഗത്തെ ഹിന്ദുവര്‍ഗീയവാദത്തിന്റെ വാലാക്കുന്ന ഗ്രഹണം പറ്റിയകാലത്തെ നീര്‍ക്കോലികളാണ് ഇന്നത്തെ യോഗനേതൃത്വമെന്ന് തീര്‍ത്തുപറയാം. ടി കെ മാധവനെ പോലെ എസ് എന്‍ ഡി പിയെ ബഹുജന പ്രസ്ഥാനമാക്കിമാറ്റാന്‍ ശ്രമിച്ച മഹാരഥന്മാരുടെ ദര്‍ശനങ്ങള്‍ ഈ നീര്‍ക്കോലികള്‍ക്ക് മനസ്സിലാകില്ലല്ലോ. ടി കെ മാധവന്‍ ഇങ്ങനെ എഴുതി: “എന്റെ സമുദായത്തിനു വേണ്ടി മാത്രം പ്രവര്‍ത്തിക്കണമെന്നല്ല എന്റെ ഉദ്ദേശം എന്റെ സമുദായവും സഹോദരസമുദായങ്ങളും നന്നാവാന്‍ യഥാശക്തി പ്രവര്‍ത്തിക്കണമെന്നാണ് ഞാന്‍ ഉദ്ദേശിച്ചിട്ടുള്ളത്. എന്റെ മതം ഇന്ത്യന്‍ രാഷ്ട്രീയ മതമാകുന്നു.”
എസ് എന്‍ ഡി പി യോഗത്തെ ഈഴവസംഘടന മാത്രമാക്കാനും മുസ്‌ലിം ക്രിസ്ത്യന്‍ വിരോധം വളര്‍ത്താനും ഇടതുപക്ഷ പ്രസ്ഥാനെത്ത തകര്‍ക്കാനും കച്ചകെട്ടി ഇറങ്ങിയിരിക്കുന്നവര്‍ ചരിത്രം പഠിക്കാന്‍ തയ്യാറാവണം. ടി കെ മാധവനെ തുടര്‍ന്ന് യോഗത്തിന്റെ സെക്രട്ടറിയായ സി കേശവന്‍ ഈഴവ ക്രൈസ്തവ മുസ്‌ലിം സമുദായങ്ങളെ ഒരുമിച്ചണിനിരത്തിയാണ് നിവര്‍ത്തനപ്രക്ഷോഭം നയിച്ചത്. അത് തിരുവിതാംകൂറിലെ പബ്ലിക്‌സര്‍വീസിലും നിയമസഭയിലും ന്യായമായ പ്രാതിനിധ്യം ലഭിക്കാത്തതിനെതിരായ ജനാധിപത്യ പ്രക്ഷോഭമായിരുന്നു. ടി കെ മാധവനും സി കേശവനുമെല്ലാം ജാതീയമായ അസമത്വം അവസാനിപ്പിക്കാന്‍ സ്വാതന്ത്ര്യസമരത്തിന്റെ പൊതുധാരയിലേക്ക് അവശവിഭാഗങ്ങളുടെ അവകാശ സമരങ്ങളെ ബന്ധിപ്പിക്കാനാണ് ശ്രമിച്ചത്.
അടിച്ചമര്‍ത്തപ്പെട്ടവന്റെ അവകാശ പോരാട്ടങ്ങളിലൂടെ മര്‍ദിതരെയും ചൂഷിതരെയും വിമോചിപ്പിക്കാനാകണം സമുദായ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ എന്നാണ് യോഗത്തിന്റെ ആദ്യകാല നേതാക്കളെല്ലാം ചിന്തിച്ചത്. ഇന്നത്തെ പോലെ ജാതിവോട്ടു ബാങ്കുകള്‍ നിലനിര്‍ത്തി വ്യക്തിഗത നേട്ടങ്ങള്‍ക്കുള്ള സമ്മര്‍ദശക്തിയായിട്ടല്ല അവര്‍ യോഗത്തെ കണ്ടത്. സ്വതന്ത്ര തിരുവിതാംകൂര്‍ വാദത്തെ പിന്തുണച്ച രാജാക്കന്മാരുടെയും സ്വാതന്ത്ര്യസമരപ്രസ്ഥാനത്തെ അടിച്ചമര്‍ത്തിയ കൊളോണിയല്‍ പ്രസ്ഥാനത്തിന്റെയും കൈയില്‍ കളിച്ച ആര്‍ ശങ്കറെ പോലുള്ളവരുടെ നിലപാടുകളെ വിമര്‍ശിച്ചുകൊണ്ട് സി കേശവന്‍ പറഞ്ഞത് “ഇത്തരക്കാര്‍ വാലുകുലുക്കി പക്ഷികളാണെ”ന്നാണ്. അക്കാലത്ത് സി കേശവന്‍ നടത്തിയ പ്രസംഗങ്ങള്‍ തന്നെയാണ് വെള്ളാപ്പള്ളിമാര്‍ക്കുള്ള മറുപടി.

Latest