മാംസവില്‍പ്പന നിരോധനം അടിച്ചേല്‍പ്പിക്കാനാകില്ല: സുപ്രിം കോടതി

Posted on: September 17, 2015 6:17 pm | Last updated: September 18, 2015 at 6:30 pm

supreme-court-india
ന്യൂഡല്‍ഹി: മാംസവില്‍പ്പന നിരോധനം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാനാകില്ലെന്ന് സുപ്രിം കോടതി. ജൈന മതക്കാരുടെ ഉല്‍സവത്തോടനുബന്ധിച്ച് മുംബൈയില്‍ മാംസവില്‍പന നിരോധിച്ചുകൊണ്ടുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടി റദ്ദാക്കിയ ബോംബെ ഹൈക്കോടതി വിധിയില്‍ ഇടപെടാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് ടി.എസ്. താക്കൂര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് ഇതുസംബന്ധിച്ച് ഒരു സംഘടന നല്‍കിയ ഹരജി പരിഗണിച്ചത്.

മാംസവില്‍പന നിരോധിച്ച രീതിയെ കോടതി വിമര്‍ശിച്ചു. നിരോധനം അടിച്ചേല്‍പ്പിക്കാനാകില്ല. നിരോധനത്തെ എതിര്‍ക്കുന്നവരുടെ നിലപാടും അനുഭാവപൂര്‍വം പരിഗണിക്കപ്പെടണമെന്നും കോടതി നിരീക്ഷിച്ചു.

അഹിംസയെന്നത് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യമാണെന്നും മൃഗങ്ങളോടുള്ള ഇടപെടലിന്റെ കാര്യത്തിലും ഇത് പാലിക്കേണ്ടതാണെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍, ചില ഉല്‍സവങ്ങളോട് അനുബന്ധിച്ച് മാത്രമായി മൃഗങ്ങളോടുള്ള ദയ ചുരുക്കുന്നതിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി ഈ വാദം തള്ളുകയായിരുന്നു.