ഇന്ത്യന്‍ സ്‌കൂള്‍ ബി ഒ ഡി അംഗം റെജിമോന്‍ രാജിവെച്ചു

Posted on: September 17, 2015 12:47 am | Last updated: September 17, 2015 at 12:47 am

10269419_10152694062974518_8256271874609942532_nമസ്‌കത്ത്: ഇന്ത്യന്‍ സ്‌കൂള്‍ ബി ഒ ഡിയിലെ ചില അംഗങ്ങള്‍ക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ച് ബി ഒ ഡി അംഗം റെജിമോന്‍ കുട്ടപ്പന്‍ രാജികത്ത് നല്‍കി. ഇന്നലെ ഉച്ചക്ക് ബി ഒ ഡി ചെയര്‍മാനും അംഗങ്ങള്‍ക്കും ഇമെയില്‍ വഴി താന്‍ രാജിക്കത്ത് നല്‍കിയതായും രാജിക്കാരണങ്ങളെ കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ ഇപ്പോള്‍ സാധിക്കില്ലെന്നും റെജിമോന്‍ വ്യക്തമാക്കി.
ബി ഒ ഡിയിലെ ചില അംഗങ്ങളുടെ സ്വോച്ഛാധിപത്യപരമായ സമീപനത്തെ തുടര്‍ന്ന് തങ്ങളുടെ അഭ്യര്‍ഥന മാനിച്ചാണ് റെജിമോന്റെ രാജിയെന്ന് അദ്ദേഹത്തെ പിന്തുണക്കുന്ന രക്ഷിതാക്കള്‍ വ്യക്തമാക്കി. 2014 ജനുവരിയില്‍ നടന്ന ബി ഒ ഡി തിരഞ്ഞെടുപ്പിലൂടെ മത്സരിച്ച് ജയിച്ചാണ് റെജി മോന്‍ ബി ഒ ഡി അംഗമായി തിരഞ്ഞെടുക്കപ്പെടുന്നത്.
റെജിമോന്റെ രാജിക്ക് ഒരുകൂട്ടം രക്ഷിതാക്കളുടെ പിന്തുണയുണ്ട്. സ്‌കൂളില്‍ നടന്ന 76,000 റിയാലിന്റെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഉചിതമായ തീരുമാനങ്ങളോ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള മുന്‍കരുതലുകളോ ബി ഒ ഡിയുടെ പക്ഷത്ത് നിന്നുണ്ടായിട്ടില്ലെന്നും സ്‌കൂളുകളിടെ വികസനത്തിനേക്കാളേറെ ബി ഒ ഡിയിലെ ചിലരുടെ ഇന്ത്യന്‍ രാഷ്ട്രീയ, മത, ബിസിനസ് താത്പര്യങ്ങളാണ് ബോര്‍ഡില്‍ പരിഗണിക്കപ്പെടുന്നതെന്നും ആരോപിച്ചാണ് റെജിമോന്റെ രാജിയെന്ന് രക്ഷിതാക്കള്‍ പറയുന്നു.
ബി ഒ ഡിക്കയച്ച രാജികത്തിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂളിന്റെ 76,000 റിയാല്‍ വരുന്ന തുക സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറിയാതെ വിദേശത്തേക്ക് അയക്കാന്‍ ശ്രമിച്ചുവെന്ന വാര്‍ത്ത മാസങ്ങള്‍ക്ക് മുമ്പ് സിറാജ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം, ബി ഒ ഡി വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ തന്നെ ഔദ്യോഗികമായി ക്ഷണിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് ചെയര്‍മാന്‍ വില്‍സണ്‍ ജോര്‍ജ്ജുമായി റെജിമോന്‍ കയര്‍ത്ത സംഭവത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ രാജിയെന്നത് ശ്രദ്ധേയമാണ്. ഇതുമായി ബന്ധപ്പെട്ട് ശനിയാഴ്ച ബി ഒ ഡി അടിയന്തര യോഗം വിളിച്ചുചേര്‍ത്ത സാഹചര്യവും രാജിക്ക് കാരണമായെന്ന് കരുതുന്നു.
റെജിമോന്റെ രാജി ബി ഒ ഡി സ്വീകരിക്കുന്നതോടെ വോട്ടിംഗ് നിരയില്‍ ഏറ്റവും കൂടതുല്‍ റാങ്കിംഗുള്ളയാള്‍ ബി ഒ ഡി അംഗമായി തിരഞ്ഞെടുക്കപ്പെടും. അതേസമയം, റെജിമോന്റെ രാജിവെച്ച വാര്‍ത്തയോട് ഔദ്യോഗികമായി പ്രതികരിക്കാന്‍ ബി ഒ ഡി ചെയര്‍മാന്‍ സന്നദ്ധമായിട്ടില്ല.