കോഴിക്കോട് പബ്ലിക് ലൈബ്രറിക്ക് ഇനി പുതിയ മുഖം

Posted on: September 16, 2015 9:42 am | Last updated: September 16, 2015 at 9:42 am

കോഴിക്കോട്: ഇന്ത്യയുടെ കമ്മ്യൂനിറ്റി സ്‌കില്‍ പാര്‍ക്കായ കൗശല്‍ കേന്ദ്രയുടെ സംസ്ഥാനത്തെ രണ്ടാമത്തെ കേന്ദ്രം കോഴിക്കോട് പബ്ലിക് ലൈബ്രറിയില്‍ തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍ തുറന്നു. പബ്ലിക് ലൈബ്രറിയുടെ നവീകരണത്തിന്റെ ഒന്നാം ഘട്ടമെന്ന നിലയിലാണ് ഒന്നാം നിലയില്‍ കൗശല്‍ കേന്ദ്രം ആരംഭിച്ചത്. കേരളത്തില്‍ തുടക്കം കുറിച്ച കൗശല്‍ കേന്ദ്രം രാജ്യത്താകമാനം നടപ്പാക്കാന്‍ തീരുമാനിച്ചതില്‍ അഭിമാനമുണ്ട്. തൊഴില്‍ നൈപുണികതയില്‍ രാജ്യത്തിന്റെ തലസ്ഥാനമെന്ന പദവിക്ക് കേരളം അര്‍ഹത നേടിയിരിക്കുകയാണ്.
കൗശല്‍ കേന്ദ്രയുടെ ഭാഗമായുള്ള ലാംഗ്വേജ് ലാബില്‍ ഇപ്പോള്‍ ഇംഗ്ലിഷിന് പുറമെ ഹിന്ദി,അറബിക്, ഫ്രഞ്ച്, ജര്‍മ്മന്‍ ഭാഷകളാണ് പഠിപ്പിക്കുന്നത്. അടുത്ത് തന്നെ ചൈനീസ്, സ്പാനിഷ് ഉള്‍പ്പെടെ അഭ്യസിപ്പിക്കും. കോളജ്, സ്‌കൂളുകളില്‍ നിന്ന് തിരഞ്ഞെടുത്ത വിദ്യാര്‍ഥികളെ കൗശല്‍ കേന്ദ്രയിലെത്തിച്ച് അവരെ ഇതിന്റെ ബ്രാന്റ് അംബാസിഡര്‍മാരാക്കി മാറ്റണം. അവരിലൂടെ എല്ലാവരും കൗശല്‍ കേന്ദ്രയെ കുറിച്ച് ബോധവാന്മാരാകണമെന്നും മന്ത്രി പറഞ്ഞു. കുട്ടികളിലെ അപാകതകള്‍ കണ്ടെത്തിയാകണം അവര്‍ക്ക് വഴി തുറക്കേണ്ടത്. മന്ത്രി പറഞ്ഞു. അംബര ചുംബികളായ കെട്ടിടങ്ങള്‍ക്കും മാളുകള്‍ക്കും പകരം മ്യൂസിയങ്ങളും ഗ്രന്ഥാലയങ്ങളുമാണ് ഒരു നഗരത്തിന്റെ പ്രൗഢി നിര്‍ണയിക്കുന്നതെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ എം ടി വാസുദേവന്‍ നായര്‍ അഭിപ്രായപ്പെട്ടു. പഞ്ചായത്ത് സാമൂഹ്യക്ഷേമ മന്ത്രി ഡോ എം കെ മുനീര്‍ അധ്യക്ഷത വഹിച്ചു. മേയര്‍ എം കെ പ്രേമജം, കെ എ സി ഇ മാനേജിംഗ് ഡയറക്ടര്‍ ആര്‍ രാഹുല്‍, എംപ്ലോയ്‌മെന്റ് ആന്റ് ട്രെയിനിങ്ങ് ഡയരക്ടര്‍ കെ ബിജു, കലക്ടര്‍ എന്‍ പ്രശാന്ത്, നോവലിസ്റ്റ് പി വത്സല, ടി ജനില്‍കുമാര്‍ പ്രസംഗിച്ചു.
യുവാക്കളെ അന്താരാഷ്ട്ര തൊഴില്‍ കമ്പോളത്തിനനുയോജ്യമാക്കി മത്സര സജ്ജമാക്കുന്ന കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കാണ് കൗശല്‍ കേന്ദ്ര. ഒരു കോടി രൂപ ചെലവഴിച്ചാണ് കേന്ദ്ര സ്ഥാപിച്ചത്. വിദ്യാര്‍ഥികളുടെ അഭിരുചി തിരിച്ചറിഞ്ഞ് അവക്കനുയോജ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുള്ള അസൈസ്‌മെന്റ് ആന്റ് കരിയര്‍ ഗൈഡന്‍സ് സെല്‍, ഡിജിറ്റല്‍ ലൈബ്രറി, ലാംഗ്വേജ് ലാബ്, മള്‍ട്ടി സ്‌കില്‍ റൂം എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് തൊഴില്‍ നേടുന്നതിനും കൗശല്‍ കേന്ദ്രയിലുടെ സാധ്യമാകും.