ബ്ലോക്ക് തലത്തില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

Posted on: September 16, 2015 5:35 am | Last updated: September 16, 2015 at 12:36 am

തിരുവനന്തപുരം: ത്രിതല പഞ്ചായത്തുകളിലെ അന്തിമ തിരഞ്ഞെടുപ്പ് ഫലമറിയാന്‍ പിറ്റേദിവസം വരെ കാത്തിരിക്കുന്ന പതിവ് ഇനിയില്ല. മള്‍ട്ടി പോസ്റ്റ് വോട്ടെണ്ണല്‍ യന്ത്രങ്ങള്‍ വരുന്നതോടെ ഫലപ്രഖ്യാപനവും സുഗമമാകുകയാണ്. മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും വോട്ടിംഗ് യന്ത്രവും മറ്റിടങ്ങളില്‍ ബാലറ്റും ഉപയോഗിച്ചിരുന്നതിനാല്‍ നഗരങ്ങളിലെ ഫലം മാത്രം നേരത്തെ അറിയുന്നതായിരുന്നു നിലവിലെ സ്ഥിതി. കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ അന്തിമ ഫലം വോട്ടെണ്ണിയതിന്റെ തൊട്ടടുത്ത ദിവസം രാവിലെയോടെയാണ് പൂര്‍ണമായി പ്രഖ്യാപിച്ചിരുന്നത്. ഇക്കുറി എന്തായാലും ഈ കാത്തിരിപ്പ് ഒഴിവാകും. വോട്ടെണ്ണല്‍ ദിവസത്തെ ആദ്യ മണിക്കൂറില്‍ തന്നെ ആദ്യ ഫലസൂചനകള്‍ ലഭിക്കും. ഉച്ചയോടെ ഏതാണ്ട് ചിത്രം വ്യക്തമാകും.
ബ്ലോക്ക് തലങ്ങളില്‍ ഒരു വോട്ടെണ്ണല്‍ കേന്ദ്രം എന്ന നിലയില്‍ ക്രമീകരിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശങ്ങള്‍ ഇറക്കിയിട്ടുണ്ട്. ആവശ്യമായ യാത്രാസൗകര്യം, വൈദ്യുതി, കുടിവെള്ളം, ടോയിലറ്റ് സൗകര്യം, ഇന്റര്‍നെറ്റ് വാര്‍ത്താവിനിമയ സൗകര്യം എന്നിവ ലഭ്യമായ സ്ഥലങ്ങളിലാകും വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ക്രമീകരിക്കുക.
ബ്ലോക്ക് പഞ്ചായത്ത് തലത്തിലായിരിക്കും ത്രിതല പഞ്ചായത്തുകളെ സംബന്ധിച്ച് വിതരണ/ സ്വീകരണ/വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ നിശ്ചയിക്കുക. ഒരു ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള എല്ലാ ഗ്രാമപഞ്ചായത്തുകള്‍ക്കും ഒരു സ്ഥാപനത്തില്‍ വേണം പ്രസ്തുത കേന്ദ്രങ്ങള്‍ നിശ്ചയിക്കേണ്ടത്. ഒരു ബ്ലോക്ക് പഞ്ചായത്തിനു വേണ്ടി നിശ്ചയിക്കുന്ന സ്ഥാപനത്തില്‍ ഓരോ ഗ്രാമപഞ്ചായത്തിനും ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍ സൂക്ഷിക്കുന്നതിന് ബ്ലോക്ക് തലത്തില്‍ സ്‌ട്രോംഗ് റൂമുകള്‍ ഉണ്ടായിരിക്കും. ഒരേ കെട്ടിടത്തിലെ അടുത്തടുത്തുള്ള മുറികള്‍ വേണം ഇതിലേക്ക് നിശ്ചയിക്കേണ്ടത്. ഇതിനു പുറമെ എല്ലാ പഞ്ചായത്തുകളിലേയും ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ ‘കാന്‍ഡിഡേറ്റ് സെറ്റ്’ ചെയ്യുന്നതിന് പര്യാപ്തമായ ഒന്നോ അതിലധികമോ ഹാളുകള്‍ സജ്ജീകരിക്കും.
ഓരോ ഗ്രാമപഞ്ചായത്തിലേയും 10 പോളിംഗ് സ്റ്റേഷനുകള്‍ക്ക് ഒരു കൗണ്ടര്‍ എന്ന നിലക്ക് സ്വീകരണ, വിതരണങ്ങള്‍ നിശ്ചയിക്കുന്നതിന് ആവശ്യമായ മുറികളോ ഹാളുകളോ ലഭ്യമാക്കും. ഇത്തരത്തില്‍ നിശ്ചയിക്കുന്ന സ്വീകരണ, വിതരണ കേന്ദ്രങ്ങള്‍ തന്നെയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളായും ഉപയോഗിക്കുക. കൗണ്ടിംഗിനു ബ്ലോക്ക് തലത്തില്‍ പ്രതേ്യക ഹാളുകളോ മുറികളോ ഉണ്ടായിരിക്കണം. സ്വീകരണ/വിതരണ കേന്ദ്രങ്ങളായി നിശ്ചയിച്ചിട്ടുള്ള ഹാളുകളും മുറികളും ഇതിനായി ഉപയോഗപ്പെടുത്തും. എല്ലാ കെട്ടിടങ്ങളും കഴിവതും താഴത്തെ നിലയിലായിരിക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
മുനിസിപ്പാലിറ്റി/കോര്‍പറേഷനുകളെ സംബന്ധിച്ച് ഓരോ സ്ഥാപനത്തിനും പ്രതേ്യകം സ്വീകരണ/വിതരണ/വോട്ടെണ്ണല്‍ കേന്ദ്രം നിശ്ചയിക്കാനാണ് നിര്‍ദേശം. തിരഞ്ഞെടുപ്പ് സാധനങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള സുരക്ഷിതത്വം, വാഹന പാര്‍ക്കിംഗ് സൗകര്യം തുടങ്ങിയവ കൂടി പരിഗണിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.