യു എന്‍ രക്ഷാസമിതി വികസന പ്രമേയം പൊതുസഭയില്‍ ഇന്ത്യന്‍ പ്രതീക്ഷ ഉയരുന്നു

Posted on: September 16, 2015 6:00 am | Last updated: September 16, 2015 at 12:28 am

ന്യൂഡല്‍ഹി/വാഷിംഗ്ടണ്‍: യു എന്‍ രക്ഷാസമിതി അംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് കരുത്തേകി ഇതു സംബന്ധിച്ച പ്രമേയം യു എന്‍ പൊതുസഭയില്‍. രക്ഷാസമിതി വികസനത്തിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്യാനുള്ള അടിസ്ഥാന രേഖയാകാവുന്ന പ്രമേയമാണ് കഴിഞ്ഞ ദിവസം പൊതുസഭയില്‍ പാസ്സാക്കിയത്. ചൈന റഷ്യ, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ പ്രമേയത്തെ ശക്തമായി എതിര്‍ത്തപ്പോള്‍ ഭൂരിപക്ഷം അംഗരാജ്യങ്ങളും പിന്തുണക്കുകയായിരുന്നു. ഇത്തരമൊരു പ്രമേയം കൊണ്ടുവരാന്‍ ഇന്ത്യ നിരന്തരം ആവശ്യപ്പെട്ടു വരികയായിരുന്നു.
യു എന്‍ പരിഷ്‌കരണത്തെ കുറിച്ച് ഇനി കൃത്യമായ രേഖ മുന്നില്‍ വെച്ച് സംസാരിക്കാമെന്നത് ഏറെ ആവേശകരമാണെന്ന് യു എന്നിലെ സ്ഥിരം പ്രതിനിധി അശോക് മുഖര്‍ജി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പ്രമേയം പാസ്സാകുന്നു എന്നതിനര്‍ഥം ഇന്ത്യക്ക് രക്ഷാസമിതിയില്‍ അംഗത്വം ഉടന്‍ സാധ്യമാകുമെന്നല്ല. എന്നാല്‍ വര്‍ഷങ്ങളുടെ അവ്യക്തത നീങ്ങുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രമേയത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു.
യു എന്‍ സുരക്ഷാ കൗണ്‍സില്‍ വികസനവുമായി ബന്ധപ്പെട്ട ചര്‍ച്ചക്ക് ഇതോടെ തുടക്കമാകും. ‘രക്ഷാസമിതിയില്‍ സന്തുലിതമായ പ്രാതിനിധ്യവും സമിതിയിലെ അംഗസംഖ്യ വര്‍ധിപ്പിക്കുന്ന’തും സംബന്ധിച്ചാണ് പ്രമേയം. ഇന്നലെ ആരംഭിച്ച 70ാം യു എന്‍ പൊതുസഭാ സമ്മേളനത്തില്‍ സുരക്ഷാ കൗണ്‍സില്‍ പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട അജന്‍ഡ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 23 വര്‍ഷത്തിനിടെ ആദ്യമായാണ് സുരക്ഷാ കൗണ്‍സില്‍ വികസനം അജന്‍ഡയുടെ ഭാഗമാകുന്നത്. ഇക്കാര്യം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ഇന്ത്യയടക്കം അംഗത്വം കാത്തിരിക്കുന്ന രാജ്യങ്ങളുടെ വാദഗതികള്‍ക്ക് പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷ. യു എന്‍ നീക്കം സുപ്രധാനമായ ഒന്നാണെന്നും ഇന്ത്യന്‍ ശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഈ മാസം 25ന് യു എന്നിന്റെ പ്രത്യേക സമ്മേളനത്തില്‍ നരേന്ദ്ര മോദി പ്രസംഗിക്കുമെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
പ്രമേയം വരുന്നത് തടയാനും അതിലെ ഉള്ളടക്കം മയപ്പെടുത്താനും പല അംഗ രാജ്യങ്ങളും ശ്രമിച്ചുവെന്ന് മുഖര്‍ജി വെളിപ്പെടുത്തി. ഇപ്പോഴത്തെ യു എന്‍ പൊതു സഭാ പ്രസിഡന്റ് സാം കുടേസയുടെ പ്രത്യേക താത്പര്യമാണ് പ്രമേയം കൊണ്ടുവരുന്നതിന് സഹായകരമായതെന്നും അദ്ദേഹം പറഞ്ഞു. സ്ഥിരാംഗങ്ങളായ റഷ്യയും അമേരിക്കയും ചൈനയുമാണ് പ്രധാനമായും കുടേസയെ വിമര്‍ശിക്കുന്നത്. വീറ്റോ അധികാരം കൂടുതല്‍ രാജ്യങ്ങള്‍ക്ക് നല്‍കുന്നതടക്കമുള്ള സമഗ്ര പരിഷ്‌കരണത്തിനാണ് കുടേസ വാദിക്കുന്നത്. ഇതുസംബന്ധിച്ച് അദ്ദേഹം നിലവിലെ വീറ്റോ രാജ്യങ്ങള്‍ക്ക് കത്തെഴുതിയിരുന്നു. നിലവിലുള്ള അധികാര ഘടനയില്‍ മാറ്റം വരുത്താതെ ചില രാജ്യങ്ങളെ രക്ഷാ സമിതിയില്‍ പുതുതായി ചേര്‍ക്കുന്നതിനോട് വിയോജിപ്പില്ലെന്നായിരുന്നു റഷ്യയുടെ പ്രതികരണം. വീറ്റോ അധികാരത്തില്‍ ഒരു മാറ്റത്തിനും അനുവദിക്കില്ലെന്ന് യു എസും വ്യക്തമാക്കിയിട്ടുണ്ട്. രക്ഷാസമിതി അംഗത്വത്തിനായി ശ്രമിക്കുന്നത് ഇന്ത്യ, ജപ്പാന്‍, ജര്‍മനി ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളാണ്.
ചൈനയും പാക്കിസ്ഥാനും ഇന്ത്യയുടെ അംഗത്വത്തെ എതിര്‍ക്കുകയാണ്. സുരക്ഷാ കൗണ്‍സിലില്‍ ഇപ്പോഴുള്ള അഞ്ച് സ്ഥിരാംഗങ്ങളില്‍ ചൈനയൊഴിച്ചുള്ള നാല് പേര്‍ (അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ) ഇന്ത്യയെ പിന്തുണക്കുമെന്നാണ് പ്രതീക്ഷിപ്പെടുന്നത്.