ആതുരസേവനം കച്ചവടമാക്കരുത്

Posted on: September 16, 2015 6:00 am | Last updated: September 16, 2015 at 12:24 am

SIRAJ.......ഡോക്ടര്‍മാരും ആശുപത്രി അധികൃതരും ചികിത്സക്ക് വിസമ്മതിക്കുന്നത് മൂലം രോഗികള്‍ മരിക്കുന്ന സംഭവങ്ങള്‍ അടിക്കടി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. ഒഡീഷ്യ സ്വദേശികളും ഡല്‍ഹിയില്‍ താമസക്കാരുമായ ലക്ഷ്മിചന്ദ്ര-ബാബിത റൗത് ദമ്പതികളുടെ എട്ട് വയസ്സായ മകന്‍ അവിനാശ് ചികിത്സ ലഭിക്കാതെ മരിച്ചത് കഴിഞ്ഞ വാരത്തിലാണ്. രോഗം ബാധിച്ചു അവശനായ അവിനാശിനെയുമായി ഇവര്‍ ഡല്‍ഹിയിലെ രണ്ട് സ്വകാര്യ ആശുപത്രികളെ സമീപിച്ചെങ്കിലും അധികൃതര്‍ ചികിത്സ നല്‍കാതെ മടക്കി. തുടര്‍ന്ന് രോഗം മൂര്‍ച്ഛിച്ചു മരണപ്പെട്ട ഏക മകന്റെ വേര്‍പാട് സഹിക്കാനാകാതെ ഈ ദമ്പതികള്‍ ശനിയാഴ്ച ഒരു ബഹുനില കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി.
കഴിഞ്ഞ ഓണാഘോഷത്തിടെ ഇത്തരമൊരു സംഭവം കേരളത്തില്‍ തൃശൂര്‍ ജില്ലയിലുമുണ്ടായി. കോടഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മനോജ് എന്ന യുവാവാണ് ഡോക്ടര്‍മാരുടെ മനുഷ്യത്വരഹിതമായ സമീപനം മൂലം മരിച്ചത്. ചുമയും ശ്വാസംമുട്ടലും ബാധിച്ചാണ് മനോജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓണനാളില്‍ രോഗം കലശലായി. അത്യാഹിത വിഭാഗത്തില്‍ പോലും അന്നേരം ആശുപത്രിയില്‍ ആള്‍ ഉണ്ടായിരുന്നില്ല. ഓണാഘോഷത്തിന് പുറത്തുപോയതായിരുന്നു എല്ലാവരും. രോഗിയുടെ ബന്ധുക്കള്‍ ഓണാഘോഷം നടക്കുന്ന സ്ഥലത്ത് ചെന്ന് വിവരം ധരിപ്പിച്ചെങ്കിലും ഡോക്ടര്‍മാര്‍ തിരിഞ്ഞുനോക്കിയില്ല. താമസിയാതെ രോഗി മരിച്ചു. വയനാട്ടിലെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സ ലഭിക്കാതെ ഒരു ആദിവാസി യുവതിയുടെ മൂന്ന് നവജാത ശിശുക്കള്‍ മരിച്ചത് രണ്ടാഴ്ച മുമ്പാണ്. മൂന്ന് മാസം മുമ്പ് വയനാട് പൂതാടി പഞ്ചായത്തിലെ ആദിവാസി സ്ത്രീക്ക് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ അനാസ്ഥ മൂലം ജീവന്‍ നഷ്ടമായി. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് പുല്‍പള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രാത്രി എട്ടിന് മെഡിക്കല്‍ കോളജിലൈ അത്യാഹിത വിഭാഗത്തിലെത്തിയ രോഗിയെ ഡോക്ടര്‍മാര്‍ പരിശോധിക്കാനെത്തിയത് പുലര്‍ച്ചെ മൂന്നിനായിരുന്നു. അതും ബന്ധുക്കള്‍ ബഹളം വെച്ച ശേഷവും.
മരുന്നും ചികിത്സയും കിട്ടാതെ നിരവധി പേര്‍ സമൂഹത്തില്‍ കടുത്ത പ്രയാസമനുഭവിക്കുകയോ, ജീവന്‍ നഷ്ടപ്പെടുകയോ ചെയ്യുന്നുണ്ട്. മതിയായ ചികിത്സാ സൗകര്യത്തിന്റെ അഭാവമല്ല, ഇതൊന്നും. ഗ്രാമങ്ങളില്‍ പോലും കൂണുപോലെ ആശുപത്രികള്‍ മുളച്ചുപൊന്തുന്ന ഇക്കാലത്ത് ആതുര ശുശ്രൂഷക്ക് സൗകര്യങ്ങളെമ്പാടുമുണ്ട്. ചികിത്സാ രംഗത്തത് പ്രവര്‍ത്തിക്കുന്നവരുടെ ഉത്തരവാദ ബോധമില്ലായ്മയുടെയും സാമ്പത്തിക താത്പര്യത്തിന്റെയും ഇരകളാണ് പരിചരണം ലഭിക്കാതെ കഷ്ടപ്പെടുന്ന രോഗികളില്‍ നല്ലൊരു പങ്കും. അത്യാസന്ന നിലയില്‍ രോഗിയെ ആശുപത്രിയിലെത്തിച്ചിട്ടും ചികിത്സ ലഭിക്കാതെ മരിക്കേണ്ടി വരികയാണ്. ജീവന് വേണ്ടി യാചിക്കുന്നവരെ നിര്‍ദയം കൈവെടിയുന്ന ഇത്തരക്കാര്‍ ചികിത്സാ മേഖലക്ക് തന്നെ അപമാനമാണ്. കേവലമൊരു തൊഴിലല്ല ചികിത്സ. സേവനം കൂടിയാണ്. കാരുണ്യ പ്രവര്‍ത്തനമാണ്. ഡോക്ടര്‍മാര്‍ക്കും ജോലി സമയവും അവധി ദിനങ്ങളുമൊക്കെ നിര്‍ണയിക്കപ്പെട്ടിട്ടുണ്ടെങ്കിലും, തൊഴില്‍ നിയമങ്ങളിലെ ഇത്തരം സാങ്കേതികളില്‍ പരിമിതപ്പെടുത്തേണ്ടതല്ല അവരുടെ സേവനം. തന്നെ തേടിയെത്തുന്ന രോഗിയെ ഏത് സമയത്തും സ്വീകരിക്കാനും ചകിത്സിക്കാനുമുള്ള സേവന സന്നദ്ധത അവര്‍ക്ക് അനിവാര്യമാണ്. ഒരാളുടെ ജീവിതത്തില്‍ നിര്‍ണായമാണ് രോഗബാധിതനാകുമ്പോഴുള്ള അവന്റെ ഓരോ നിമിഷവും. അന്നേരം അവന്റെ ഓരോ മിടിപ്പിലും ഉയര്‍ന്ന് കേള്‍ക്കുന്നത് ജീവന്റെ പിടപ്പാണ്. ഈ ഘട്ടത്തിലെ ഡോക്ടര്‍മാരുടെ നിസ്സഹകരണവും അശ്രദ്ധയും മൂലം നഷ്ടമാകുന്നത് വിലപ്പെട്ട ജീവനുകളാണ്. അത്യാസന്ന രോഗികളെ ശ്രദ്ധാപൂര്‍വവും ആത്മാര്‍ഥവുമായ പരിചരണത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനായാല്‍ അതാണ് ഒരു ഡോക്ടറുടെ ജീവിത്തിലെ ഏറ്റവും ധന്യമായ പ്രവര്‍ത്തനം. അതിലൂടെ ലഭിക്കുന്ന ആത്മനിര്‍വൃതിക്ക് മറ്റൊന്നും പകരമില്ല. സാമ്പത്തിക താത്പര്യം ചികിത്സക്ക് വിലങ്ങാകരുത്. വലിയ മുതല്‍മുടക്കിലാണ് സ്വകാര്യ ആശുപത്രികള്‍ സ്ഥാപിക്കുന്നത്. ഒരാള്‍ എം ബി ബി എസിന് പഠിച്ചു ബിരുദം വാങ്ങുന്നതിനും നല്ലൊരു സംഖ്യ ചിലവഴിക്കുന്നുണ്ട്. ചികിത്സയിലൂടെ അത് തിരിച്ചുപിടിക്കാന്‍ അവന് അവകാശമുണ്ടെങ്കിലും ചികിത്സ കേവലം കച്ചവടമാക്കരുത്. അനിവാര്യ ഘട്ടത്തില്‍ പാവപ്പെട്ടവരെയും പ്രതിഫലേച്ഛ കൂടാതെ ചികിത്സിക്കേണ്ടി വരും. തൊഴിലെന്നതിനപ്പുറം ആതുര ശുശ്രൂഷക്ക് ഒരു മാനുഷിക മുഖമുണ്ട്. പാവപ്പെട്ടവരായതിന്റെ പേരില്‍ ഗുരുതര രോഗം ബാധിച്ചവരോ, അത്യാസന്ന നിലയിലെത്തിയവയരോ ആയ രോഗികളെ നിഷ്‌കരുണം മടക്കിവിടുന്നത് ക്രൂരതയാണ്. ഇവര്‍ സമൂഹത്തിന് അപമാനമാണ്. ഡല്‍ഹിയിലെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ അവിനാശിന് ചികിത്സ നിഷേധിച്ചത് അവന്റെ കുടുംബത്തിന്റെ സാമ്പത്തിക സാഹചര്യം മോശമായതിനാലാണെന്നാണ് വിവരം. സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉത്തരവാദികളായ ഡോക്ടര്‍മാരെയും ആശുപത്രി അധികൃതരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും മാതൃകാപരമായ ശിക്ഷ ഉറപ്പ് വരുത്തുകയും വേണം. വിഷയത്തില്‍ മെഡിക്കല്‍ കൗണ്‍സില്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തുടങ്ങിയ സംഘടനകള്‍ക്കും ചില ഉത്തരിവാദിത്വങ്ങളുണ്ട്. ചികിത്സയില്‍ വീഴ്ച വരുത്തുകയും ഉദാസീനത പ്രകടിപ്പിക്കകയും ചെയ്യുന്നവരുടെ അംഗീകാരം റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലൂടെ ഈ രംഗം ശുദ്ധീകരിക്കാന്‍ അവര്‍ മുന്നോട്ട് വരേണ്ടതുണ്ട്.