ജീവിതച്ചെലവ്; അബുദാബി രണ്ടാം സ്ഥാനത്ത്

Posted on: September 15, 2015 9:00 pm | Last updated: September 15, 2015 at 9:31 pm

അബുദാബി: ജീവിതച്ചെലവില്‍ ഒന്നാം സ്ഥാനത്തുള്ള ലണ്ടന്‍ നഗരത്തിന് തൊട്ടുപിന്നില്‍ അബുദാബി. വാടകയിനത്തിലുണ്ടായ കുതിച്ചുകയറ്റമാണ് മറ്റു ലോകനഗരങ്ങളെ പിന്നിലാക്കി അബുദാബിയെ മുന്നിലെത്തിച്ചത്. ആറാംസ്ഥാനത്താണ് ദുബൈ നഗരം. അബുദാബി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് സേവനദാതാക്കളായ സി ബി ആര്‍ ഇയുടെ ഗ്ലോബല്‍ റിപ്പോര്‍ട്ട് പ്രകാരം, ഒരു കുടുംബത്തിന് അബുദാബിയില്‍ ജീവിക്കാന്‍ പ്രതിമാസം 2,649 യു എസ് ഡോളര്‍ ആവശ്യമാണ്. 3,245 ഡോളറാണ് ലണ്ടന്‍ നഗരത്തില്‍ വേണ്ടത്. അബുദാബി കഴിഞ്ഞാല്‍ സിംഗപ്പൂര്‍, ലോസ് ആഞ്ചല്‍സ്, ന്യൂയോര്‍ക്ക് എന്നിവയാണ് മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്.
അടിസ്ഥാനസൗകര്യ വികസനത്തില്‍ അബുദാബി അസൂയാവഹമായ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നഗരസഭയുടെ നേതൃത്വത്തില്‍ ഒരുവര്‍ഷമായി നഗരപരിഷ്‌കരണത്തില്‍ പല പരീക്ഷണങ്ങളും നടന്നുവരികയാണ്.
വാടകയിനത്തില്‍ ഒരു വര്‍ഷത്തിനുള്ളില്‍ റെക്കോഡ് വര്‍ധനയാണ് അബുദാബിയിലുണ്ടായത്. താമസക്കെട്ടിടങ്ങള്‍ക്കു പുറമെ കടകളുടെ വാടകയിനത്തിലും സാധാരണക്കാര്‍ക്ക് താങ്ങാന്‍ പാറ്റാത്ത വന്‍ വര്‍ധനയുണ്ടായി.