അനാസ്ഥ: ബേപ്പൂര്‍ പുലിമുട്ട് ബീച്ചില്‍ നശിക്കുന്നത് കോടികള്‍

Posted on: September 15, 2015 8:36 am | Last updated: September 15, 2015 at 9:40 am

ഫറോക്ക്: കേരള ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ ബേപ്പൂര്‍ പുലിമുട്ട് ബീച്ചില്‍ കോഴിക്കോട് ടി ആര്‍ പി യുടെ കീഴില്‍ കോടികള്‍ ചിലവഴിച്ച് നിര്‍മിച്ച കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും നശിക്കുന്നു. 2011 ഫെബ്രുവരിയില്‍ എല്‍ ഡി എഫ് ഗവണ്‍മെന്റിന്റെ കാലത്താണ് നിര്‍മാണം പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് തുറന്ന് കൊടുത്തത്. ഇവിടത്തെ വിശ്രമ കേന്ദ്രത്തിലെ ഇരിപ്പിടങ്ങളുടെ മേല്‍ക്കൂരകളും മെറ്റല്‍ ഫ്രെയിമുകളും പൂര്‍ണ്ണമായും തുരുമ്പെടുത്ത് നശിച്ച് നിലം പൊത്താറായിട്ടുണ്ട്. പുലിമുട്ടിന്റെ ഇരുഭാഗത്തും സ്ഥാപിച്ചിട്ടുള്ള ഇരിപ്പിടങ്ങളിലെ ഗ്രാനൈറ്റുകളും മേല്‍ക്കൂരയുടെ ഷീറ്റുകളും ഇളകി കാണാതായിട്ടുണ്ട്. ഇതിന്റെ തൊട്ടടുത്തുള്ള വിശ്രമ കേന്ദ്രം സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയിട്ടുണ്ട്. രാത്രിയായാല്‍ പ്രദേശമാകെ ഇരുട്ടിലായത് കാരണം അനാശാസ്യ പ്രവര്‍ത്തികള്‍ വര്‍ദ്ധിക്കുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇരിപ്പിടങ്ങള്‍ക്കിടയില്‍ സ്ഥാപിച്ചിരുന്ന പോസ്റ്റുകളിലെ ലൈറ്റുകള്‍ ഊരിയെടുത്ത് പൂര്‍ണമായും നശിപ്പിച്ച നിലയിലാണ്. ടൂറിസം വകുപ്പിന്റെ സൗന്ദര്യ വത്കരണ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച് ലീസിന് നല്‍കിയ കടമുറികളും മാസങ്ങളായി പൂട്ടിക്കിടന്ന് നശിക്കുകയാണ്. ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്കായി ശൗചാലയങ്ങളും ഇപ്പോളില്ല. ഉള്ളത് വൃത്തിഹീനമായ അവസ്ഥയില്‍ ഭാഗികമായാണ് പ്രവര്‍ത്തിക്കുന്നത്. ദിനേന കുട്ടികളടക്കം നൂറിലധികം ആളുകള്‍ എത്തുന്ന പ്രദേശം ഈ സ്ഥിതിയിലായതോടെ സന്ദര്‍ശകരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇവിടെയെത്തുന്ന സന്ദര്‍ശകരുടെ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഫീസ് പിരിക്കുന്ന താത്ക്കാലിക തൊഴിലാളികളൊഴിച്ചാല്‍ മറ്റ് ജോലിക്കാരെയൊന്നും ഇവിടെ നിയമിച്ചിട്ടില്ല.2011 ല്‍ നിര്‍മാണം പൂര്‍ത്തീകരിച്ചതിന് ശേഷം ഇവിടെ യാതൊരു വിധേനയുള്ള സംരക്ഷണ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടില്ല. അന്ന് ടൂറിസം വകുപ്പും അന്നത്തെ ജില്ലാ കലക്ടറും ഈ പ്രദേശത്തെ മാലിന്യ മുക്തമായി പ്രഖ്യാപിച്ചിരുന്നു തുടക്കത്തില്‍ ഇതിന്റെ മേല്‍നോട്ടം ഗ്രീന്‍ ഗാര്‍ഡുകളെ ഏല്‍പ്പിച്ചിരുന്നു. ഇത് പാടെ ഇല്ലാതായി , ഇവിടെ ഇത് വരെ ശുചീകരണത്തിനാവശ്യമായ തൊഴിലാളികളെപ്പോലും നിയമിച്ചിട്ടില്ല. ഇങ്ങനെ നശിച്ച് കൊണ്ടിരിക്കുന്ന സൗന്ദര്യ വത്കരണത്തിന്റെ ഭാഗമായുള്ള നിര്‍മാണങ്ങള്‍ നവീകരിച്ച് വീണ്ടും ഉപയോഗ യോഗ്യമാക്കാന്‍ ലക്ഷങ്ങള്‍ ചിലവ് വരും, എന്നിട്ടും അധികൃതര്‍ നിസ്സംഗത പാലിക്കുകയാണ്.