പവര്‍ കട്ടിന്റെയും ലോഡ്‌ഷെഡ്ഡിംഗിന്റെയും കാലം കഴിഞ്ഞെന്ന് മന്ത്രി ആര്യാടന്‍

Posted on: September 15, 2015 9:34 am | Last updated: September 15, 2015 at 9:34 am

ARYADANകോഴിക്കോട്: കാലവര്‍ഷത്തിന്റെ ലഭ്യതയില്‍ 40 ശതമാനം കുറവ് വന്നിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് ഇക്കൊല്ലവും വരുംവര്‍ഷങ്ങളിലും പവര്‍കട്ടോ ലോഡ്‌ഷെഡ്ഡിംഗോ ഉണ്ടാവില്ലെന്ന് ഊര്‍ജ വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ്. കക്കയത്ത് മലബാര്‍ ഹേവ്ന്‍ ബോട്ടിംഗ് സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016 വരെയും അതിനു ശേഷമുള്ള 30 വര്‍ഷത്തേക്കും സംസ്ഥാനത്തിനാവശ്യമായ 1750 മെഗാവാട്ട് അധിക വൈദ്യുതി ലഭ്യമാക്കാന്‍ പുറത്തുനിന്നുള്ള വൈദ്യുതി വിതരണക്കാരുമായി കരാര്‍ ഉണ്ടാക്കിക്കഴിഞ്ഞതിനാനാണിത്. ദീര്‍ഘകാല കരാറായതിനാല്‍ യൂനിറ്റിന് 4.17 പൈസ നിരക്കിലാണ് ഇത് ലഭ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.3700 മെഗാവാട്ട് വൈദ്യുതി വേണ്ടിടത്ത് സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളില്‍ നിന്നുള്ള 1700ഉം കേന്ദ്രവിഹിതമായ 1400ഉം ചേര്‍ത്ത് 3100 മെഗാവാട്ട് വൈദ്യുതിയാണ് നമ്മുടെ പക്കലുള്ളത്. 2017 ആകുന്നതോടെ സംസ്ഥാനത്തിന്റെ ആവശ്യം 4690 മെഗാവാട്ടായി ഉയരുമെന്നാണ് കണക്ക്. വലിയ ജലവൈദ്യുത പദ്ധതികള്‍ക്ക് പാരിസ്ഥിതികാനുമതി പ്രശ്‌നമാകുമെന്നതിനാല്‍ ചെറു പദ്ധതികളാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. കക്കയം പ്രദേശത്തു തന്നെ ഇത്തരം രണ്ട് പദ്ധതികള്‍ക്ക് സാധ്യതയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം കൂടുതല്‍ സാധ്യതകളെക്കുറിച്ച് പഠിക്കുന്നതിന് സമഗ്ര സര്‍വേ ഉടന്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.അനാവശ്യ വൈദ്യുത ഉപയോഗം നിയന്ത്രിക്കാന്‍ ഉപഭോക്താക്കള്‍ തയ്യാറാവണം. സോളാര്‍ വൈദ്യുതിയെ കൂടുതല്‍ ആശ്രയിക്കുന്ന സ്ഥിതിയുണ്ടാവണം. ഇതിനായി സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.