കാശ്മീര്‍ ബീഫ് നിരോധം: കര്‍ശനമായി നടപ്പിലാക്കുമെന്ന് സഞ്ജീവ് ബല്യാന്‍

Posted on: September 15, 2015 5:20 am | Last updated: September 15, 2015 at 12:20 am

ജമ്മു: ബീഫ് നിരോധിച്ച് ജമ്മുകാശ്മീര്‍ ഹൈക്കോടതി പുറപ്പെടുവിച്ച് ഉത്തരവ് കര്‍ശനമായി നടപ്പിലാക്കണമെന്നും ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കേന്ദ്ര കാര്‍ഷിക മന്ത്രി സഞ്ജീവ് ബല്യാന്‍. ജമ്മുവില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് കേന്ദ്ര മന്ത്രി ഇക്കാര്യം പറഞ്ഞത്.
കന്നുകാലികളെ പരസ്യമായി അറുക്കുന്നതിനെതിരെ ബി ജെ പി മൗനം പാലിക്കുന്നതെന്തെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ബി ജെ പി മൗനം പാലിക്കുകയല്ലെന്നും ഹൈക്കോടതി വിധി കര്‍ശനമായി നടപ്പാക്കുകയാണ് ചെയ്യുകയെന്നും മന്ത്രി മറുപടി പറഞ്ഞു. ബീഫ് നിരോധനം നടപ്പാക്കുന്നതില്‍ ബി ജെ പി എവിടേയും പരാജയപ്പെട്ടിട്ടില്ലെന്നും. ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിരോധനം നടപ്പിലാക്കിയത് ബി ജെ പിയാണെന്നും രാജ്യത്തൊട്ടാകെ പാര്‍ട്ടി ബീഫ് നിരോധനം നടപ്പാക്കുമെന്നും മന്ത്രി മറുപടിയായി കൂട്ടിച്ചേര്‍ത്തു.
ബീഫ് പാര്‍ട്ടി നടത്തുമെന്ന തെക്കന്‍ കാശ്മീരിലെ ബി ജെ പി നേതാവിന്റെ പ്രസ്താവന സംബന്ധിച്ച ചോദ്യത്തിന് ജമ്മു കാശ്മീര്‍ ബി ജെ പി പ്രസിഡന്റ് ഇത് സംബന്ധിച്ച് കൃത്യമായ വിവരം തങ്ങള്‍ക്ക് തന്നിട്ടുണ്ടെന്നും അവിടെ ബീഫ് പാര്‍ട്ടിയല്ല പകരം വെജിറ്റേറിയന്‍ നോണ്‍ വെജിറ്റേറിയന്‍ പാര്‍ട്ടിയാണ് നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ഭരണത്തില്‍ ബി ജെ പിയുടെ സഖ്യ കക്ഷിയായ പി ഡി പിയുടെ പ്രസിഡന്റ് മെഹ്ബൂബ മുഫ്തി ബീഫ് നിരോധനത്തിനെതിരെ പ്രസ്താവനയുമായി രംഗത്തെത്തി. ജമ്മു കാശ്മീരില്‍ ബീഫ് നിരോധിക്കാനാവില്ലെന്നും സംസ്ഥാനത്ത് സാധാരണ പോലെ അറവും ഇറച്ചി വില്‍പനയും തുടരുമെന്നും മെഹബൂബ മുഫ്തി പറഞ്ഞു.
എന്നാല്‍ ഇത് പി ഡി പി യുടെ മാത്രം നിലപാടാണെന്നും തങ്ങളുടേതല്ലെന്നും പറഞ്ഞ മന്ത്രി ഹൈക്കോടതി തീരുമാനം നടപ്പാക്കുമെന്ന കാര്യത്തില്‍ സംശയമേതുമില്ലെന്നും കൂട്ടിച്ചേര്‍ത്തു.