മാഞ്ചിക്ക് ഇരുപത്; എന്‍ ഡി എ സീറ്റ് ധാരണയായി

Posted on: September 15, 2015 6:18 am | Last updated: September 15, 2015 at 12:19 am
സീറ്റ് വിഭജനത്തിന് ശേഷം മാഞ്ചിക്ക്  അമിത് ഷാ മധുരം നല്‍കുന്നു
സീറ്റ് വിഭജനത്തിന് ശേഷം മാഞ്ചിക്ക് അമിത് ഷാ മധുരം നല്‍കുന്നു

ന്യൂഡല്‍ഹി: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ ഘടകകക്ഷികള്‍ക്കിടയില്‍ സീറ്റ് ധാരണയായി. ബി ജെ പി 160 സീറ്റില്‍ മത്സരിക്കും. മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ എച്ച് എ എം 20 സീറ്റിലും മത്സരിക്കും. ബി ജെ പി പ്രസിഡണ്ട് അമിത് ഷായുടെ സാനിദ്ധ്യത്തില്‍ എന്‍ ഡി എ ഘടകകക്ഷിനേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്.
എല്‍ ജെ പി 40 സീറ്റിലും ആര്‍ എസ് എല്‍ പി 23 സീറ്റിലും മത്സരിക്കുമെന്ന് അമിത്ഷാ ഒരു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ മൂന്നില്‍ രണ്ട് സീറ്റുകള്‍ നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
‘നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മതനിരപേക്ഷ മുന്നണി ബീഹാറിനെ അഴിമതി മുക്തമാക്കുമെന്നാണ് പറയുന്നത്. അവര്‍തന്നെയാണ് അഴിമതി നിറഞ്ഞ സംസ്ഥാനമാക്കി ബീഹാറിനെ മാറ്റിയത്. ബി ജെ പി ഭരണത്തില്‍ നിന്നും പുറത്തായശേഷമാണ് ബീഹാറില്‍ കാടന്‍ ഭരണം വന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡി ബീഹാറിന് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്.’-അമിത് ഷാ പ്രസ്താവിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എയുടെ നാല് ഘടകകക്ഷികള്‍ക്ക് വേണ്ടിയും പ്രധാനമന്ത്രി പ്രചാരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സീറ്റ് വിഭജനം എന്‍ ഡി എയില്‍ കീറാമുട്ടിയായപ്പോള്‍ ഞായറാഴ്ച മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച നടന്നിരുന്നുവെങ്കിലും തീര്‍പ്പായിരുന്നില്ല. മുന്‍ മുഖ്യമന്ത്രി മാഞ്ചി നയിക്കുന്ന എച്ച് എ എമ്മിനായിരുന്നു കടുത്ത ്അതൃപ്തി. 15 സീറ്റായിരുന്നു അവര്‍ക്ക് അനുവദിച്ചത്.
മുന്നണി വിടുമെന്ന് മാഞ്ചി ഭീഷണിയും പുറപ്പെടുവിച്ചിരുന്നു. ഞായറാഴ്ച നടന്ന മുന്നണി നേതൃയോഗത്തില്‍ മാഞ്ചിയുടെ പാര്‍ട്ടിക്ക് 20 സീറ്റ് അനുവദിക്കുകയായിരുന്നു.
243 അംഗ നിയമസഭയിലേക്ക് അഞ്ച് ഘട്ടങ്ങളായുള്ള വോട്ടെടുപ്പ് ഒക്‌ടോബര്‍ 12ന് ആരംഭിക്കും. നവംബര്‍ 5നാണ് അവസാന ഘട്ട പോളിംഗ്. നവംബര്‍ 8ന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.
എന്‍ ഡി എക്കെതിരെ മുന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നയിക്കുന്ന ജെ ഡി യു, ആര്‍ ജെ ഡി , കോണ്‍ഗ്രസ് ഉള്‍പ്പെട്ട മഹാസഖ്യമാണ് മത്സരിക്കുന്നത്. ഇന്നത്തെ നിലയില്‍ ഇരു മുന്നണികളും തുല്യശക്തരാണ്. പക്ഷെ നേരിയ മുന്‍തൂക്കം എന്‍ ഡി എക്കാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
എന്നാല്‍ മാഞ്ചിക്ക് സീറ്റ് അധികം നല്‍കിയപ്പോള്‍ അതനുസരിച്ച് തനിക്ക് സീറ്റ് വര്‍ധിപ്പിക്കാത്തതില്‍ രാം വിലാസ് പാസ്വാന്‍ അതൃപ്തി അറിയിച്ചെന്നാണ് വിവരം.