സിറിയന്‍ അഭയാര്‍ഥികളെ സന്ദര്‍ശിക്കാന്‍ ഡേവിഡ് കാമറൂണ്‍ ലബനാനിലെത്തി

Posted on: September 15, 2015 5:59 am | Last updated: September 14, 2015 at 11:59 pm

ബൈറൂത്ത്: സിറിയയില്‍നിന്നും അഭയാര്‍ഥികളായി ലബനിലെത്തിയവരെ കാണാനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഇവിടെയെത്തി. ബിക്ക വാലിയിലെ ക്യാമ്പിലെത്തിയ കാമറൂണ്‍ നിരവധി അഭയാര്‍ഥികളുമായി കൂടിക്കാഴ്ച നടത്തി. ലബനീസ് പ്രധാനമന്ത്രിയായി കൂടിക്കാഴ്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്. സിറിയയില്‍നിന്നുള്ള 10 ലക്ഷത്തിലധികം സിറിയന്‍ അഭയാര്‍ഥികളെയാണ് ലബനാന്‍ ഉള്‍ക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ മൊത്തം ജനസംഖ്യയില്‍ കാല്‍ഭാഗത്തിന് തുല്യമാണിത്. ആളോഹരി വരുമാനം വെച്ചുനോക്കുമ്പോള്‍ ലോകത്തില്‍ മറ്റേതൊരു രാജ്യവും ഉള്‍ക്കൊണ്ടതില്‍ അധികംപേരെ ലബനാന്‍ സ്വീകരിച്ചിട്ടുണ്ട്.
ഇവിടെ അഭയാര്‍ഥികളായി കഴിയുന്നവരില്‍ പലര്‍ക്കും അടിസ്ഥാന ആവശ്യങ്ങള്‍പോലും ഇല്ല. വൈദ്യുതിയോ ശുദ്ധമായ വെള്ളം പോലും പല ക്യാമ്പുകളിലും ലഭ്യമാക്കാനായിട്ടില്ല. അഭയാര്‍ഥികളുടെ ആവശ്യങ്ങളെന്തെന്ന് നേരിട്ട് മനസിലാക്കാനാണ് ലബനാന്‍ സന്ദര്‍ശനം നടത്തുന്നതെന്ന് കാമറൂണ്‍ പറഞ്ഞു. അഭയാര്‍ഥിക്യാമ്പുകളില്‍ കഴിയുന്ന 20,000 സിറിയന്‍ അഭയാര്‍ഥികളെ രാജ്യത്ത് വീണ്ടും പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി ഒരു മന്ത്രി നിയോഗിക്കുമെന്ന് ബ്രിട്ടന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.