സിവില്‍ ഡിഫന്‍സ് സാഇദുമായി സഹകരിച്ച് പരിശോധന നടത്തും

Posted on: September 14, 2015 6:42 pm | Last updated: September 14, 2015 at 6:42 pm

അബുദാബി: ട്രാഫിക് വിഭാഗമായ സാഇദുമായി സഹകരിച്ച് പരിശോധന കര്‍ശനമാക്കുവാന്‍ അബുദാബി സിവില്‍ ഡിഫന്‍സ് തീരുമാനിച്ചു.
പൊതുജനങ്ങളുടെ സുരക്ഷയും സംതൃപ്തിയും ഉറപ്പാക്കുന്നതിനും സുരക്ഷയുടെ നിലവാരമുയര്‍ത്തുന്നതിനുമാണ് പരിശോധന കര്‍ശനമാക്കുന്നത്.
ഏകീകൃത സംവിധാനം കമ്പനികള്‍, കെട്ടിടം ഉടമകള്‍ എന്നിവരെ ഏകോപിച്ചാണ് റഗുലേറ്ററി ഉപകരണങ്ങള്‍ സംയോജിത നൂതന സിസ്റ്റം നല്‍കുന്നതെന്ന് സാഇദ് ചെയര്‍മാനും അബുദാബി പോലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറലുമായ ബ്രിഗേഡിയര്‍ ഹുസൈന്‍ അഹ്മദ് അല്‍ ഹാരിതി അറിയിച്ചു.
സംയോജിത പ്രാദേശിക ടീമിന് അന്തര്‍ദേശീയ സിവില്‍ പ്രതിരോധ വിദഗ്ധരുടെ പാനല്‍ സംഘത്തിന്റെ പരിശീലനം ലഭിച്ചതായി ഹുസൈന്‍ അഹ്മദ് അല്‍ ഹാരിതി പറഞ്ഞു. ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന് ദേശീയ സ്ഥാപനങ്ങളുമായി പങ്കാളിത്തം ശക്തിപ്പെടുത്താനും കെട്ടിടങ്ങളുടെ സൗകര്യങ്ങളും സുരക്ഷയും ഉയര്‍ത്തുവാനുമാണ് ആഭ്യന്തര മന്ത്രാലയം ധാരണയിലെത്തിയതെന്ന് അബുദാബി സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ലഫ്. ജനറല്‍ കേണല്‍ മുഹമ്മദ് അബ്ദുല്‍ ജലീല്‍ അല്‍ അന്‍സാരി വ്യക്തമാക്കി. നിയമ ലംഘനങ്ങള്‍ക്ക് കര്‍ശന നടപടി സ്വീകരിക്കും. ടൈംടേബിള്‍ അനുസരിച്ച് പരിശോധന നടത്തുമെന്നും ലഫ്. ജനറല്‍ കേണല്‍ അല്‍ അന്‍സാരി പറഞ്ഞു. ആദ്യഘട്ടത്തില്‍ അബുദാബിയിലെ ദ്വീപുകളിലാണ് പരിശോധന നടത്തുക. പുതിയ സാങ്കേതികവിദ്യ സജ്ജീകരിച്ച് നടത്തുന്ന പരിശോധനയില്‍ പൂര്‍ണമായി സംയോജിത രീതിയിലാണ് പരിശോധന നടത്തുക. പുതിയ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ വൈമുഖ്യം വെടിഞ്ഞ് സമര്‍ഥരായ ചെറുപ്പക്കാരെ ആകര്‍ഷിക്കുവാന്‍ പുതിയ ആനുകൂല്യങ്ങള്‍ക്ക് പുറമെ തൊഴിലവസരവും ഒരുക്കുമെന്നും ദേശീയ സുരക്ഷയുടെ ഭാഗമായി നന്നായി ഉയര്‍ന്ന പരിശീലനം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.