ആഴക്കടലില്‍ കണ്ടെത്തിയ ആളെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി

Posted on: September 14, 2015 9:33 am | Last updated: September 14, 2015 at 9:33 am

swell waves..seaപരപ്പനങ്ങാടി: മത്സ്യബന്ധനത്തിനിടെ ബോട്ടില്‍ നിന്ന് കടലില്‍ വീണ മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തി.
ഇന്നലെ രാവിലെ 7.30 ഓടെയാണ് മത്സ്യതൊഴിലാളികള്‍ ഇയാളെ കടലില്‍ കണ്ടത്. പരപ്പനങ്ങാടി ചാപ്പപ്പടിയില്‍ നിന്നും മത്സ്യബന്ധനത്തിന് പുറപ്പെട്ട സഫ മര്‍വ നമ്പര്‍ രണ്ട് എന്ന ബോട്ടിലെ മത്സ്യതൊഴിലാളികളാണ് കടലില്‍ ഒരാള്‍ മുങ്ങിത്താഴുന്നത് കണ്ടത്. ഉടന്‍തന്നെ ഇവര്‍ ഇയാളെ രക്ഷപ്പെടുത്തി തങ്ങളുടെ ബോട്ടില്‍ കരക്കെത്തിക്കുകയായിരുന്നു. തിരുവനന്തപുരം കുളച്ചില്‍ സ്വദേശി വിജയകുമാര്‍(48) ആണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്.
വിജയകുമാര്‍ കുളച്ചിലില്‍ നിന്നും മത്സ്യതൊഴിലാളികള്‍ക്കൊപ്പം ബോട്ടില്‍ കടലില്‍ പോയതായിരുന്നു. ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ഇയാള്‍ കടലില്‍ വീഴുകയായിരുന്നു.
ഇന്നലെ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഇയാള്‍ ബോട്ടില്‍ നിന്നും വീണതെന്നാണ് പറയുന്നത്. എന്നാല്‍ ഇയാള്‍ വീണ വിവരം കൂറെ കഴിഞ്ഞാണ് ഒപ്പമുണ്ടായിരുന്നവര്‍ തിരിച്ചറിഞ്ഞതെന്നും ഉടന്‍ തന്നെ ഇവര്‍ അന്വേഷണം ആരംഭിച്ചതായും കൂടെ എത്തിയവര്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. പരപ്പനങ്ങാടി പോലീസ് സ്റ്റേഷനില്‍ ഹാജരാക്കിയ ഇയാളെ ഇയാളുടെ കൂടെയുള്ളവരെത്തി നാട്ടിലേക്ക് കൊണ്ടു പോയി.