പത്താം തരം തുല്യതാ പഠനം സഊദിയിലും

Posted on: September 14, 2015 12:44 am | Last updated: September 14, 2015 at 12:44 am

ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയില്‍ പഠനം പൂര്‍ത്തീകരിക്കാനാവാതെ ഗള്‍ഫ് നാടുകളിലെത്തിപ്പെട്ട എല്ലാ മലയാളികളെയും വിദ്യാസമ്പന്നരാക്കാന്‍ സാക്ഷരതാമിഷന്‍ തുടങ്ങി വച്ച പദ്ധതികള്‍ക്ക് നൂറുമേനി വിജയം. രണ്ട് വര്‍ഷം മുമ്പ് യു എ ഇയില്‍ തുടങ്ങിയ പത്താം തരം തുല്യാ പഠനം ലക്ഷ്യത്തിലെത്തിയ സാഹചര്യത്തിലാണ് എല്ലാ ഗള്‍ഫ് നാടുകളിലേക്കും പഠന പദ്ധതി വ്യാപിപ്പിക്കാന്‍ തീരുമാനമായത്. ഇതിന്റെ ഭാഗമായി കൂടുതല്‍ മലയാളികളുള്ള സഊദിയില്‍ അടുത്തമാസം മുതല്‍ പത്താം തരം തുല്യതാ കോഴ്‌സുകള്‍ക്ക് തുടക്കമിടും. കേരളത്തില്‍ 2006ലാണ് പത്താം തരം തുല്യതാ പരീക്ഷ തുടങ്ങിയത്. ഇത് വിജയകരമായി മാറിയതോടെയാണ് കേരളത്തിനു പുറത്തുള്ള മലയാളികളെക്കൂടി പഠന പദ്ധതിയിലുള്‍പ്പെടുത്താന്‍ തുടങ്ങിയത്. രണ്ടു വര്‍ഷം മുമ്പാണ് ഇതിന്റെ ഭാഗമായി യു എയില്‍ കോഴ്‌സ് തുടങ്ങാന്‍ ഉത്തരവായത്. ദുബൈ, അബൂദബി, ഷാര്‍ജ, ഖത്തര്‍ എന്നിവിടങ്ങളില്‍ ആദ്യഘട്ടം തുല്യാ കോഴ്‌സ് തുടങ്ങി. രജിസ്‌ട്രേഷന്‍ നടപടികള്‍ പ്രവാസി സംഘടനകളുടെ സഹായത്തോടെയാണ് തുടങ്ങിയത്.
എല്ലാ പ്രവാസി സംഘടനകളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയതോടെ പദ്ധതി വന്‍ വിജയപ്രദമാവുകയായിരുന്നു. വിവിധ ലേബര്‍ ക്യാമ്പുകളുമായും മറ്റും ബന്ധപ്പെട്ട് അറിയിപ്പു നല്‍കിയതോടെ തന്നെ കോഴ്‌സില്‍ ചേരാന്‍ നിരവധി പേരാണ് എത്തിയത്. എഴാം തരം പാസായവര്‍ക്ക് ഈ കോഴ്‌സ് മുഖേന പത്താം തരം സര്‍ട്ടിഫിക്കറ്റ് നേടാന്‍ കഴിയുമെന്നതും ഭാവിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രവാസി പുനരധിവാസ പാക്കേജില്‍ വിദ്യാഭ്യാസ യോഗ്യതകള്‍ അടിസ്ഥാനമാക്കുന്നതിനാലും തുല്യതാ പഠനത്തില്‍ തത്പരരായി കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്യാനെത്തുകയായിരുന്നു. തുല്യതാ പരീക്ഷക്ക് പി എസ് സി അംഗീകാരം ലഭിച്ചതും പ്രവാസികളെ ഈ പഠന പദ്ധതിയോടടുപ്പിക്കാന്‍ കാരണമായി. ആദ്യവര്‍ഷം 412 പേരാണ് പരീക്ഷയെഴുതിയതെങ്കില്‍ ഈ വര്‍ഷം 546 പേരാണ് കേരള സാക്ഷരതാ മിഷന്റെ മേല്‍നോട്ടത്തില്‍ യു എ ഇയിലും ഖത്തറിലുമായുള്ള 10 സെന്ററുകളില്‍ പരീക്ഷയെഴുതുന്നത്.
ഈ മാസം 19 വരെയാണ് പരീക്ഷ നടക്കുക. അടുത്ത മാസം മുതല്‍ ജിദ്ദ, ദമാം, റിയാദ് എന്നിവിടങ്ങളിലാണ് തുല്യതാ കോഴ്‌സ് നടത്താന്‍ തീരുമാനമായിട്ടുള്ളത്. കോഴ്‌സ് തുടങ്ങുന്നതിന്റെ ഭാഗമായി അടുത്ത ദിവസം സാക്ഷരതാ മിഷന്‍ അധികൃതര്‍ സഊദി സന്ദര്‍ശിക്കും. ഏറ്റവും കൂടുതല്‍ പ്രവാസി മലയാളികളുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ രണ്ടാംസ്ഥാനത്താണ് സഊദി അറേബ്യ. ഒന്നാം സ്ഥാനത്തുള്ള യുനൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ 8.83 ലക്ഷം മലയാളികളാണുള്ളത്. സഊദിയിലെ മലയാളികളുടെ എണ്ണം അഞ്ച് ലക്ഷത്തോളം വരും. നമ്മുടെ കുഗ്രാമങ്ങളിലെപ്പോലും ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തിയത് ഗള്‍ഫ് വരുമാനമാണെന്നത് അംഗീകരിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. പ്രവാസികള്‍ക്കിടയില്‍ പലര്‍ക്കും മെട്രിക്കുലേഷന്‍ നേടാന്‍ കഴിയാതിരുന്നത് ജീവിത പ്രശ്‌നങ്ങള്‍ കൊണ്ടു തന്നെയാണെന്നാണ് ചില പ്രവാസി സംഘടനകളുടെ കണക്കെടുപ്പില്‍ ചൂണ്ടിക്കാട്ടിയുള്ളത്. ഈ സാഹചര്യത്തില്‍ മെട്രിക്കുലേഷന്‍ യോഗ്യത നേടാന്‍ സാക്ഷരതാ മിഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ ഗുണം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.