മൂന്നാര്‍ സമരം തൊഴിലാളികള്‍ക്ക് നേരെ മുഖം തിരിക്കുന്നവരുടെ കണ്ണ് തുറപ്പിക്കും: സുധീരന്‍

Posted on: September 14, 2015 12:31 am | Last updated: September 14, 2015 at 12:31 am

sudheeranതിരുവനന്തപുരം: മൂന്നാറിലെ തൊഴിലാളികളുടെ സമര വിജയം തൊഴിലാളികളുടെ ജീവല്‍ പ്രശ്‌നങ്ങള്‍ക്ക് നേരെ മുഖം തിരിഞ്ഞുനില്‍ക്കുന്ന എല്ലാവരുടെയും കണ്ണുതുറപ്പിക്കാന്‍ ഇടവരുത്തുമെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍. തൊഴിലാളികളുടെ അവകാശ നിഷേധം നടത്തിവരുന്ന കമ്പനികള്‍ക്കും അതിനോട് നിസ്സംഗമമായ സമീപനം പുലര്‍ത്തുന്ന തൊഴിലാളി യൂനിയന്‍ നേതൃത്വത്തിനും മൂന്നാറിലെ തൊഴിലാളി സമരം ഒരു പാഠമാണ്. വീഴ്ച പറ്റിയ തൊഴിലാളി യൂനിയന് തെറ്റ് ബോധ്യപ്പെട്ടാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാറിലെ തൊഴിലാളി സമരം ഇന്നുതന്നെ ഒത്തുതീര്‍പ്പായതില്‍ അതിയായ സന്തോഷമുണ്ട്. തൊഴിലാളി സമരം ഒത്തുതീര്‍പ്പിലെത്തിക്കുന്നതിന് തികഞ്ഞ ആത്മാര്‍ഥതയോടെ സര്‍ക്കാറിന്റെ ഇടപെടലുകള്‍ ഏറെ അഭിനന്ദനീയമാണ്. ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ പങ്കെടുത്ത മന്ത്രിമാരെയും ക്രമസമാധാനനില ഉറപ്പുവരുത്തി ആത്മസംയമനത്തോടെ പെരുമാറിയ പോലീസിനെയും അഭിനന്ദിക്കുന്നുവെന്നും സുധീരന്‍ പറഞ്ഞു.