Connect with us

Kerala

ഡോക്ടര്‍മാരുടെ സമരം തുടരുന്നു

Published

|

Last Updated

തിരുവനന്തപുരം: കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ (കെ ജി എം ഒ എ) നേതൃത്വത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീര്‍പ്പായില്ല. വെള്ളിയാഴ്ച രാത്രി ആരോഗ്യ മന്ത്രി വി എസ് ശിവകുമാറിന്റെ അധ്യക്ഷതയില്‍ സംഘടന നേതാക്കളുമായി ഒരു മണിക്കൂറോളം ചര്‍ച്ച നടത്തിയ സാഹചര്യത്തില്‍ സമരം ഒത്തുതീരുമെന്ന സൂചനയുണ്ടായെങ്കിലും ഡോക്ടര്‍മാര്‍ ഉന്നയിച്ച വിഷയങ്ങളില്‍ തീരുമാനത്തിലെത്താന്‍ സാധിച്ചില്ല. അനൗദ്യോഗിക ചര്‍ച്ചയില്‍ സര്‍ക്കാര്‍ യാതൊരു വിട്ടു വീഴ്ചക്കും തയാറാകാത്തതിനാല്‍ സമരം ശക്തമായി മുന്നോട്ടു കൊണ്ടു പോകാനാണ് തീരുമാനമെന്ന് കെ ജി എം ഒ എ സംസ്ഥാന പ്രസിഡന്റ് എസ് പ്രമീളാദേവി അറിയിച്ചു. ഇതോടെ സെക്രട്ടേറിയറ്റിന് മുന്നില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തി വരുന്ന അനിശ്ചിതകാല നിരാഹാരസമരം നാലാം ദിവസം പിന്നിട്ടു.
സമരത്തെ തുടര്‍ന്ന് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം താളംതെറ്റിയിരിക്കുകയാണ്. ആശുപത്രികളുടെ പ്രവര്‍ത്തനത്തെയും രോഗികളെയും ഒരുവിധത്തിലും ബുദ്ധിമുട്ടിച്ചുകൊണ്ട് സമരം നടത്തില്ലെന്ന് സംഘടനാ ഭാരവാഹികള്‍ പറയുമ്പോഴും അത്യാഹിത വിഭാഗം ഉള്‍പ്പെടെ രോഗികള്‍ ദുരിതത്തിലാണ്. ശസ്ത്രക്രിയകള്‍ പലതും മുടങ്ങി. പേവാര്‍ഡ് അഡ്മിഷനുകള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്.
നൈറ്റ് ഡ്യൂട്ടി ഉത്തരവ് പിന്‍വലിക്കുക, ജില്ലാ ജനറല്‍ ആശുപത്രികള്‍ മെഡിക്കല്‍ കോളജുകള്‍ ആക്കുന്നത് അവസാനിപ്പിക്കുക, പി ജി ഡെപ്യൂട്ടേഷന്‍ പുന:സ്ഥാപിക്കുക, സ്വകാര്യ പ്രാക്ടീസ് ചട്ടങ്ങള്‍ പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കെ ജി എം ഒ എയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. എന്നാല്‍ ഇതു സംബന്ധിച്ച് അനുഭാവപൂര്‍മായ നടപടികള്‍ കൈക്കൊള്ളാമെന്ന് ചര്‍ച്ചയില്‍ ആരോഗ്യമന്ത്രി ഭാരവാഹികള്‍ക്ക് ഉറപ്പ് നല്‍കി. അതിന്റെ അടിസ്ഥാനത്തില്‍ ഡോ. എം ബീനാകുമാരി റിപ്പോര്‍ട്ട് വരുന്നതു വരെ നൈറ്റ് ഡ്യൂട്ടി ഉള്ള ഡോക്ടര്‍മാര്‍ക്ക് പകല്‍ ഡ്യൂട്ടിയില്‍ ഇളവ് നല്‍കാമെന്ന് മന്ത്രി സംഘടന നേതാക്കളെ അറിയിച്ചു. അത് ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത തരത്തില്‍ ബന്ധപ്പെട്ട ആശുപത്രി സൂപ്രണ്ടുമാരുടെ അനുമതിയോടെ ആയിരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. മറ്റ് ആവശ്യങ്ങളിന്മേലും തീരുമാനം ഉണ്ടാക്കാമെന്നും അത് ഡോ. എം ബീനാകുമാരി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൈക്കാള്ളാമെന്നും മന്ത്രി ഉറപ്പ് നല്‍കി. മന്ത്രി മുന്നോട്ടു വെച്ച അഭിപ്രായത്തെ കെ ജി എം ഒ എ പ്രതിനിധികള്‍ അംഗീകരിച്ചുവെങ്കിലും ഇക്കാര്യത്തില്‍ ആരോഗ്യസെക്രട്ടറി ഡോ. ഇളങ്കോവന്‍ വിയോജിച്ചു. ഡോക്ടമാര്‍ മുന്നോട്ടു വെച്ച ആവശ്യങ്ങള്‍ അംഗീകരിക്കേണ്ടെന്നും അനാവശ്യമായ ആവശ്യങ്ങളാണ് ഉന്നയിക്കുന്നതെന്നുമായിരുന്നു യോഗത്തില്‍ സെക്രട്ടറി കൈക്കൊണ്ടതെന്ന് കെ ജി എം ഒ എ ജനറല്‍ സെക്രട്ടറി ഡോ. ജോസഫ് ചാക്കോ പറഞ്ഞു. സെക്രട്ടറി കൈക്കൊണ്ട നിലപാടാണ് സമരത്തില്‍ ഉറച്ചു നില്‍ക്കാന്‍ കാരണമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമരത്തിന്റെ ഭാഗമായി വെള്ളിയാഴ്ച ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുത്തും പ്രതിഷേധിച്ചിരുന്നു. സൗത്ത് സോണ്‍ ജോയിന്റ് സെക്രട്ടറി ഡോ. അനൂപ്, പ്രസിഡന്‍സ് നോമിനി ഡോ. ജി എസ് വിജയകൃഷ്ണന്‍ എന്നിവരാണ് ഇപ്പോള്‍ നിരാഹാരം തുടര്‍ന്നു വരുന്നത്.