Connect with us

Kozhikode

ജലനയ പ്രഖ്യാപനത്തിലൂടെ വേറിട്ട പാതയില്‍ പെരുമണ്ണ പഞ്ചായത്ത്

Published

|

Last Updated

കോഴിക്കോട്: ജലസംരക്ഷണം വ്യക്തിയുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്വമാണ് എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രഖ്യാപിച്ച ജലനയം ശ്രദ്ദേയമാകുന്നു. കേരളത്തില്‍ ജലനയം രൂപീകരിക്കുന്ന ആദ്യ പഞ്ചായത്താണ് പെരുമണ്ണ. 2020 ഓടെ കൂടി നിലവിലുള്ള ജലസ്രോതസ്സുകള്‍ സംരക്ഷിച്ച് പഞ്ചായത്തില്‍ ജലമലിനീകരണം ഇല്ലാതാക്കുക എന്നതാണ് പദ്ധതിയുടെ പ്രഥമ ലക്ഷ്യം. 2030 ഓടെ വീടുകള്‍, ഹോട്ടലുകള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങിയ മേഖലകളിലേക്കാവശ്യമായ ജലം ലഭ്യമാക്കാനാവശ്യമായ കര്‍മ്മ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് സി ഡബ്ല്യു ആര്‍ ഡി എം റിസോഴസ് പേഴ്‌സണ്‍ പി പി വിജയകുമാര്‍ പറഞ്ഞു.
ജലസാക്ഷരതയാണ് പഞ്ചായത്ത് മുന്നില്‍ കാണുന്ന ജലസംരക്ഷണ മാര്‍ഗ്ഗം. ജലം വിനിയോഗിക്കുന്നത് സംബന്ധിച്ച ബോധവത്കരണം നടത്തും. ഇതിനോടൊപ്പം സാങ്കേതിക വിദഗ്ധര്‍, ജനപ്രതിനിധികള്‍ എന്നിവരടങ്ങുന്ന ജലസുരക്ഷാ സമിതിക്ക് രൂപം നല്‍കും. അയല്‍സഭകള്‍വഴി ജലസുരക്ഷ വളണ്ടിയര്‍മാരെ നിയമിക്കും. 3400 ലധികം സാധാരണ കിണറുകളും 230 കുഴല്‍ കിണറുകളുമാണ് പഞ്ചായത്തിലുള്ളത്. 2000 കിണറുകളില്‍ നിന്ന് മാത്രമാണ് വര്‍ഷം മുഴുവന്‍ വെള്ളം ലഭിക്കുന്നത്. ഫെബ്രുവരിയില്‍ 102 കിണറുകളിലെയും മാര്‍ച്ചില്‍ 419 കിണറുകളിലെയും ഏപ്രില്‍, മെയ് മാസങ്ങളില്‍ 1000 ത്തിലധികം കിണറുകളിലെയും ജലം വറ്റുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്. 5500 കുടുംബങ്ങള്‍ കേന്ദ്രീകരിച്ചാണ് സര്‍വ്വെ നടത്തിയത്. 2013 ലാണ് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. തുടക്കത്തില്‍ 100-150 പേരെ തിരഞ്ഞെടുത്ത് അവര്‍ക്കാണ് ക്ലാസ് നല്‍കിയത്. ജലസ്രോതസ്സുകളുടെ സ്വാഭാവികത നഷ്ടപ്പെടുത്തി ജലലഭ്യത കുറയുന്ന കാരണങ്ങള്‍ കണ്ടെത്തുന്നതിനായാണ് സര്‍വ്വെ. ഇതിനായി കിണറുകള്‍, കുളങ്ങള്‍, തോടുകള്‍, സര്‍പ്പകാവുകള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. 30 ഓളം കുടിവെള്ള പദ്ധതികളാണ് പഞ്ചായത്തിലുള്ളത്.
പദ്ധതിയുടെ ഭാഗമായി വയലുകള്‍, വരമ്പുകള്‍, നീര്‍ച്ചാലുകള്‍, തോടുകള്‍ എന്നിവ സംരംക്ഷിക്കുന്നതിനായി സമഗ്രനീര്‍ത്തട പുനരുജ്ജീവന പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. നീര്‍ച്ചാലുകള്‍ പുനഃസ്ഥാപിക്കാനും ഉള്ളവ ശാസ്ത്രീയമായി നിലനിര്‍ത്താനും തീരുമാനിച്ചു. മാമ്പുഴ-ചാലിയാര്‍ പുഴകള്‍ സംരക്ഷിക്കും. ഇതിനായി മാമ്പുഴയുടെ 50-100 മീറ്റര്‍ വരെ നീളത്തിലുള്ള കരകളില്‍ താമസിക്കുന്നവരെ ചുമതലയേല്‍പ്പിക്കും. ഇതിനായൊരു പ്രാദേശികഗ്രൂപ്പിന് രൂപം നല്‍കും. പുഴയുടെ തീരത്ത് രാമച്ചം, മുള തുടങ്ങിയവ വച്ചുപിടിപ്പിക്കും. അഞ്ച് പേരടങ്ങുന്ന റിസോഴ്‌സ് ടീമംഗങ്ങളാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഇതിന് പുറമെ ഓരോ വാര്‍ഡിലും ബോധവത്ക്കരണം നല്‍കുന്നതിനായി 18 പേരെ നിയമിച്ചു. സര്‍വ്വെ നടത്തി ലഭിച്ച വിവരങ്ങള്‍ ക്രോഡീകരിച്ചാണ് വിവരങ്ങള്‍ ശേഖരിച്ചത്. എം കെ രാഘവന്‍ എം പിയാണ് ജലനയപ്രഖ്യാപനം നടത്തിയത്.

Latest