തൃശൂര്‍ എ ടി എം കവര്‍ച്ച ഏഴുപേര്‍ അറസ്റ്റില്‍

Posted on: September 11, 2015 4:04 pm | Last updated: September 12, 2015 at 8:40 pm

trichu atmതൃശൂര്‍: നഗര മധ്യത്തിലെ എ ടി എമ്മില്‍ നിന്ന് 25 ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഏഴ് പ്രതികള്‍ അറസ്റ്റിലായി. എ ടി എമ്മില്‍ പണം നിക്ഷിപിക്കാന്‍ ബാങ്ക് കരാറിലേര്‍പ്പെട്ട് മുംബൈ ആസ്ഥാനമായുള്ള ബ്രിങ്ക്‌സ് ഇന്ത്യയുടെ ജീവനക്കാരന്‍ ചേര്‍പ്പ് നെന്‍മണിക്കര സ്വദേശി മത്തേലത്ത് വീട്ടില്‍ നിഖില്‍ രാജ്(23), ഇയാളുടെ സുഹൃത്തുക്കളായ ഊരകം കിസാന്‍ കോര്‍ണറില്‍ വിളങ്ങോട്ട് പറമ്പ് വീട്ടില്‍ രാഹുല്‍(24), ചേര്‍പ്പ് ചേനം സ്വദേശി ഇളയവരമ്പത്ത് വീട്ടില്‍ അജയകുമാര്‍(24), ചേര്‍പ്പ് പള്ളിക്ക് സമീപം ഇഞ്ചോട്ടിക്കാരന്‍ മേജോ(24), ഊരകം കിസാന്‍ കോര്‍ണറില്‍ വാരിയത്ത് പറമ്പില്‍ സജിത്ത്(30), വെങ്ങിണിശേരി പാലക്കല്‍ ശങ്കരമംഗലം അമ്പലത്തിന് സമീപം കരിയില്‍ വീട്ടില്‍ ബിനോജ്(30), വെങ്ങിണിശേരി ഗ്രീന്‍പാര്‍ക്ക് കല്ലഴി വീട്ടില്‍ സുര്‍ജിത്ത്(31) എന്നിവരാണ് അറസ്റ്റിലായത്.

കവര്‍ന്ന പണത്തില്‍ 15 ലക്ഷത്തോളം രൂപ ഇവരില്‍ നിന്ന് പോലീസ് കണ്ടെടുത്തു. കേസില്‍ ഒരാളെക്കൂടി പിടികിട്ടാനുണ്ടെന്ന് പോലീസ് കമ്മീഷണര്‍ കെ ജി സൈമണ്‍ പറഞ്ഞു. രഹസ്യകോഡ് ഉപയോഗിച്ച് എ ടി എമ്മില്‍ നിന്ന് പണം കവര്‍ന്നതാണ് പണം നിക്ഷേപിക്കുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ പോലീസിനെ പ്രേരിപ്പച്ചത്. ഇതാണ് പ്രതികളെ പെട്ടന്ന് പിടികൂടാന്‍ സഹായകരമായത്.