ലൈറ്റ് മെട്രോ ഇനിയും വൈകിപ്പിക്കരുത്

Posted on: September 11, 2015 5:14 am | Last updated: September 10, 2015 at 9:43 pm

തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ ലൈറ്റ് മൊട്രോ പദ്ധതികള്‍ക്ക് പൂര്‍ണാനുമതി നല്‍കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. പദ്ധതി ഡി എം ആര്‍ സിയെ ഏല്‍പ്പിക്കുന്നത് സംബന്ധിച്ച് മന്ത്രിസഭയിലും ഉദ്യോഗതലത്തിലും നിലനിന്നിരുന്ന ഭിന്നതയെച്ചൊല്ലി, ഇതിന്റെ നടത്തിപ്പില്‍ ഡി എം ആര്‍ സി പിന്‍വാങ്ങാനൊരുങ്ങവെയാണ് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം പദ്ധതിക്ക് അംഗീകാരം നല്‍കിയത്.
പദ്ധതിക്കെതിരെ ഉദ്യോഗ തലത്തിലും രാഷ്ട്രീയ തലത്തിലും ശക്തമായ കരുനീക്കങ്ങള്‍ നടന്നിരുന്നു. ഡി എം ആര്‍ സിയെ ചുമതലയില്‍ നിന്ന് മാറ്റി പൊതു സ്വകാര്യ പങ്കാളിത്വത്തോടെ നടപ്പാക്കണമെന്നാണ് പലരുടെയും താത്പര്യം. രണ്ട് മാസം മുമ്പ് പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കുകയും തദടിസ്ഥാനത്തില്‍ കേന്ദ്രത്തിന് കത്ത് നല്‍കുകയും ചെയ്തിരുന്നതാണ്. എന്നാല്‍ പദ്ധതിയുടെ അനിവാര്യത, മന്ത്രിസഭയുടെ അനുമതി ലഭിച്ച വിവരം, ധനസമാഹരണ മാര്‍ഗം, ആരാണ് കണ്‍സള്‍ട്ടന്റ് തുടങ്ങി കത്തിന്റെ കൂടെ നല്‍കേണ്ട സുപ്രധാന വിവരങ്ങളൊന്നുമില്ലാതെയാണ് നല്‍കിയിരുന്നത്. അത്തരമൊരു റിപ്പോര്‍ട്ടിന് കേന്ദ്രാനുമതി ലഭിക്കുകയില്ലെന്നറിഞ്ഞു കൊണ്ട് നിരുത്തരവാദമായി കത്ത് നല്‍കിയതിന് പിന്നിലെ ലക്ഷ്യം പദ്ധതി അവതാളത്തിലാക്കലാണെന്ന് വ്യക്തമാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയും തദ്ദീശ തിരഞ്ഞെടുപ്പ് ആസന്നമാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഡി എം ആര്‍ സി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തിയുള്ള പുതിയ കത്ത് കേന്ദ്രത്തിന് താമസിയാതെ നല്‍കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
തുടക്കത്തില്‍ മോണോ റെയിലായിരുന്നു രണ്ട് നഗരങ്ങളിലും വിഭാവനം ചെയ്തിരുന്നത്. ഇതിന്റെ പ്രാരംഭ നടപടികളില്‍ സംഭവിച്ച സാങ്കേതിക പ്രശ്‌നം മുലമാണ് ലൈറ്റ് മെട്രോയിലേക്ക് മാറിയത്. തിരുവനന്തപുരത്ത് ടെക്‌നോസിറ്റി മുതല്‍ കരമന വരെ 28.82 കി മീറ്റര്‍ ദൂരത്തിലും കോഴിക്കോട്ട് മെഡി. കോളജ് മുതല്‍ മീഞ്ചന്ത വരെ 13.3 കി മീറ്റര്‍ ദൂരത്തിലുമാണ് റെയില്‍ സ്ഥാപിക്കുന്നത്. പദ്ധതിക്ക് വേണ്ടിവരുന്ന തുകയില്‍ 85 ശതമാനവും ജപ്പാന്‍ ബേങ്കില്‍ നിന്ന് വായ്പ ലഭ്യമാക്കാമെന്ന് ഡി എം ആര്‍ സി ഉറപ്പ് നല്‍കിയിട്ടുണ്ട്. ബാക്കി 15 ശതമാനം മാത്രമേ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ കണ്ടെത്തേണ്ടതുള്ളു.
സംസ്ഥാനത്ത് എന്തെങ്കിലും പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍, ഭരണ, ഉദ്യോഗസ്ഥ താത്പര്യങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ മൂലം അവ അനിശ്ചിതമായി നീണ്ടുപോകുകയോ അവതാളത്തിലാകുകയോ ചെയ്യുന്ന അനുഭവമുണ്ട്. സാമ്പത്തിക താത്പര്യം, പ്രാദേശിക സങ്കുചിതത്വം, കക്ഷിരാഷ്ട്രീയത്തിന്റെ അളവ് കോല്‍ വെച്ചുള്ള വിലയിരുത്തല്‍ തുടങ്ങി പുതിയ വികസന സംരംഭങ്ങളെ പലരും വിവിധ താത്പര്യങ്ങളോടെയാണ് വിലയിരുത്തുന്നത്. അഴിമതിക്കുള്ള പഴുതുകളാണ് ഒരു വിഭാഗം പരതുന്നത്. ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്ന് ഡി എം ആര്‍ സിയെ പുറത്തുചാടിച്ചു സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കാനുള്ള ഉദ്യോഗസ്ഥ ഗൂഢാലോചനക്ക് പിന്നില്‍ മുഖ്യമായും ഇതാണെന്നാണ് പറയപ്പെടുന്നത്. പദ്ധതി വരുന്ന മേഖലയില്‍ കാര്യമായ വേരോട്ടമില്ലാത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളാകട്ടെ, അവിടെ പദ്ധതികള്‍ വരുന്നതില്‍ തങ്ങള്‍ക്കെന്ത് ഗുണമെന്ന ചിന്തയില്‍ അതിനോട് വിമുഖത പ്രകടിപ്പിക്കുകയോ ഇടങ്കോലിടുകയോ ചെയ്യാറുമുണ്ട്. പ്രദേശിക താത്പര്യം മനുഷ്യ സഹജമാണ്. എന്നാല്‍ അത് അസഹിഷ്ണുതാപരമായ രീതിയില്‍ വളരുന്നത് അനാരോഗ്യകരവും സംസ്ഥാനത്തിന്റെ പൊതുവായ വികസനത്തിന് ഹാനികരവുമാണ്. ഏത് പദ്ധതികള്‍ വരുമ്പോഴും സങ്കുചിത കാഴ്ചപ്പാടിനപ്പുറം നാടിന്റെ പൊതുവായ താത്പര്യം കണക്കിലെടുത്തായിരിക്കണം അതിനെ സമീപിക്കേണ്ടത്.
ജനസാന്ദ്രത വര്‍ധിച്ചതും ഭൂവിസ്തൃതി കുറഞ്ഞതുമായ സംസ്ഥാനമാണ് കേരളം. ഗള്‍ഫ് കുടിയേറ്റത്തോടെ സാമ്പത്തിക മേഖലയിലും ഉണര്‍വ് കൈവന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്വകാര്യ വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി പെരുകുകയും പ്രധാന നഗരങ്ങളില്‍ ഗതാഗത സ്തംഭനം വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. ഗതാഗതക്കുരുക്കില്‍ മണിക്കൂറുകളോളം അകപ്പെട്ട് നിശ്ചിത സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാന്‍ സാധിക്കാതിരിക്കുക പ്രധാന നഗരങ്ങളില്‍ സാധാരണമാണ്. കൊച്ചിയിലും തലസ്ഥാന നഗരിയിലും കോഴിക്കോട്ടും ഗതാഗതക്കുരുക്ക് അതിരൂക്ഷമാണ്. കൊച്ചിയില്‍ ഇതിന് പരിഹാരമായി മെട്രോ റെയില്‍ പ്രവര്‍ത്തനം അന്തിമ ഘട്ടത്തിലെത്തി. ഇനി തിരുവനന്തപുരത്തെയും കോഴിക്കോടിനെയും ഗതാഗതക്കുരുക്കില്‍ നിന്ന് മോചിപ്പിക്കുന്നതിന് മെട്രോ പദ്ധതികള്‍ എത്രയും വേഗത്തില്‍ പ്രവര്‍ത്തനം തുടങ്ങേണ്ടതുണ്ട്. പദ്ധതി വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് ഡി എം ആര്‍ സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ എട്ടിന നിര്‍ദേശങ്ങള്‍ സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ അന്തിമ അംഗീകരത്തിനായി കാത്തിരുന്നാല്‍ പദ്ധതി തുടങ്ങാന്‍ വര്‍ഷങ്ങളെടുക്കുമെന്നതിനാല്‍ തത്വത്തിലുള്ള അംഗീകാരം പെട്ടെന്ന് വാങ്ങി പണി തുടങ്ങുകയാണ് വേണ്ടതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അതിനുള്ള തീവ്രശ്രമമാണ് ഇനി സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് വേണ്ടത്. കണ്‍സള്‍ട്ടന്റി നിയമനം സംബന്ധിച്ച തര്‍ക്കം,പദ്ധതി അംഗീകാരത്തില്‍ വരുത്തിയ കാലതാമസം പോലെയുള്ള പ്രശ്‌നങ്ങള്‍ ഇനിയും ഉയര്‍ന്നുവരാനിടയാകരുത്.