Connect with us

Editorial

കേസന്വേഷണങ്ങളിലെ കാലവിളംബം

Published

|

Last Updated

ഭരണ മേഖലകളിലെ അഴിമതിയെക്കുറിച്ച അന്വേഷണങ്ങളില്‍ അമിത കാലതാമസം വരുന്നതായി കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ (സി വി സി)നടത്തിയ പഠനം വിലയിരുത്തുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളിലെ അഴിമതി കണ്ടെത്തി ആദ്യഘട്ട ഉപദേശം ലഭിക്കാന്‍ രണ്ട് വര്‍ഷത്തെ കാലതാമസമെടുക്കുന്നുണ്ട്. രണ്ടാംഘട്ട അന്വേഷണം പൂര്‍ത്തിയാകുമ്പോഴേക്കും പിന്നെയും ആറ് വര്‍ഷമെങ്കിലും പിന്നിടുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കിടയിലെ അച്ചടക്കവുമായി ബന്ധപ്പെട്ട് സി വി സി നിയോഗിച്ച മൂന്നംഗ സമിതി മേഖലകള്‍ തിരിച്ചു നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പ്രതിവര്‍ഷം 5000 കേസുകളെങ്കിലും ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നതായും ചൂണ്ടിക്കാട്ടുന്നു.
സാര്‍വത്രികമാണ് ഇന്ന് അഴിമതി. വില്ലേജ് ഓഫീസ് മുതല്‍ ഉന്നത ശ്രേണികളിലിരിക്കുന്ന ഉദ്യോഗസ്ഥരില്‍ വരെ ഗണ്യഭാഗവും അഴിമതിക്കാരാണ്. ബ്യൂറോക്രസിയെ മുച്ചൂടും ഗ്രസിച്ച ഈ വിപത്തിനെ സര്‍ക്കാര്‍ വേണ്ടത്ര ഗൗരവത്തോടെ കാണുന്നില്ലെന്നും അന്വേഷണങ്ങളിലെയും തുടര്‍നടപടികളിലെയും കാലതാമസമാണ് ഇതിന്റെ വ്യാപനത്തിന് കാരണമെന്നും പലരും ചൂണ്ടിക്കാട്ടിയതാണ്. അഴിമതിക്കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ വരുന്ന കാലതാമസം പലപ്പോഴും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് രക്ഷപ്പെടാനുള്ള സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. പോലീസ്, സി ബി ഐ തുടങ്ങിയ അന്വേഷണ ഏജന്‍സികളും അഴിമതിമുക്തമല്ല. പോലീസില്‍ത്തന്നെ ക്രിമിനല്‍ സ്വഭാവമുള്ളവരുണ്ട്. അഴിമതിയുടെ സാര്‍വത്രികതയും അപകടകരമായ സംസ്ഥാനത്തെ രാഷ്ട്രീയ ഉദ്യോഗസ്ഥ ക്രിമിനല്‍ കൂട്ടുകെട്ടിന്റെ കാര്യവുമൊക്കെ ഡി ജി പി സെന്‍കുമാര്‍ തന്നെ വെട്ടിത്തുറന്നു പറഞ്ഞതാണ്.
ബാഹ്യ സ്വാധീനങ്ങള്‍ക്ക് വഴങ്ങി കേസുകള്‍ അട്ടിമറിക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണങ്ങള്‍ പലപ്പോഴും അനിശ്ചിതമായി നീണ്ടുപോകുന്നത്. അഭയ കേസ്, ലാവ്‌ലിന്‍ കേസ്, സലീം രാജ് ഭൂമിതട്ടിപ്പ് തുടങ്ങി ഒട്ടേറെ കേസുകളില്‍ ഇത് പ്രകടമായതാണ്. സമ്മര്‍ദങ്ങള്‍ക്കതീതരായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി കൂച്ചുവിലങ്ങിടുകയും ചെയ്യും. കൊച്ചിയിലെ കൊക്കൈന്‍ കേസ് അന്വേഷിച്ച നിഷാന്തിനി ഐ പി എസിനെ പൊടുന്നനെ തൃശൂര്‍ കമ്മീഷണറായി നിയമിച്ചത് അന്വേഷണം ശരിയായ ദിശയിലൂടെ മുന്നേറിയപ്പോഴായിരുന്നല്ലോ. ബാഹ്യസമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതെ നിഷ്പക്ഷമായി പ്രവര്‍ത്തിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് സ്വാതന്ത്ര്യം നല്‍കുകയാണ് ഇതിന് പരിഹാരം. പോലീസ് പ്രവര്‍ത്തനങ്ങളെക്കുറിച്ചു സമഗ്രമായി വിലയിരുത്താനും കാര്യക്ഷമമാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുമായി കേന്ദ്രം നിയോഗിച്ച കമ്മീഷന്‍ കേസന്വേഷങ്ങളില്‍ സ്വാതന്ത്ര്യം ഉറപ്പ് വരുത്തത്തക്ക വിധത്തില്‍ പോലീസ് നിലപാടുകള്‍ രൂപപ്പെടുത്തി നടപ്പാക്കുന്നതിന് സെക്യൂരിറ്റി കമ്മീഷനെ നിയമിക്കണമെന്ന് ശിപാര്‍ശ ചെയ്തിരുന്നു. ഡി ജി പി നിയമനം യു പി എസിക്ക് കൈമാറുക, ജില്ലകള്‍ തോറും പോലീസ് പരാതി പരിഹാര കേന്ദ്രങ്ങള്‍ സ്ഥാപിക്കുക, പോലീസ് സ്ഥലംമാറ്റത്തില്‍ നിഷ്പക്ഷത പുലര്‍ത്തുക തുടങ്ങിയ നിര്‍ദേശങ്ങളും മുന്നോട്ട് വെച്ചു. രാജ്യത്ത് നടക്കുന്ന പോലീസ് അറസ്റ്റുകളില്‍ 60 ശതമാനവും നിയമവിരുദ്ധമോ ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയോ അഴിമതിക്കുള്ള സ്രോതസ്സോ ആണെന്നും കമ്മീഷന്‍ കണ്ടെത്തി. പല സംസ്ഥാനങ്ങളും കമ്മീഷന്റെ മേല്‍ നിര്‍ദേശങ്ങള്‍ നടപ്പില്‍ വരുത്തിയിട്ടില്ല. നടപ്പാക്കിയവര്‍ തന്നെ വ്യവസ്ഥകളില്‍ വെള്ളം ചേര്‍ക്കുകയുമുണ്ടായി.
പൊതുസമൂഹത്തോട് ഏറെ ഉത്തരവാദിത്വമുള്ളവരാണ് ഉദ്യോഗസ്ഥര്‍. ഭരണത്തിന് നേതൃത്വം നല്‍കുന്നത് മന്ത്രിമാരാണെങ്കലും അതിന് ചുക്കാന്‍ പിടിക്കുന്നത് ഉദ്യോഗസ്ഥരാണ്. ഭരണ തലത്തില്‍ ജനങ്ങളുമായി നേരിട്ടു ബന്ധപ്പെടുന്നവര്‍ അവരാണ്. എന്നാല്‍ പല തലങ്ങളിലും ഉദ്യോഗസ്ഥ സംവിധാനം ഇന്ന് സാധാരണക്കാരന് അപ്രാപ്യമാണ്. സ്വാധീനത്തിലൂടെയോ കൈക്കുലിയിലൂടെയോ മാത്രമേ കാര്യങ്ങള്‍ നേടിയെടുക്കാനാകൂ എന്ന സ്ഥിതിവിശേഷമാണ് ഈ മേഖലകളില്‍ പൊതുവെ അനുഭവപ്പെടുന്നത്. കോടതികളെ സമീപിക്കുന്നതിനേക്കാളും പ്രയാസമാണ് ഉദ്യോഗസ്ഥ സംവിധാനത്തെ സമീപിക്കാന്‍, എന്ന നിയമസഭാ ശതോത്തര വാര്‍ഷികത്തോടനുബന്ധിച്ചു 2013 സെപ്തംബറല്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ശില്‍പശാലയില്‍ മുന്‍സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ പരാമര്‍ശം ഇവിടെ ശ്രദ്ധേയമാണ്. ഉദ്യോഗസ്ഥ മേഖലയെ ബാധിച്ച അഴിമതിയിലേക്കാണ് അദ്ദേഹം വിരല്‍ ചൂണ്ടിയത്. അന്വേഷണങ്ങളില്‍ സംഭവിക്കുന്ന കാലതാമസവും അട്ടിമറിയും കാരണം ആരോപണവിധേയരാകുന്ന ഉദ്യോഗസ്ഥര്‍ നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടുന്നതാണ് അഴിമതിയുടെയും കൃത്യവിലോപത്തിന്റെയും വ്യാപനത്തിന് കാരണമെന്ന് കേന്ദ്ര വിജിലന്‍സ് കമ്മീഷനരുടെ പഠന റിപ്പോര്‍ട്ട് അടിവരയിടുന്നു. സി ബി ഐ, വിജിലന്‍സ് ഏജന്‍സികളെ സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ നിന്ന് മോചിപ്പിക്കുകുയും കാര്യക്ഷമമാക്കുകയും ചെയ്യണമെന്ന് സുപ്രീം കോടതിയും ഹൈക്കോടതികളും അടിക്കടി ഉണര്‍ത്തുന്നതിന്റെ സാഹചര്യവുമിതാണ്.